Entertainment (Page 85)

നിവിന്‍ പോളി നായകനായ ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം തുറമുഖം ഒടിടിയില്‍ എത്തുന്നു. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ഏപ്രില്‍ 28 ന് ആരംഭിക്കും. മാര്‍ച്ച് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു തുറമുഖം .

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജ്ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡല്‍ഹി: ബ്രാഹ്മണര്‍ ഇബ്രാഹിമിന്റെ പിന്മുറക്കാരാണെന്ന ഗായകന്‍ ലക്കി അലിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് താരം.

‘ബ്രാഹ്മണന്‍ എന്ന പദം ബ്രഹ്മയില്‍ നിന്നുണ്ടായതാണ്. അതാകട്ടെ അബ്രഹാമില്‍നിന്നും. അത് അബ്രഹാം അല്ലെങ്കില്‍ ഇബ്രാഹിമില്‍ നിന്ന് വന്നതും..എല്ലാ ദേശങ്ങളുടെയും പിതാവായ ഇബ്രാഹിം അലൈഹിസ്സലാമിന്റെ പിന്മുറക്കാരാണ് ബ്രാഹ്മണര്‍..അതുകൊണ്ട് എന്തിനാണ് എല്ലാവരും ഇങ്ങനെ കലഹിച്ചും പോരടിച്ചും കഴിയുന്നത്’ എന്നായിരുന്നു ലക്കി അലി പോസ്റ്റിട്ടിരുന്നത്. ഇതിന് പിന്നാലെ ലക്കി അലിക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. താന്‍ ഉദ്ദേശിച്ച രീതിയിലല്ല നടന്നതെന്നും എന്റെ ഉദ്ദേശം ആരിലെങ്കിലും വിഷമമോ ദേഷ്യമോ ഉണ്ടാക്കുക അല്ലായിരുന്നെന്നും ലക്കി അലി പിന്നീട് വ്യക്തമാക്കി.

‘പ്രിയപ്പെട്ടവരെ, മുമ്ബ് ഇട്ട എന്റെ പോസ്റ്റ് ഉണ്ടാക്കിയ വിവാദം ഞാന്‍ മനസിലാക്കുന്നു. ആരെയെങ്കിലും വിഷമിപ്പിക്കാനോ ദേഷ്യം പിടിപ്പിക്കാനോ അല്ലായിരുന്നു എന്റെ ഉദ്ദേശം. അങ്ങനെ സംഭവിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എല്ലാവരെയും ഒന്നിപ്പിക്കുക എന്നതായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.പക്ഷേ ഉദ്ദേശിച്ച രീതിയിലല്ല അത് സംഭവിച്ചതെന്നും ഞാന്‍ മനസിലാക്കുന്നു.എന്റെ പല ഹിന്ദു സഹോദരീ സഹോദരന്മാരെയും അത് വിഷമിച്ചു എന്നു അറിയുമ്‌ബോഴാണ് ഓരോ വാക്ക് പറയുമ്‌ബോഴും ഞാന്‍ കൂടുതല്‍ ബോധവാനായിരിക്കണം എന്ന് തോന്നിയത്.അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. എല്ലാവരോടും സ്നേഹം മാത്രം…’ലക്കി അലി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു.

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരന്‍ പൊലീസ് കസ്റ്റഡിയില്‍. ഏപ്രില്‍ 30 ന് സല്‍മാന്‍ഖാനെ കൊല്ലുമെന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് ഘോശാല രക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പൊലീസിനെ വിളിച്ചത്.

പിന്നീട് താണെയിലെ ശഹാല്‍പുരില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയാണ് അജ്ഞാത ഫോണ്‍കോളിനുടമയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഭീഷണിയില്‍ കഴമ്ബില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. നേരത്തേയും സല്‍മാന്‍ ഖാന് നിരവധി ഭീഷണി ഈ മെയിലുകളും, കത്തുകളും ലഭിച്ചിരുന്നു.

