Entertainment (Page 86)

ഡല്‍ഹി: ഗോവയില്‍ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജൂറി അദ്ധ്യക്ഷനായ നദാവ് ലാപിഡ്.

ചലച്ചിത്രമേളയില്‍ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് നാദവ് ലാപിഡ് രംഗത്തു വന്നത്. ചിത്രം ഒരു പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും നിലവാരമില്ലാത്തതും അശ്ലീലമാണെന്നുമാണ് സംവിധായകന്‍ പ്രതികരിച്ചത്. വിവാദ പരമാര്‍ശത്തിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നദാവ് ലാപിഡ് ക്ഷമാപണം നടത്തിയിരിക്കുന്നത്. ‘ഞാന്‍ ആരെയും അപമാനിക്കാന്‍ ആഗ്രഹിച്ചില്ല, എന്റെ ലക്ഷ്യം ഒരിക്കലും ദുരിതമനുഭവിക്കുന്ന ആളുകളെയോ അവരുടെ ബന്ധുക്കളെയോ അപമാനിക്കുകയായിരുന്നില്ല. അവര്‍ക്ക് അങ്ങനെയാണ് തോന്നിയതെങ്കില്‍ ഞാന്‍ പൂര്‍ണ്ണമായും ക്ഷമാപണം നടത്തുന്നു. മുഴുവന്‍ ജൂറിയെയും പ്രതിനിധീകരിച്ചാണ് ഞാന്‍ സംസാരിച്ചത്. ഞാന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ എന്റെ മാത്രമല്ല, സഹ ജൂറി അംഗങ്ങളുടെ കൂടിയായിരുന്നു’ എന്നാണ് നദാവ് ലാപിഡ് പറഞ്ഞത്.

അതേസമയം, ‘പറഞ്ഞത് ഹൃദയത്തില്‍ നിന്നുള്ളതല്ലെങ്കില്‍, അത് ക്ഷമാപണമല്ല’ എന്നാണ് നദാവ് ലാപിഡിന്റെ ക്ഷമാപണത്തില്‍ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പ്രതികരിച്ചത്. ‘എനിക്ക് സിനിമ ജീവനാണ്. കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ഒരുക്കിയതിന് ജനങ്ങള്‍ എന്നോട് നന്ദി പറഞ്ഞു. പിന്നെ എന്തിനാണ് എനിക്ക് ഒരു വിദേശിയുടെ അംഗീകാരം? അദ്ദേഹത്തിന് ഇന്ത്യയെ കുറിച്ച് എന്തറിയാം’ എന്നും വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

ഹൈദരാബാദ്: ലൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ നടന്‍ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടാണ് അവസാനിച്ചത്. തെലുങ്ക് നടനായ വിജയ് ദേവരകൊണ്ടയുടെ ആദ്യ ഹിന്ദി ചിത്രമാണ് ലൈഗര്‍. ചിത്രത്തിനായി 100 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയത്.

അതേസമയം, അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസന്‍ അഭിനയിച്ച ഈ ചിത്രം തിയേറ്ററുകളില്‍ വലിയ പരാജയമാണ് നേരിട്ടത്. നേരത്തെ, സിനിമയുടെ പ്രൊഡ്യൂസര്‍മാരായ ചാര്‍മി കൗറിനെയും പുരി ജഗനാഥിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട രാജ്യാന്തര ഇടപാടുകളിലെ ക്രമക്കേട് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന ചിത്രമായ ‘കാള്‍ ഓഫ് ഗോഡ്’ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിലേത്.

സിനിമയുടെ ചിത്രീകരണത്തിനിടെ കോവിഡ് ബാധിതനായി മരിച്ച കിമ്മിന്റെ സുഹൃത്തുക്കളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. അബ്ലായ് മറാറ്റോവ്, ഷാനല്‍ സെര്‍ഗാസിന എന്നിവര്‍ നായികാ നായകന്മാരായ ചിത്രം ലാത്വിയ, എസ്റ്റോണിയ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രം രാജ്യാന്തര മേളയിലെ ‘ഓട്ടിയര്‍ ഓട്സ്’ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

കൊച്ചി: ‘അവതാര്‍ 2’ പ്രദര്‍ശിപ്പിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനകളിലൊന്നായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ഫെഡറേഷന് കീഴിലുള്ള തിയറ്ററുകളില്‍ അവതാര്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ.രാംദാസ് ചേലൂര്‍ തൃശൂരില്‍ പറഞ്ഞു. തിയേറ്റര്‍ ഉടമകളുടെ മുഖ്യ സംഘടനയായ ഫിയോക്ക് ‘അവതാര്‍ 2’ വിലക്കിയിരുന്നു ഫിയോകിന് നിലപാട് തിരുത്തേണ്ടി വരുമെന്ന് ഇവര്‍ വ്യക്തമാക്കി.

