ആക്ഷേപകരമായ ഉള്ളടക്കം; പാകിസ്താന്റെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ ജോയ് ലാന്‍ഡിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

ഇസ്ലാമാബാദ്: ആക്ഷേപകരമായ ഉള്ളടക്കമുള്ള സിനിമ ആയതിനാല്‍ പാകിസ്താന്റെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. സെയിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാന്‍ഡിനെതിരെയാണ് സര്‍ക്കാര്‍ നടപടി.

കുടുംബപാരമ്ബര്യം തുടരാനായി ഒരു ആണ്‍ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പിന്നീട് ട്രാന്‍സ് യുവതിയും ഒരു യുവാവും തമ്മിലുള്ള പ്രണയത്തിലേക്ക് കഥാഗതി മാറുന്നു. കാന്‍ ചലച്ചിത്രമേളയില്‍ ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രത്തിന് അണ്‍ സെര്‍ട്ടന്‍ റിഗാര്‍ഡ് ജൂറി പ്രൈസും ക്വീര്‍ പാം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. എന്നാല്‍, ഈ സിനിമ പക്ഷേ ഇസ്ലാമികവിരുദ്ധമാണെന്നാണ് പാകിസ്താനിലെ മതമൗലികവാദികള്‍ ആരോപിക്കുന്നത്.പാകിസ്താന്‍ ഒരു ഇസ്ലാമിക രാജ്യമാണ്, അതിനെതിരെ ഒരു നിയമവും പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവും അനുവദിക്കാനാവില്ലെന്നാണ് പാകിസ്താനിലെ ജമാഅത്തെ ഇസ്ലാമിയുടെ സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, സിനിമയ്ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ഓസ്‌കര്‍ നോമിനേഷനില്‍ തടസ്സമുണ്ടാകുമെന്നാണ് വിവരം.