റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്വഹിച്ച കാന്താര സെപ്റ്റംബര് 30നായിരുന്നു പുറത്തിറങ്ങിയത്. കന്നഡയില് മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. തുടര് പരാജയങ്ങള് നേരിടുന്ന ബോളിവുഡില് ചെറുതല്ലാത്ത തരംഗം തന്നെ കാന്താര കാഴ്ചവച്ചു. ആരവങ്ങളും അവകാശവാദങ്ങളും ഇല്ലാതെ റിലീസ് ചെയ്ത കാന്താര ബോക്സ് ഓഫീസില് ഓരോ ദിനവും തരംഗം തീര്ക്കുകയാണ്. ഇപ്പോഴിതാ കാന്താരയുടെ ഹിന്ദി പതിപ്പ് നേടിയ കളക്ഷന് റിപ്പോര്ട്ടുകളാണ് പുറത്തുവരുന്നത്.
നാലാമത്തെ ആഴ്ചയിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളി 2.10 കോടി, ശനി 4.15 കോടി, ഞായര് 4.50 കോടി, തിങ്കള് 2 കോടി, ചൊവ്വ 2.60 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ ആഴ്ചയിലെ കളക്ഷന്. ആകെ മൊത്തം ഹിന്ദി ബോക്സ് ഓഫീസില് 67 കോടി ചിത്രം പിന്നിട്ടു കഴിഞ്ഞതായി ട്രെഡ് അനലിസ്റ്റ് തരണ് ആദര്ശ് ട്വീറ്റ് ചെയ്യുന്നു. ഈ നിലയിലാണ് ചിത്രത്തിന്റെ പ്രകടനമെങ്കില് ഉടന് തന്നെ ബോളിവുഡില് കാന്താര 100 കോടി ക്ലബ്ബില് ഇടം നേടുമെന്നാണ് വിലയിരുത്തലുകള്.
അതേസമയം, കാന്താരയുടെ ഒടിടി റിലീസ് ഉടന് ഉണ്ടാകുമെന്നാണ് അണിയറ പ്രവര്ത്തകര് അറിയിച്ചിരിക്കുന്നത്.

