Entertainment (Page 87)

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറഞ്ഞ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഹിന്ദുമഹാസഭാ നേതാവ് വി.ഡി സവര്‍ക്കറെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് രാമസിംഹന്‍ അബൂബക്കര്‍. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്ടില്‍ വമ്ബന്‍ താരനിരയാണ് അണിനിരക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ശേഷം 2024 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു ഇതിഹാസ പുരുഷനായ സവര്‍ക്കറെ ക്കുറിച്ച് പഠിക്കാന്‍ അല്‍പ്പം സമയമെടുക്കും, പക്ഷേ അത് തീരുമാനിച്ചു, അല്‍പ്പം സമയമെടുത്തു കൃത്യമായ ഒരു ഘടനയുണ്ടാക്കണം, എന്നിട്ട് ഏത് രീതിയില്‍ അത് ആവിഷ്‌കാരം നടത്തണമെന്ന് തീരുമാനമെടുക്കാം. ചരിത്രത്തില്‍ അവഹേളിച്ചു ചെറുതാക്കാന്‍ ശ്രമിച്ചവര്‍ തന്നെ പറയണം തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന്.. സവര്‍ക്കര്‍ അനുഭവിച്ച ജയില്‍ പീഡനത്തിനുപരിയായി സവര്‍ക്കര്‍ ദേശത്തിന് നല്‍കിയ സംഭാവന അതിന്റെ മൂല്യങ്ങള്‍ തന്നെയാണ് പഠിക്കേണ്ടത്, രാഷ്ട്ര ശില്‍പ്പികളെ സ്വന്തമായി സൃഷ്ടിച്ചെടുത്തു പ്രതിഷ്ഠിച്ച നെഹ്റുവിന്റെയും, കമ്യുണിസ്റ്റ്കാരുടെയും ഇന്ത്യയെ കണ്ടെത്തെലല്ല പകരം യഥാര്‍ത്ഥ ഇന്ത്യയെ കണ്ടെത്തി ചരിത്രമാക്കേണ്ട സമയമായിരിക്കുന്നു.. നാം ഗ്രേറ്റ് എന്ന് വിളിച്ചാരാധിച്ച ബഫൂണുകളല്ല ഇന്ത്യയുടെ ഗതി നിര്‍ണ്ണയിച്ചത് എന്ന് തിറിച്ചറിയപ്പെടണം. കുഴിച്ചുമൂടപ്പെട്ട ചരിത്രമാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ധീരരായ പോരാളികളെ പുറത്തെടുത്തു ഇവരെയാണ് ഗ്രേറ്റ് എന്ന് വിളിക്കേണ്ടത് എന്ന് ഭാവി തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. ഭാരതത്തിന്റെ ശില്‍പ്പികളെ പരിഹസിക്കുന്ന പാക്കിസ്ഥാനി ജീനുകള്‍ക്ക് അത്തരത്തിലാണ് മറുപടി പറയേണ്ടത്.

ഇറങ്ങിത്തിരിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല.. ഇറങ്ങാന്‍ ഒരു മനസ്സുണ്ടായാല്‍ മതി ബാക്കിയെല്ലാം വന്നു ചേരും.. ഇക്കാര്യങ്ങള്‍ നടക്കുമ്‌ബോള്‍ തന്നെ പൂര്‍ണ്ണമായും ധന സമ്ബാദനത്തിനായി സിനിമകളും പ്ലാന്‍ ചെയ്യുന്നു ധനമില്ലാതെ മുന്‍പോട്ട് പോവാനാവില്ലല്ലോ.

എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ ‘നീലവെളിച്ചം’ സിനിമയില്‍ ഉപയോഗിച്ചത് പാട്ടുകളുടെ അവകാശം നിയപരമായി സ്വന്തമാക്കിയതിന് ശേഷമാണെന്ന് സംവിധായകന്‍ ആഷിക് അബു. ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കുടുംബം നിയമനടപടിയിലേക്ക് കടന്നതിന് പിന്നാലെയാണ് വാര്‍ത്താക്കുറുപ്പിലൂടെ സംവിധായകന്‍ പ്രതികരണവുമായി എത്തിയത്.

ഒ.പി.എം സിനിമാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്

1964 ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓര്‍ക്കസ്‌ട്രേഷനോടു കൂടി പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ ശ്രീ. പി ഭാസ്‌കരനില്‍ നിന്നും, സംഗീതസംവിധായകനായ ശ്രീ. എം. എസ് ബാബുരാജിന്റെ പിന്തുടര്‍ച്ചക്കാരില്‍ നിന്നും നീതിയുക്തമായ രീതിയില്‍ ഈ ഗാനങ്ങളുടെ മുന്‍ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിര്‍മ്മാണ കമ്ബനി സ്വന്തമാക്കിയിരുന്നു. ഈ അവകാശക്കൈമാറ്റ തുടര്‍ച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടര്‍ന്ന്, ആ ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥര്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കി, കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിര്‍മ്മാതാക്കളായ ഒ.പി.എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുന്‍ കരാര്‍ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്. (സ്വകാര്യത കണക്കിലെടുത്ത്, ഈ നിയമവ്യവഹാരങ്ങളില്‍ ഭാഗമായ വ്യക്തികളുടെ പേരു വിവരങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.)

നിയമത്തിനപ്പുറം, ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞന്‍ ശ്രീ എം.എസ് ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ‘നീലവെളിച്ചം’ സിനിമയില്‍ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാല്‍, അദ്ദേഹത്തിന്റെ മൂത്ത മകള്‍ ശ്രീമതി സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്‌നേഹാശംസകള്‍ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിടുള്ളത്.

ഈ സാഹചര്യത്തില്‍, നിലവിലുണ്ടായിരിക്കുന്ന വിവാദം, തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. ഇത് രമ്യമായി പരിഹരിക്കാനായി ശ്രീ എം. എസ് ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങള്‍ നിരന്തരസമ്ബര്‍ക്കങ്ങളിലാണ്.

ഈ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.

വിനയപൂര്‍വ്വം,

ആഷിഖ് അബു

ഒ.പി.എം സിനിമാസ്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലേക്ക്. സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലെര്‍ ചിത്രമാണിത്.

ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സങ്കീര്‍ത്തന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍.

കൊച്ചി: ആഷിക് അബുവിന്റെ ‘നീലവെളിച്ചം’ എന്ന സിനിമയില്‍ എംഎസ് ബാബുരാജിന്റെ ഗാനങ്ങളായ താമസമെന്തേ വരുവാന്‍’, ‘ഏകാന്തതയുടെ അപാരതീരം’ തുടങ്ങിയവ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ ബാബുരാജിന്റെ കുടുംബം നിയമനടപടിക്ക്.

വിഷയത്തില്‍ നീലവെളിച്ചത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സംവിധായകന്‍ ആഷിഖ് അബു, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ക്ക് ബാബുരാജിന്റെ കുടുംബം വക്കീല്‍ നോട്ടീസയച്ചു. ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്സ് ഗാനങ്ങള്‍ നശിപ്പിക്കുന്നു. അതിനാല്‍ ഈ ഗാനങ്ങള്‍ പിന്‍വലിക്കണം എന്ന് മകന്‍ എംഎസ് ജബ്ബാര്‍ അഭിഭാഷകനായ എന്‍വിപി റഫീഖ് മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പുസ്തകത്തെ ആസ്പദമാക്കി 1964ല്‍ റിലീസ് ചെയ്ത ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയത് എംഎസ് ബാബുരാജായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഭാര്‍ഗവീനിലയത്തിലെ അതേ ഗാനങ്ങള്‍ ‘നീലവെളിച്ചം’ എന്ന പുതിയ ചിത്രത്തിലും അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുകയായിരുന്നു.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധകനേടാന്‍ സംവിധായകന്‍ ബേസില്‍ ജോസഫിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, താരം പുതിയൊരു നേട്ടം സ്വന്തമായിരിക്കുകയാണ്.

ഹിന്ദുസ്ഥാന്‍ ടൈംസ് ഒടിടി പ്ലേയുടെ ‘ചേഞ്ച് മേക്കേഴ്സ്’ അവാര്‍ഡുകളില്‍ ‘ഇന്‍സ്പയറിംഗ് ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് ആണ് ബേസില്‍ അര്‍ഹനായിരിക്കുന്നത്. മിന്നല്‍ മുരളി സിനിമയ്ക്ക് ലഭിച്ച പുതിയ അവാര്‍ഡിന് നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനൊപ്പം റിഷഭ് ഷെട്ടിക്കും ജോജു ജോര്‍ജിനും മറ്റ് താരങ്ങള്‍ക്കും ഒപ്പമുള്ള ഫോട്ടോ ബേസില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ബേസിലിന് ആശംസകളുമായി രംഗത്തെത്തുന്നത്.

ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡിനും ബേസില്‍ നേരത്തെ അര്‍ഹനായിരുന്നു. അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസില്‍ ജോസഫും സ്വന്തമാക്കിയത്. ഇതിനുപുറമെ ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന് ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡും ബേസിലിന് ലഭിച്ചിരുന്നു. ഏഷ്യ – പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്നാണ് ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം ലോകശ്രദ്ധ നേടിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംഗീത സംവിധായകന്‍ കീരവാണി. രാംചരണും ജൂനിയര്‍ എന്‍ടിആറും ഗാനത്തില്‍ അവതരിപ്പിച്ച നൃത്തം കൊണ്ടാണ് പാട്ടിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് കീരവാണി മനസ്സ് തുറന്നത്.