തീഹാര്‍ ജയില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ പേരിലായിരുന്നു അവയെല്ലാം. സല്‍മാന്‍ ഖാന്‍ രാജസ്ഥാനിലെ വനങ്ങളില്‍ കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയ സംഭവത്തില്‍ ബിഷ്ണോയ് സമുദായത്തോട് മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി.

ആഡംബര വാഹനമായ റേഞ്ച് റോവര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍.

റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീല്‍വെയ്‌സാണ് പുതിയ വാഹനം. 3.39 കോടി രൂപയാണ് വില. ഹബുക്ക സില്‍വര്‍ നിറമാണ് വാഹനത്തിന്. കൊച്ചിയിലെ പുതിയ വസതിയില്‍വച്ചാണ് മോഹന്‍ലാല്‍ വാഹനം ഡീലര്‍മാരില്‍നിന്ന് സ്വന്തമാക്കിയത്. വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റെയും ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വെല്‍ഫയര്‍, ലംബോര്‍ഗിനി ഉറുസ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്‌സിഡസ് ബെന്‍സ് ജി എല്‍.എസ് ക്‌ളാസ് തുടങ്ങിയ ആഡംബര കാറുകളും മോഹന്‍ലാലിന്റെ ഗാരേജില്‍ ഇടം പിടിച്ചിട്ടുണ്ട്.

പുഷ്പയുടെ സീക്വല്‍ എപ്പോള്‍ എന്ന ആരാധകരുടെ ചോദ്യത്തിന്, കാത്തിരിപ്പ് വെറുതേയാകില്ല എന്ന സൂചന നല്‍കിക്കൊണ്ടാണ് ഏപ്രില്‍ ഏഴിന് സീക്വലിന്റെ ഗ്ലിംപ്‌സ് പുറത്തുവിട്ടത്. വീഡിയോ ലോകമെമ്ബാടും കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

ഇന്ത്യ, കുവൈറ്റ്, ബെഹറിന്‍, ഖത്തര്‍, യുഎഇ, ഓസ്‌ട്രേലിയ, മാള്‍ട്ട, സൗദി, യുകെ, പാക്കിസ്താന്‍, കാനഡ, യുഎസ്, ശ്രീലങ്ക, സിംഗപ്പൂ, ന്യൂസിലന്റ് എന്നിങ്ങനെ 16 രാജ്യങ്ങളില്‍ വീഡിയോ ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാകാം ഇത്രയും വലിയ ജനപ്രീതി ഒരു ഗ്ലിംപ്‌സ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

എഴ് കോടിയിലധികം പ്രേക്ഷകരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 30 ലക്ഷത്തിനടുത്ത് ലൈക്കുകളും വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാര്‍ത്തയും നാട്ടില്‍ നടക്കുന്ന കലാപങ്ങളുമൊക്കെയാണ് ചിത്രത്തിന്രെ ഗ്ലിംപ്‌സ് വീഡിയോയില്‍ കാണിക്കുന്നത്. കൂടാതെ പുഷ്പ 2വിന്റെ പ്രഥമ പോസ്റ്ററും ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. സാരിയും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് തോളും ചരിച്ച് നില്‍ക്കുന്ന പുഷ്പരാജിന്റെ വ്യത്യസ്ത ലുക്കായിരുന്നു പോസ്റ്ററില്‍.

സല്‍മാന്‍ ഖാന്‍ ചിത്രം കിസി കാ ഭായ് കിസി കി ജാനിലെ യെന്റമ്മ ഗാനരംഗത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ രംഗത്ത്. ഗാന രംഗം ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്ന് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു. ക്ഷേത്രത്തിനുള്ളില്‍ ഷൂസ് ധരിച്ചിട്ടുണ്ടെന്ന് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ചൂണ്ടിക്കാണിച്ചപ്പോള്‍, ക്ഷേത്രപരിസരത്ത് പാദരക്ഷകള്‍ പാടില്ലായെന്നത് സിനിമയുമായി ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും ഇതൊക്കെ നിരോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.