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയായ ‘അവതാര്‍ 2’ കേരളത്തിലെ തിയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഇന്നലെയാണ് വ്യക്തമാക്കിയത്. ‘വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണ്. നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫിയോക് പറഞ്ഞു. ‘സിനിമ മൂന്നാഴ്ചയെങ്കിലും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് ലാഭം ഉള്‍പ്പെടെ അമ്ബത് ശതമാനമാണ് വിതരണക്കാര്‍ക്ക് നല്‍കുന്നത്. എക്സ്ട്രാ ഓര്‍ഡിനറി ചിത്രങ്ങള്‍ക്ക് അഞ്ച് ശതമാനം കൂടി നല്‍കാന്‍ തയ്യാറാണ്’. പക്ഷേ 60 ശതമാനം എന്നത് അംഗീകരിക്കാനാകില്ലെന്നും ഫിയോക് പറയുന്നു.

’14 ദിവസം കൊണ്ട് 24 ചിത്രങ്ങള്‍ തിയറ്ററില്‍ പരാജയപ്പെട്ടു. ഇതിന് കാരണം ഒടിടിയാണ്. ഫിയോക്കിന്റെ അംഗങ്ങള്‍ ഒഴിച്ച് ആര്‍ക്കുവേണമെങ്കിലും അവതാര്‍ പ്രദര്‍ശിപ്പിക്കാം’. ഫിയോക്കിനെ വിലക്കാന്‍ ആരും ശ്രമിക്കണ്ട, അത് നടക്കില്ലെന്നും അവര്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് പ്രതീക്ഷയുണ്ടെന്നും ഫിയോക് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മറ്റൊരു സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൗദി വെള്ളക്ക’ ചിത്രം ഡിസംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും. പശ്ചിമകൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രധാനമായും തീരപ്രദേശത്തു താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. സാധാരണക്കാരായ ഇവരുടെ പ്രശ്‌നങ്ങളാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്. ഈ സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്ക് പോലീസിന്റെ കടന്നുകയറ്റവും നിയമവാഴ്ച്ചയുടെ നടപടികളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

താരപ്പൊലിമയില്ലാതെ നിരവധി പുതുമുഖങ്ങളും ഏതാനും ജനപ്രിയരായ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ദേവിവര്‍മ്മയാണ്. ബിനു പപ്പു, സുധിക്കോപ്പ, ലുക്മാന്‍, ഗോകുലന്‍, സുജിത് ശങ്കര്‍, ഐടി ജോസ്, വിന്‍സി അഭിലാഷ്, ദേവി രാജേന്ദ്രന്‍, ധന്യ അനന്യ, റിയാ സൈനു, സ്മിനു സി ജോ, സജീദ് പട്ടാളം, അബു വലിയ കുളം എന്നിവരും പ്രധാന താരങ്ങളാണ്.

വിനയ് ഫോര്‍ട്ട്, ദിവ്യപ്രഭ, നില്‍ജ കെ. ബേബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ 52-ാമത് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 26 മുതല്‍ ഫെബ്രുവരി 6 വരെ നെതര്‍ലന്‍ഡ്‌സിലാണ് ചലച്ചിത്ര മേള നടക്കുന്നത്.

ഡോണ്‍ പാലത്തറയുടെ ആറാമത്തെ ചിത്രമായ ‘ഫാമിലി’യില്‍ കുടുംബങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഒരു മാഫിയയെപ്പോലെ അവരുടെ ഉള്ളില്‍ എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നാണ് ചര്‍ച്ച ചെയ്യുന്നത്. മതവും കുടുംബവും എങ്ങനെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്ന ചോദ്യവും ചിത്രം ഉയര്‍ത്തുന്നു.

