‘നിഷിദ്ധോ’ തിയേറ്ററുകളില്‍

കേരളം സര്‍ക്കാര്‍ രുപീകരിച്ച വനിതാ സിനിമാ പദ്ധതിയിലെ ആദ്യഘട്ടത്തിലെ രണ്ടു ചിത്രങ്ങളിലൊന്നായ ചിത്രം ‘നിഷിദ്ധോ’ തിയേറ്ററുകളില്‍ എത്തി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ചതാണ് താരാ രാമാനുജന്‍ സംവിധാനം ചെയ്ത ഈ ചിത്രം. ഐ.എഫ്.എഫ്.കെ ഉള്‍പ്പെടെയുള്ള വിവിധ ചലച്ചിത്രോത്സവ വേദികളില്‍ പ്രേക്ഷക ശ്രദ്ധ നേടുകയും അന്താരാഷ്ട്ര തലത്തില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത ചിത്രത്തില്‍ കനി കുസൃതി, തന്‍മയ് ധനാനിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സ്ത്രീകള്‍ ചലച്ചിത്ര രംഗത്തേക്ക് കൂടുതല്‍ കടന്നു വരാനായി സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ എസ് എഫ് ഡി സി ) മുഖേന നടത്തുന്ന പദ്ധതിയാണ് ‘ഫിലിംസ് ഡയറക്റ്റഡ് ബൈ വുമണ്‍’. ഇതിനായി കെ എസ്എഫ് ഡി സി സ്ത്രീ ചലച്ചിത്രപ്രവര്‍ത്തകരില്‍ നിന്ന് തിരക്കഥകള്‍ ക്ഷണിക്കുകയും അതില്‍നിന്ന് അര്‍ഹമായ, സാമൂഹിക പ്രസക്തിയുള്ള തിരക്കഥകള്‍ തിരഞ്ഞെടുത്തത് അവര്‍ക്ക് വേണ്ട സാമ്ബത്തിക സഹായം നല്‍കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു പദ്ധതിയുടെ അവസരം മനസിലാക്കി അതിനായി അപേക്ഷിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച ബഡ്ജറ്റിനുള്ളില്‍ നിന്ന് നിര്‍മിച്ച ചിത്രമാണ് താര രാമാനുജന്‍ സംവിധാനം ചെയ്ത ‘നിഷിദ്ധോ.’ ചിത്രത്തിന്റെ സാമൂഹിക പ്രസക്തി കണക്കിലെടുത്ത് വിനോദ നികുതിയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കുടിയേറിയ രണ്ട് പേരുടെ ജീവിതമാണ് ‘നിഷിദ്ധോ’ പ്രമേയമാക്കുന്നത്. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നിഷിദ്ധോയിലൂടെ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ.ആര്‍.മോഹനന്‍ പുരസ്‌കാരം താര രാമാനുജന്‍ നേടിയിരുന്നു.