‘ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയിലാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യവും ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു മുണ്ടാണ്’- ഇതിന് പിന്നാലെ എങ്ങനെയാണ് മുണ്ട് ഉടുക്കേണ്ടതെന്ന് കാണിക്കുന്ന ചിത്രവും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഒരാള്‍ ഈ ഗാനത്തില്‍ അമ്ബലത്തിനുള്ളില്‍ ഷൂസിട്ടാണോ കയറുന്നത് എന്ന് ചോദിക്കുന്നു. അതിനും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ മറുപടി നല്‍കി. ‘ഇന്നത്തെക്കാലത്ത് പണത്തിന് വേണ്ടി എന്തും ചെയ്യും. ലുങ്കിയും മുണ്ടും തമ്മിലുള്ള വ്യത്യാസം പോലും അവര്‍ നോക്കിയില്ല. സെറ്റാണെങ്കിലും ആ സെറ്റ് ഒരു അമ്ബലമായാണ് കാണിച്ചിരിക്കുന്നത്. ക്ഷേത്രപരിസരത്ത് പാദരക്ഷകള്‍ പാടില്ലായെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. ഇതൊക്കെ നിരോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് പറയുന്നു’-ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.

കിസി കാ ഭായ് കിസി കി ജാനിലെ’ പുതിയ ഗാനം ഏതാനും ദിവസം മുന്‍പാണ് റിലീസായത്. സല്‍മാനൊപ്പം നടന്‍ വെങ്കിടേഷും ഗാനരംഗത്തുണ്ട്.

കഴിഞ്ഞ ദിവസമാണ് ‘രോമാഞ്ചം’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തത്. എന്നാല്‍, ചിത്രം ഇറങ്ങിയതിന് പിന്നാലെ പതിപ്പിനെതിരെ വന്‍ പരാതിയാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഒടിടിയിലെത്തിയ പതിപ്പില്‍ പാട്ടുകള്‍ ഇല്ലെന്നാണ് പരാതി.

ആദരാഞ്ജലി, ആത്മാവേ പോ, തല തെറിച്ചവര്‍ തുടങ്ങിയ സുഷിന്‍ ശ്യാം സംഗീതം നല്‍കിയ പാട്ടുകള്‍ ചിത്രത്തിന്റെ ജനപ്രീതിയില്‍ വലിയ പങ്കു വഹിച്ചിരുന്നു. വോക്കല്‍സ് ഇല്ലാത്ത കരോക്കേ രൂപത്തിലുള്ള പാട്ടുകളാണ് മൊബൈലില്‍ കാണുന്നത്. എന്നാല്‍ ടിവിയിലേക്ക് കണക്ട് ചെയ്യുമ്‌ബോള്‍ വോക്കല്‍സോടുകൂടി പാട്ടുകള്‍ ലഭിക്കുന്നുണ്ട്.

ഹിറ്റ് ഗാനങ്ങളാണ് ചിത്രത്തിന്റെ ആത്മാവെന്നും അത് ഇല്ലത്തതിനാല്‍ സിനിമയുടെ ജീവന്‍ നിലച്ചെന്നുമാണ് ആരാധകര്‍ പറയുന്നത്. ടെക്നിക്കല്‍ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളില്‍ പരാതി പങ്കുവെച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഡിസ്നി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലുമാണ് ആരാധകര്‍.

ബംഗളൂരു: ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപിനെതിരെ ജനതാദള്‍(സെക്യുലര്‍). കിച്ച ഭാഗമായ സിനിമകളും ടെലിവിഷന്‍ പരിപാടികളും സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ഇതേ ആവശ്യമുയര്‍ത്തി ഒരു അഭിഭാഷകനും രംഗത്തെത്തിയിട്ടുണ്ട്. ശിവമോഗ സ്വദേശിയായ അഡ്വ. കെ.പി ശ്രീപാല്‍ ആണ് കിച്ച സുദീപിന്റെ ചിത്രങ്ങളും ഷോകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വിലക്കേര്‍പ്പെടുത്താനാണ് ആവശ്യം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ബുധനാഴ്ച കിച്ച പ്രഖ്യാപിച്ചിരുന്നു. കിച്ച സുദീപും കന്നഡ താരമായ ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ ചേരുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ലെന്ന് കിച്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബി.ജെ.പിയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അറിയിച്ചു.