‘മധ്യകേരളത്തിന്റെ ദൃശ്യഭംഗിയും സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങളും തമ്മിലുള്ള വൈരുധ്യത്തെയും സ്‌ക്രീനില്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രം വ്യത്യസ്തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന് കരുതുന്നു. എന്റെ നിര്‍മ്മാതാവ് ന്യൂട്ടണ്‍ സിനിമയോടും ഈ സിനിമ യാഥാര്‍ഥ്യമാക്കുവാന്‍ എന്റെയൊപ്പം നിന്ന എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. സിനിമയെ അംഗീകരിച്ച് തിരഞ്ഞെടുത്ത ഐ.എഫ്.എഫ്.ആറിനോടും ഞാന്‍ എന്റെ നന്ദി രേഖപെടുത്തുന്നു’- ഡോണ്‍ പാലത്തറ പറഞ്ഞു.

കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗന്‍ഡ സിനിമയെന്ന, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി ചെയര്‍മാന്റെ വിമര്‍ശനത്തിന് പരോക്ഷമായി മറുപടി നല്‍കി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ‘സത്യം അപകടകരമായ സംഗതിയാണ്, അത് ആളുകളെക്കൊണ്ട് നുണ പറയിക്കും’ എന്നു ട്വീറ്റ് ചെയ്തുകൊണ്ടാണ് വിവേക് അഗ്‌നിഹോത്രി വിവാദത്തോടു പ്രതികരിച്ചത്.

അതേസമയം, നിരവധി പേര്‍ ജൂറി ചെയര്‍മാനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡിന്റെ വിമര്‍ശനത്തിനെതിരെ രംഗത്തുവന്നു. വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമയാണെന്നാണ് നദാവ് ലാപിഡ് പറഞ്ഞത്. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് ഈ വിമര്‍ശനം ഉന്നയിച്ചത്. ഇതിനെതിരെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

ഐഎഫ്എഫ്ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്. ഇതിവിടെ പരസ്യമായിത്തന്നെ പറയുകയാണ്. നല്ലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നാല്‍ അതില്‍ വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക കൂടിയാണെന്ന് ഇസ്രായേലി സംവിധായകന്‍ പറഞ്ഞു.

വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതിനാല്‍ ‘അവതാര്‍-ദ വേ ഒഫ് വാട്ടര്‍’ കേരളത്തില്‍ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഡിസംബര്‍ 16നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളിലാണ് ചിത്രത്തിന് ഇന്ത്യയില്‍ റിലീസ് ഉണ്ടായിരുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.

അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത് 2009 ലാണ്. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന പേര് അവതാര്‍ സ്വന്തമാക്കിയിരുന്നു. 2012ലാണ് ചിത്രത്തിന്റെ തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജെയിം കാമറൂണ്‍ പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് വന്നതോടെ ചിത്രീകരണം വൈകുകയായിരുന്നു. സാം വര്‍ത്തിംഗ്ടന്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്. സമാപന ചടങ്ങിലാണ് അദ്ദേഹം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നും നാദവ് ലാപിഡ് പറഞ്ഞു.

കശ്മീര്‍ ഫയല്‍സ് പോലുള്ള ഒരു സിനിമയെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ പതിനാല് സിനിമകള്‍ മികച്ച നിലവാരമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം 1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ജയസൂര്യ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമാണ് കത്തനാര്‍. ശ്രീ ഗോകുലം മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി എറണാകുളത്ത് 36 ഏക്കറില്‍ തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ്ങ് ഫ്ളോര്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രീകരണത്തിനനുയോജ്യമായ രീതിയില്‍ നാല്‍പ്പതിനായിരം ചതുരശ്ര അടിയിലാണ് നിര്‍മ്മാണം. കൂടാതെ ARRI ALEXA 35 എന്ന പ്രീമിയം ക്യാമറയാണ് ചിത്രീകരണത്തിനുപയോഗിക്കുന്നത്. വിദേശ ചിത്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഫാന്റസി അഡ്വെഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന കത്തനാറില്‍ ഉപയോഗിക്കും.

മലയാളികള്‍ കണ്ടുപരിചയിച്ച കത്തനാരില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്നും അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചു.