ഹൈദരാബാദ്: ലൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ നടന്‍ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടാണ് അവസാനിച്ചത്. തെലുങ്ക് നടനായ വിജയ് ദേവരകൊണ്ടയുടെ ആദ്യ ഹിന്ദി ചിത്രമാണ് ലൈഗര്‍. ചിത്രത്തിനായി 100 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയത്.
അതേസമയം, അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസന്‍ അഭിനയിച്ച ഈ ചിത്രം തിയേറ്ററുകളില്‍ വലിയ പരാജയമാണ് നേരിട്ടത്. നേരത്തെ, സിനിമയുടെ പ്രൊഡ്യൂസര്‍മാരായ ചാര്‍മി കൗറിനെയും പുരി ജഗനാഥിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട രാജ്യാന്തര ഇടപാടുകളിലെ ക്രമക്കേട് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

