Entertainment (Page 91)

ലോസ് ആഞ്ചല്‍സ്: 95-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇരട്ടി മധുരവുമായി ഇന്ത്യ. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ ആര്‍ആര്‍ആര്‍-ലെ നാട്ടു നാട്ടു എന്ന ഗാനം നേടി. ഓരോ ഭാരതീയന്റെയും അഭിമാന നിമിഷം ആയി അത് മാറിയിരിക്കുകയാണ്. ഈ സമ്മാനം നേടുന്ന ഒരു ഇന്ത്യന്‍ സിനിമയിലെ ആദ്യ ഗാനമായി ഇത് മാറി.

ഒരു ഏഷ്യന്‍ സിനിമയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യ ഗാനം, ഓസ്‌കാര്‍ നേടുന്ന നാലാമത്തെ ഇംഗ്ലീഷ് ഇതര ഗാനം, ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ആദ്യ ഓസ്‌കാര്‍ പുരസ്‌കാരം എന്നീ നേട്ടങ്ങള്‍ ഈ ഗാനം ഇപ്പോള്‍ സ്വന്തമാക്കി.

ചന്ദ്രബോസിന്റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്ബടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5:30-നാണ് ഓസ്‌കര്‍ പ്രഖ്യാപനം. ആര്‍ആര്‍ആറിന്റെ പവര്‍ പാക്ക്ഡ് ഗാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിലാണ് ഇത്തവണ ഇന്ത്യയുടെ പ്രതീക്ഷ. ഇപ്പോഴിതാ പാട്ടിന് ഓസ്‌കര്‍ ലഭിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്ന് സംഗീത സംവിധായകനും മുന്‍ ഓസ്‌കര്‍ ജേതാവുമായ എ ആര്‍ റഹ്മാന്‍. അക്കാദമി അവാര്‍ഡ് ഇന്ത്യയെ ആഗോള തലത്തില്‍ ഉയര്‍ത്തുമെന്നും റഹ്മാന്‍ പറയുന്നു.

‘നാട്ടു നാട്ടു ഓസ്‌കാര്‍ നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഗ്രാമി നേടണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു, കാരണം നമുക്കാര്‍ക്ക് ലഭിക്കുന്ന ഏത് പുരസ്‌കാരവും ഇന്ത്യയെ ആഗോള തലത്തില്‍ ഉയര്‍ത്താന്‍ കഴിയുന്നതാണ്. പുരസ്‌കാരം നേടിയാല്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റു പാട്ടുകളും മറ്റിടങ്ങളില്‍ ശ്രദ്ധിക്കപ്പെടും- എ.ആര്‍ റഹ്മാന്‍ പറഞ്ഞു.

‘ഒറിജിനല്‍ സോങ്’ വിഭാഗത്തിലാണ് ആര്‍ആര്‍ആറിലെ ഗാനം ഇടം നേടിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ഗാനം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്. ചന്ദ്രബോസ് എഴുതിയ വരികള്‍ക്ക് എം എം കീരവാണിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുടെയും മനോഹരമായ ശബ്ദമാണ് പാട്ടിന് അത്രയും എനര്‍ജി നിറക്കുന്നത്.

നടന്‍ നിവിന്‍ പോളിയുടെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി തുറമുഖം സിനിമാ നിര്‍മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്. ചിത്രത്തിന്റെ റിലീസ് വൈകിയതില്‍ കഴിഞ്ഞ ദിവസം റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റില്‍ നിവിന്‍ പോളി തുറന്നടിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ഇത്രയും നീണ്ടത് നിര്‍മാതാവിന്റെ പ്രശ്നമാണെന്നും കോടികളുടെ ബാധ്യത തന്റെ തലയിലിടാന്‍ ശ്രമിച്ചതായും നിവിന്‍ പറഞ്ഞിരുന്നു.

എന്നാല്‍, സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപ്പെടലിന്റെയും അങ്ങേയറ്റം വേദന കഴിഞ്ഞ നാലു വര്‍ഷത്തിനാണ് ഇന്നത്തോടെ അവസാനമാകുന്നതെന്ന് സുകുമാര്‍ തെക്കേപ്പാട്ട് പറഞ്ഞു. പല പ്രാവശ്യം സിനിമ റിലീസിന് തയാറെടുത്തെങ്കിലും നടപടിയായില്ല. ഇതില്‍ സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ ഉണ്ടായിരുന്നു. അവര്‍ അതിന് അപ്പോഴെല്ലാം ബോധപൂര്‍വം തടസ്സം നിന്നെന്നും താന്‍ ആര്‍ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോള്‍ ആരുടെയും പേരെടുത്ത് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുകുമാര്‍ തെക്കേപ്പാട്ടിന്റെ വാക്കുകള്‍:

തുറമുഖം സിനിമ നിങ്ങള്‍ക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങള്‍ക്ക് മുന്‍പിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. എല്ലാവരും തിയറ്ററില്‍ത്തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടന്‍ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് ‘തുറമുഖം’ എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപ്പെടലിന്റെയും അങ്ങേയറ്റം വേദന കഴിഞ്ഞ നാലു വര്‍ഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതില്‍ സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ ഉണ്ടായിരുന്നു എന്നും അവര്‍ അതിന് അപ്പോഴെല്ലാം ബോധപൂര്‍വം തടസ്സം നിന്നെന്നും തന്നെ പറയേണ്ടിവരും. ഞാന്‍ ആര്‍ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോള്‍ ആരുടെയും പേരെടുത്ത് പറയുന്നില്ല.

ഓരോ ഘട്ടത്തിലും ട്രെയിലറിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും താഴെ, തനിക്കു സിനിമ നിര്‍മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കില്‍ ഈ പണി നിര്‍ത്തി പോടാ എന്ന് പല തരം ഭാഷകളില്‍ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ. എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസില്‍ കിടന്നുറങ്ങാന്‍ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാന്‍ പോലും പൈസയില്ലാതെ പഴയൊരു സ്പ്ലെന്‍ഡര്‍ ബൈക്കുമായി സിനിമയുടെ എക്‌സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയില്‍ ഞാന്‍ പരമാവധി ആളുകളെ സഹായിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികള്‍ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാന്‍ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോള്‍ പലര്‍ക്കും കൊടുക്കാനുള്ള പൈസ കൊടുക്കാന്‍ ആകാത്ത സാഹചര്യത്തില്‍ ചില ചെറിയ കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കല്‍ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്.

വേദനയുടെ വല്ലാത്ത തീച്ചൂളയില്‍ നിന്ന് കാലും കയ്യും വെന്തുരുകുമ്‌ബോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേര്‍ത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത് പറയുന്നില്ല. അവരോട് നന്ദി പറയാന്‍ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും.

സിനിമയില്‍ത്തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ.

തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി

സുകുമാര്‍ തെക്കേപ്പാട്ട്

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി നിവാസികള്‍ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ടാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നടന്‍ ഉണ്ണി മുകുന്ദനും മുന്‍കരുതല്‍ നിര്‍ദ്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ മഞ്ജു വാര്യര്‍ രമേശ് പിഷാരടി വിനയ് ഫോര്‍ട്ട്, ഗായകനും സംഗീത സംവിധായകനുമായ ബിജിബാല്‍ തുടങ്ങിയവരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് പറയുകയാണ് നടി മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം. ‘തീയണയ്ക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2007-ല്‍ ബംഗളൂരുവില്‍ ഒരുമിച്ചു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും ഓജോ ബോര്‍ഡ് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും കാണികളില്‍ ചിരി ഉണര്‍ത്തുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രമായ രോമാഞ്ചത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു.

ഫെബ്രുവരി മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം ചിരി പടര്‍ത്തി ഒരു മാസം തിയേറ്ററുകളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 62 കോടി ചിത്രം നേടിയതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് 38 കോടിയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 21.15 കോടി രൂപയും നേടിയതായാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഇതോടെ മലയാള ചലച്ചിത്ര ചരിത്രത്തില്‍ മികച്ച സാമ്ബത്തിക വിജയം നേടുന്ന ചിത്രങ്ങളിലൊന്നായി രോമാഞ്ചം മാറി. നേരത്തെ 23 ദിവസങ്ങള്‍ കൊണ്ട് 50 കോടി ക്‌ളബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു.

തൊണ്ണൂറ്റി അഞ്ചാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ ഞായറാഴ്ച പ്രഖ്യാപിക്കും. 23 വിഭാഗങ്ങളിലും ഒന്നിനൊന്ന് മികച്ച നോമിനേഷനുകളാണ് ഉള്ളത്. മികച്ച സംവിധായകനുള്ള ഒന്‍പതാമത്തെ ഓസ്‌കര്‍ നോമിനേഷനാണ് സ്പീല്‍ ബര്‍ഗിന്റേത്. ആത്മകഥാംശമുള്ള the fablemans എന്ന ചിത്രത്തിനാണ് നോമിനേഷന്‍. മികച്ച തിരക്കഥ, മികച്ച നടി ഉള്‍പ്പെടെ 7 നാമനിര്‍ദേശങ്ങള്‍ the fablemans ന് ലഭിച്ചിട്ടുണ്ട്.

ഇത്തവണ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത് everything everywhere, all at once എന്ന സിനിമയ്ക്കാണ്. 11 നാമനിര്‍ദേശങ്ങളാണ് ഈ അമേരിക്കന്‍ ഹാസ്യ സയന്‍സ് ഫിക്ഷന്‍ ചിത്രം കരസ്ഥമാക്കിയത്. വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ എല്‍വിസ് പ്രിസ്ലിയുടെ ജീവിതകഥ പറയുന്ന elvis എന്ന ചിത്രത്തിന് 8 നോമിനേഷനുകള്‍ ലഭിച്ചു. സിനിമയില്‍ എല്‍വിസ് ആയി പകര്‍ന്നാടിയ മുപ്പത്തിയൊന്നുകാരന്‍ ഓസ്റ്റിന്‍ ബട്‌ലര്‍ മികച്ച നടനുള്ള ഓസ്‌കര്‍ നേടുമെന്ന് ഭൂരിഭാഗം നിരൂപകരും പ്രവചിക്കുന്നു. the whale എന്ന ചിത്രത്തിലൂടെ ബ്രണ്ടന്‍ ഫ്രേസറും the banshees of insherin എന്ന ചിത്രത്തിലൂടെ കോളിന്‍ ഫാരലും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുണ്ട്. കെയ്റ്റ് ബ്ലാന്‍ഷെറ്റ്, മിഷേല്‍ വില്യംസ്, മിഷേല്‍ യോ എന്നിവര്‍ മികച്ച നടിക്കുള്ള വിഭാഗത്തിലെ ഫേവറിറ്റുകളാണ്. avatar the way of water, the fablemans, elvis, everything everywhere all at once, the banshees of insherin എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരവിഭാഗത്തിലുണ്ട്.

അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായി RRR ലെ നാട്ടുനാട്ടു ഗാനം മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. തിയേറ്ററിലെ പുരസ്‌കാര ചടങ്ങില്‍ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് തങ്ങളുടെ സൂപ്പര്‍ ഗാനം വേദിയില്‍ അവതരിപ്പിക്കും. ഷൗനക് സെന്‍ സംവിധാനം ചെയ്ത All that breaths, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ The elephant whisperes എന്നീ ഡോക്യുമെന്ററികളാണ് ഇന്തയുടെ മറ്റ് പ്രതീക്ഷകള്‍.

മുംബൈ: പഠാന്‍ സിനിമയുടെ വിജയത്തിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഷാരൂഖ് ഖാന്‍.

‘ഇത് ബിസിനസ് അല്ല. തികച്ചും വ്യക്തിപരമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ ജോലിയാണ്. ഞങ്ങളത് വ്യക്തിപരമായി എടുത്തില്ലെങ്കില്‍ ഒരിക്കലും വിജയിക്കില്ല. പഠാനെ സ്‌നേഹിച്ചവര്‍ക്കും സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി. കഠിനാധ്വാനത്തിനും വിശ്വാസത്തിനും ഇന്നും വിലയുണ്ടെന്ന് തെളിഞ്ഞു. ജയ് ഹിന്ദ്’- ഷാരൂഖ് ട്വീറ്റ് ചെയ്തു. സിനിമയെ കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് പ്രേക്ഷകരെ നന്ദി അറിയിച്ചു- ‘പഠാന്‍ ആഗോളതലത്തില്‍ ആളുകളെ രസിപ്പിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, നന്ദിയുണ്ട്. ആഗോളതലത്തില്‍ 1000 കോടിയിലധികം സിനിമ ഇതിനകം സിനിമ നേടി. ഹിന്ദി പതിപ്പ് 500 കോടി കടന്നതും ചരിത്രമാണ്. ആളുകള്‍ പഠാനോട് കാണിച്ച ഈ സ്‌നേഹത്തിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹിന്ദി സിനിമയാണ്. ഇന്ത്യയില്‍ ചിത്രം ഇതുവരെ 536.77 കോടി രൂപ നേടി. കളക്ഷനില്‍ ബാഹുബലി 2 ഹിന്ദി പതിപ്പിന്റെ റെക്കോര്‍ഡാണ് പഠാന്‍ മറികടന്നത്. റിലീസിന് മുന്‍പ് സംഘപരിവാര്‍ അനുകൂലികള്‍ പഠാനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ബഹിഷ്‌കരണാഹ്വാനം നടത്തുകയും ചെയ്തിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിവിന്‍ പോളി നായകനായ രാജീവ് രവി ചിത്രം ‘തുറമുഖം’ റിലീസിനൊരുങ്ങുകയാണ്. മൂന്നു തവണയാണ് തുറമുഖത്തിന്റെ റിലീസ് മാറ്റിവച്ചത്. ചിത്രത്തിന്റെ റിലീസ് ഇത്രയും വൈകിയതിന്റെ പിന്നില്‍ നിര്‍മ്മാതാവിന്റെ ചതിയാണെന്ന് നിവിന്‍ പോളി പറഞ്ഞു.

