മലയാള ചിത്രം ‘ഫാമിലി’ 52-ാമത് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

വിനയ് ഫോര്‍ട്ട്, ദിവ്യപ്രഭ, നില്‍ജ കെ. ബേബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ 52-ാമത് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 26 മുതല്‍ ഫെബ്രുവരി 6 വരെ നെതര്‍ലന്‍ഡ്‌സിലാണ് ചലച്ചിത്ര മേള നടക്കുന്നത്.

ഡോണ്‍ പാലത്തറയുടെ ആറാമത്തെ ചിത്രമായ ‘ഫാമിലി’യില്‍ കുടുംബങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഒരു മാഫിയയെപ്പോലെ അവരുടെ ഉള്ളില്‍ എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നാണ് ചര്‍ച്ച ചെയ്യുന്നത്. മതവും കുടുംബവും എങ്ങനെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്ന ചോദ്യവും ചിത്രം ഉയര്‍ത്തുന്നു.

‘മധ്യകേരളത്തിന്റെ ദൃശ്യഭംഗിയും സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങളും തമ്മിലുള്ള വൈരുധ്യത്തെയും സ്‌ക്രീനില്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രം വ്യത്യസ്തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന് കരുതുന്നു. എന്റെ നിര്‍മ്മാതാവ് ന്യൂട്ടണ്‍ സിനിമയോടും ഈ സിനിമ യാഥാര്‍ഥ്യമാക്കുവാന്‍ എന്റെയൊപ്പം നിന്ന എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. സിനിമയെ അംഗീകരിച്ച് തിരഞ്ഞെടുത്ത ഐ.എഫ്.എഫ്.ആറിനോടും ഞാന്‍ എന്റെ നന്ദി രേഖപെടുത്തുന്നു’- ഡോണ്‍ പാലത്തറ പറഞ്ഞു.