എനിക്ക് ഇവിടെ വരേണ്ട ഒരാവശ്യവുമില്ല. പണത്തിനോ പദവിക്കോ വേണ്ടിയല്ല ഇവിടെ എത്തിയത്. ഒരു വ്യക്തിക്കു വേണ്ടി മാത്രമാണ് ഇവിടെയെത്തിയത്. മുഖ്യമന്ത്രി ബൊമ്മൈയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അതുകൊണ്ടാണ് ബൊമ്മൈയ്ക്കു പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രഖ്യാപിക്കുന്നത്’-കിച്ച സുദീപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബൊമ്മൈയെ പൂര്‍ണമായി പിന്തുണക്കുന്നുണ്ടെന്നും ഒരു പൗരനെന്ന നിലയ്ക്ക് പ്രധാനമന്ത്രി മോദിയുടെ ചില തീരുമാനങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുകയുമില്ല. പൂര്‍ത്തിയാക്കാന്‍ ഒരുപാട് സിനിമകള്‍ ബാക്കിയുണ്ടെന്നും അതായിരിക്കും ആരാധകര്‍ക്ക് സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023ല്‍ ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താനുള്ള ടൈം 100 വോട്ടെടുപ്പില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാമത്. ലയണല്‍ മെസിയേക്കാള്‍ മുന്‍പില്‍ ഷാരൂഖാണ്.

1.2 ദശലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 2020ല്‍ കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി.

ഹാരി രാജകുമാരനും മേഗനുമാണ് നാലാം സ്ഥാനത്ത്. 1.9 ശതമാനം വോട്ടാണ് നേടിയത്. 1.8 ശതമാനം വോട്ടാണ് ലയണല്‍ മെസിക്ക് ലഭിച്ചത്. ഈ മാസം തന്നെ പട്ടികയുടെ പൂര്‍ണരൂപം ടൈം മാഗസിന്‍ പുറത്തുവിടും.

‘ആടുജീവിതം’ സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ബ്ലെസി രംഗത്ത്. ഓണ്‍ലൈനില്‍ ചോര്‍ന്നത് ട്രെയിലര്‍ അല്ലെന്നും ഗ്രേഡിങ് അടക്കം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാനുളള ചില ദൃശ്യങ്ങളാണ് ചോര്‍ന്നതെന്നും ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ആടുജീവിതത്തിന്റെ കുറച്ച് ദൃശ്യങ്ങള്‍ അനൗദ്യോഗികമായി ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യുഎസിലെ ഡെഡ്‌ലൈന്‍ എന്ന മാഗസിനിലാണ് ദൃശ്യങ്ങള്‍ ആദ്യമായി വന്നതെന്ന് മനസിലാക്കിയത്. ഇത് മൂന്ന് മിനിറ്റോളം ഉള്ള ഒരു കണ്ടെന്റ് ആണ്. ട്രെയ്ലര്‍ എന്ന രീതിയില്‍ അതിനെ വിളിക്കാന്‍ പറ്റില്ല. ചലച്ചിത്ര മേളകള്‍ക്കും ലോകമെമ്ബാടുമുള്ള റിലീസിന് വേണ്ടി ഏജന്റ്‌സിനെ കാണിക്കാനുള്ള ദൃശ്യങ്ങളാണ് അവ. ഇത് ഇപ്പോള്‍ ഇങ്ങനെ പ്രചരിക്കുന്നതില്‍ ഞങ്ങള്‍ക്ക് നല്ല ദുഃഖമുണ്ട്. ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ നടക്കുന്നതേയുള്ളു’- ബ്ലെസി വ്യക്തമാക്കി.

അതേസമയം, സിനിമയുടെ ട്രെയ്ലര്‍ സമൂഹ മാധ്യമങ്ങളില്‍ ചോര്‍ന്ന സാഹചര്യത്തില്‍ നടന്‍ പൃഥ്വിരാജ് ഔദ്യോഗികമായി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.