‘മലയാള സിനിമക്ക് താങ്ങാന്‍ പറ്റാവുന്ന ബഡ്ജറ്റില്‍ ചെയ്ത ഒരു സിനിമയാണിത്. സാമ്ബത്തിക പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ആരാണോ വലിച്ചിഴച്ചത് അവരാണ് ഉത്തരം പറയേണ്ടത്. തുറമുഖം നിര്‍മ്മാതാക്കള്‍ ഈ പടത്തില്‍ സഹകരിച്ച ആളുകളോട് ചെയ്തത് നീതി പൂര്‍വമായ കാര്യം അല്ല, പടം ഇറങ്ങില്ല എന്ന് 100 ശതമാനം ഉറപ്പുണ്ടായിട്ടും അഭിനയിച്ചവരോട് പ്രമോഷന് വേണ്ടി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു, സിനിമയുടെ മുഴുവന്‍ സാമ്ബത്തിക ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുകയാണെങ്കില്‍ റിലീസ് ചെയ്യാമെന്ന് നിര്‍മ്മാതാവ് പറഞ്ഞു. കോടികളുടെ ബാദ്ധ്യത ആ സമയത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റില്ലായിരുന്നു, അതിനാലാണ് അന്ന് സിനിമ റിലീസ് ആകാതിരുന്നത്. ചിത്രത്തിന്റെ സാമ്ബത്തിക ഊരാക്കുടുക്കുകള്‍ അഴിക്കാന്‍ നിലവിലെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ലിസ്റ്റിനോട് കടപ്പാടുണ്ട്’- നിവിന്‍ പറഞ്ഞു.

മാര്‍ച്ച് പത്തിനാണ് തുറമുഖം തിയേറ്ററുകളിലെത്തുന്നത്. 1962 വരെ കൊച്ചിയില്‍ നില നിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ, സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍ , നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ജോജു ജോര്‍ജ് നായകനായ ചിത്രം ഇരട്ട, സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ചതുരം, ഡിസിയുടെ ബ്ലാക്ക് ആദം എന്നിങ്ങനെ സിനിമാസ്വാദകര്‍ ആവേശത്തോടെ കാത്തിരുന്ന സിനിമകളാണ് മാര്‍ച്ച് മാസം ഒടിടി റിലീസിന്. മോഹന്‍ലാല്‍ ചിത്രം എലോണ്‍ മാര്‍ച്ച് 3ന് റിലീസ് ചെയ്തു. ചതുരം മാര്‍ച്ച് രണ്ടാം വാരം സൈന പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ അദൃശ്യം, ആമസോണ്‍ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു.

ഇരട്ടമാര്‍ച്ച് 3- നെറ്റ്ഫ്‌ളിക്‌സ്‌

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണന്‍ സംവിധാനം ചെയ്ത ത്രില്ലര്‍. ഇരട്ടവേഷത്തിലാണ് ജോജു എത്തുന്നത്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

എലോണ്‍-മാര്‍ച്ച് 3-ഹോട്ട്‌സ്റ്റാര്‍

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ത്രില്ലര്‍. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരേയൊരു അഭിനേതാവ് മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.

ചതുരം-സൈന-മാര്‍ച്ച് രണ്ടാം വാരം

സ്വാസികയെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലര്‍. റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

അദൃശ്യം-ആമസോണ്‍ പ്രൈം-ഫെബ്രുവരി-28

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്നു. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേര്.

ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ വോട്ട് ചെയ്ത കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രേക്ഷകരെ അറിയിച്ച് അക്കാദമി അംഗം കൂടിയായ സൂര്യ ശിവകുമാര്‍. ഓസ്‌കറിലെ സൂര്യയുടെ ആദ്യ വോട്ട് കൂടിയാണിത്. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ തെന്നിന്ത്യന്‍ അഭിനേതാവാണ് നടന്‍.

അതേസമയം, സിനിമയുടെ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ബോളിവുഡ് താരം കജോള്‍, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയര്‍ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയില്‍ അംഗമാകാന്‍ ഇത്തവണ ക്ഷണിച്ചിരുന്നു. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിച്ച റൈറ്റിങ് വിത്ത് ഫയറാണ് റിന്റു തോമസിനെയും സുഷ്മിത് ഘോഷിനെയും ഈ ബഹുമതിക്ക് അര്‍ഹരാക്കിയത്. സൂര്യയുടെ സൂരരൈ പ്രോട്, ജയ് ഭീം തുടങ്ങിയ സിനിമകളും രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. തലാഷ്, ഗല്ലി ബോയ്, ഗോള്‍ഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റീമ കഗ്തി.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍നിന്ന് ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍, അമിതാഭ് ബച്ചന്‍, സൂപ്പര്‍താരങ്ങളായ ഷാറുഖ് ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അലി അഫ്സല്‍ എന്നിവരും നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂര്‍, ശോഭ കപൂര്‍ എന്നിവരും മുന്‍പേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്.