പാട്ടിന്റെ വരികളെഴുതിയ ചന്ദ്രബോസിനും ക്രെഡിറ്റ് നല്‍കാനും കീരവാണി മറന്നിട്ടില്ല. ആദ്യ രണ്ട് വരികളിലെ പ്രാസം വളരെ രസകരമാണ്. അതാണ് പാട്ടിനെ ആകര്‍ഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാട്ട് കമ്‌ബോസ് ചെയ്യുമ്‌ബോഴൊന്നും ഓസ്‌കര്‍ പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള സൃഷ്ടിയായി മനസ്സില്‍പോലും കരുതിയിരുന്നില്ല, പാട്ടിനെ കുറിച്ച് രാജമൗലി സംസാരിക്കുമ്‌ബോള്‍ തന്നെ ഒരു ഡാന്‍സ് നമ്ബര്‍ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും കീരവാണി പറഞ്ഞു.

95-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരമാണ് നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ എംഎം കീരവാണിയും ചന്ദ്രബോസും സ്വന്തമാക്കിയത്. ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു. നാട്ടു നാട്ടുവിലെ നൃത്തം അനുകരിച്ചുള്ള ഡാന്‍സ് വീഡിയോകള്‍ ഇപ്പോഴും ട്രെന്‍ഡിങ്ങാണ്. 2022 മാര്‍ച്ച് 25ന് റിലീസ് ചെയ്ത ആര്‍ആര്‍ആര്‍ ഇന്ത്യയില്‍ വലിയ വിജയമാണ് നേടിയത്. തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം എന്നിങ്ങനെ സിനിമ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്.

പണം മുടക്കിയാണ് ആര്‍ആര്‍ആര്‍ ഓസ്‌കര്‍ നേടിയതെന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ രംഗത്ത്.

‘ഇത്തരം ആരോപണങ്ങള്‍ വരുന്നതെന്ന് അറിയില്ല. ഓസ്‌കര്‍ ക്യാമ്ബയിനായി ധാരാളം പണം ചെലവഴിച്ചു. ഓസ്‌കാറിനായി ഞങ്ങള്‍ക്ക് ധാരാളം പ്രചാരണം നടത്തേണ്ടിവന്നു. പബ്ലിസിറ്റി ബഡ്ജറ്റ് കണക്കിലെടുത്താണ് പണം ചെലവഴിച്ചത്. എന്നാല്‍ പണം നല്‍കി ഓസ്‌കര്‍ നേടി എന്നത് ഒരു വലിയ തമാശയാണ്. 95 വര്‍ഷത്തെ ചരിത്രമുള്ള ഒന്നാണിത്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് മാത്രമേ അവാര്‍ഡ് നല്‍കാന്‍ കഴിയൂ. ആരാധകരുടെ സ്‌നേഹം എങ്ങനെയാണ് പണം നല്‍കി വാങ്ങാന്‍ കഴിയുക. സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെയും ജെയിംസ് കാമറൂണിന്റെയും വാക്കുകള്‍ പണം നല്‍കി വാങ്ങാന്‍ കഴിയുമോ’?- കാര്‍ത്തികേയ ചോദിച്ചു.

‘ആര്‍ആര്‍ആറി’ലെ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണും പണം നല്‍കി ടിക്കറ്റെടുത്താണ് ഓസ്‌കര്‍ ചടങ്ങ് വീക്ഷിച്ചത് എന്ന അഭ്യൂഹങ്ങളോടും കാര്‍ത്തികേയ പ്രതികരിച്ചത്. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച കീരവാണിയെയും ചന്ദ്രബോസിനെയും ക്ഷണിച്ചു. നോമിനേഷന്‍ ഇല്ലാത്തവരെ കമ്മിറ്റി വിളിച്ചാലും ടിക്കറ്റ് എടുക്കണം. ഇതിനായി നോമിനേഷന്‍ ലഭിച്ചവര്‍ മെയില്‍ അയയ്ക്കണം. ‘ആര്‍ആര്‍ആര്‍’ ടീമിന് വേണ്ടി കീരവാണി ഇമെയില്‍ അയച്ചിരുന്നു. ശേഷം ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് വീക്ഷിക്കാന്‍ വ്യത്യസ്ത ലെവല്‍ ടിക്കറ്റുകള്‍ പണം നല്‍കി എടുക്കുകയും ചെയ്തു. ഇത് ഔദ്യോഗികമായി ചെയ്തതാണെന്നും കാര്‍ത്തികേയ വ്യക്തമാക്കി.

ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തതിന് ചലച്ചിത്ര നടി തപ്സി പന്നുവിനെതിരെ പരാതി. നഗരത്തിലെ ഹിന്ദ് രക്ഷക് സംഗതനാണ് പരാതി നല്‍കിയതെന്ന് പോലീസ് തിങ്കളാഴ്ച അറിയിച്ചു.

ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനറുമായ ഏകലവ്യ സിംഗ് ഗൗറാണ് പരാതി നല്‍കിയത്. 2023 മാര്‍ച്ച് 14 ന് നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തതായി ഗൗര്‍ തന്റെ പരാതിയില്‍ പറഞ്ഞു.

‘ഈ വീഡിയോ ഒരു ഫാഷന്‍ ഷോയുടെതാണ്, അവിടെ അവര്‍ അപമര്യാദയായി വസ്ത്രം ധരിച്ചിരുന്നു. അപമര്യാദയായി വസ്ത്രം ധരിച്ചതായി ആരോപിക്കപ്പെടുന്ന ഒരു ഫാഷന്‍ ഷോയുടെ വീഡിയോയാണ് ഇതിനൊപ്പം കഴുത്തില്‍ ലക്ഷ്മി ദേവിയുടെ ലോക്കറ്റും ധരിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സനാതന്‍ ധര്‍മ്മത്തെ തരംതാഴ്ത്താനുള്ള ആസൂത്രിത ശ്രമമാണിതെന്നും ഗൗര്‍ ആരോപിച്ചു.

പ്രിയ നടന്‍ ഇന്നസെന്റ് അന്തരിച്ച മറ്റ് നടന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫോട്ടോയില്‍, ഇന്നസെന്റ് വെളുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് വലതുവശത്ത് ഇരിക്കുന്നതായി കാണാം. അദ്ദേഹത്തോടൊപ്പം നടന്‍മാരായ ഭരത് ഗോപി, മുരളി, നെടുമുടി വേണു, ജെയിംസ് എന്നിവരും ഉണ്ട്. 1985ല്‍ പുറത്തിറങ്ങിയ ജി അരവിന്ദന്റെ ചിദംബരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണിത്.

തോളില്‍ ചുവപ്പും കാവിയും നിറത്തിലുള്ള തുണിയും ധരിച്ച് വെള്ള വസ്ത്രം ധരിച്ച നെടുമുടി വേണു 2021 ഒക്ടോബര്‍ 11 ന് അന്തരിച്ചു. 1970 കളില്‍ കേരള ന്യൂ വേവ് സിനിമാ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഭരത് ഗോപി നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അഞ്ച് ദിവസത്തിന് ശേഷം 2008 ജനുവരി 29 ന് മരിച്ചു. മകന്‍ മുരളി ഗോപി ജനപ്രിയ സംവിധായകനും നടനും തിരക്കഥാകൃത്തുമാണ്.

അതേസമയം, മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ 150-ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ച ജെയിംസ് 2007-ല്‍ അന്തരിച്ചു. ദിലീപും കാവ്യയും അഭിനയിച്ച ‘മീശ മാധവന്‍’ എന്ന ചിത്രത്തിലെ പട്ടാളം പുരുഷു എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. നെടുമുടി വേണുവിന്റെ മാനേജരും ജെയിംസ് ആയിരുന്നു.

എന്തുകൊണ്ടാണ് ബോളിവുഡ് വിട്ട് ഹോളിവുഡില്‍ എത്തിയതെന്ന് തുറന്നു പറയുകയാണ് നടി പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമാ മേഖലയിലെ പലരോടും തനിക്ക് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതായി അവര്‍ വെളിപ്പെടുത്തി.

‘ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ സിനിമയിലേക്ക് വിളിക്കാത്ത ആളുകള്‍ ഉണ്ടായിരുന്നു. എനിക്ക് പലരോടും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അത്തരമൊരു പൊളിറ്റിക്സ് എനിക്ക് മടുത്തു. ഇടവേള ആവശ്യമാണെന്ന് തോന്നി. അപ്പോഴാണ് സംഗീതം ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോകാനുള്ള അവസരം തുറന്നു നല്‍കിയത്. അമേരിക്കയില്‍ സംഗീത കരിയറിന് താത്പര്യമുണ്ടോയെന്ന് ചോദിച്ചത് അഞ്ജുല ആചാര്യ ആണ്. എനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഞാന്‍ ജോലി ചെയ്ത കാലമുണ്ടായിരുന്നുവെന്നും. ഇന്ന് എനിക്ക് ലഭിക്കാത്ത സിനിമകള്‍ക്കായി കൊതിക്കുന്നില്ല. സംഗീതത്തിലേക്ക് തിരിഞ്ഞപ്പോള്‍ അമേരിക്കയിലെത്തി. നല്ല ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു’- പ്രിയങ്ക ചോപ്ര പറഞ്ഞു.