‘അവതാര്‍ 2’ പ്രദര്‍ശിപ്പിക്കും: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

കൊച്ചി: ‘അവതാര്‍ 2’ പ്രദര്‍ശിപ്പിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനകളിലൊന്നായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ഫെഡറേഷന് കീഴിലുള്ള തിയറ്ററുകളില്‍ അവതാര്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ.രാംദാസ് ചേലൂര്‍ തൃശൂരില്‍ പറഞ്ഞു. തിയേറ്റര്‍ ഉടമകളുടെ മുഖ്യ സംഘടനയായ ഫിയോക്ക് ‘അവതാര്‍ 2’ വിലക്കിയിരുന്നു ഫിയോകിന് നിലപാട് തിരുത്തേണ്ടി വരുമെന്ന് ഇവര്‍ വ്യക്തമാക്കി.

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയായ ‘അവതാര്‍ 2’ കേരളത്തിലെ തിയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഇന്നലെയാണ് വ്യക്തമാക്കിയത്. ‘വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണ്. നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫിയോക് പറഞ്ഞു. ‘സിനിമ മൂന്നാഴ്ചയെങ്കിലും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് ലാഭം ഉള്‍പ്പെടെ അമ്ബത് ശതമാനമാണ് വിതരണക്കാര്‍ക്ക് നല്‍കുന്നത്. എക്സ്ട്രാ ഓര്‍ഡിനറി ചിത്രങ്ങള്‍ക്ക് അഞ്ച് ശതമാനം കൂടി നല്‍കാന്‍ തയ്യാറാണ്’. പക്ഷേ 60 ശതമാനം എന്നത് അംഗീകരിക്കാനാകില്ലെന്നും ഫിയോക് പറയുന്നു.

’14 ദിവസം കൊണ്ട് 24 ചിത്രങ്ങള്‍ തിയറ്ററില്‍ പരാജയപ്പെട്ടു. ഇതിന് കാരണം ഒടിടിയാണ്. ഫിയോക്കിന്റെ അംഗങ്ങള്‍ ഒഴിച്ച് ആര്‍ക്കുവേണമെങ്കിലും അവതാര്‍ പ്രദര്‍ശിപ്പിക്കാം’. ഫിയോക്കിനെ വിലക്കാന്‍ ആരും ശ്രമിക്കണ്ട, അത് നടക്കില്ലെന്നും അവര്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് പ്രതീക്ഷയുണ്ടെന്നും ഫിയോക് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മറ്റൊരു സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.