Entertainment (Page 201)

തിരുവനന്തപുരം: കേരളത്തിലെ സിനിമാ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം ചേരും. നവംബര്‍ 2 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ നാല് വകുപ്പ് മന്ത്രിമാരും പങ്കെടുക്കും.

തിയറ്ററില്‍ തന്നെ സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമുമായി മുന്നോട്ട് പോകുമെന്നും പാവപ്പെട്ട കലാകാരന്‍മാരെ സഹായിക്കാനാണ് ഈ നടപടിയെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അടച്ചിട്ട തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നത്. എന്നാല്‍ 50 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളു. വാക്‌സീന്‍ എടുത്തവര്‍ക്കാണ് നിലവില്‍ തിയറ്ററിനുള്ളിലേക്ക് പ്രവേശനം ഉള്ളത്. ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് പ്രവേശനം നല്‍കുന്നത് പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഉന്നത യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നും മന്ത്രി അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്ഥാനത്തെ തിയറ്ററുകളില്‍ വീണ്ടും സിനിമ പ്രദര്‍ശനം ആരംഭിച്ചത്.

ഫഹദ് ഫാസില്‍- ദിലീഷ് പോത്തന്‍ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സിനിമയാണ് ജോജി. പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം ലഭിച്ചിരിക്കുകയാണ്‌. ബാഴ്സലോണ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള പുരസ്‌കാരമാണ് ഇത്തവണ ചിത്രം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് പോത്തനും മുഖ്യ കഥാപാത്രമായ ഫഹദുമാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ പുരസ്‌കാരത്തോടെ മൂന്ന് രാജ്യാന്തര പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കുന്നത്.

നേരത്തെ, ജോജിക്ക് വെഗാസസ് മൂവി അവാര്‍ഡില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും ജോജി നേടിയിരുന്നു.

മുംബൈ: മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയവെ ജാമ്യം ലഭിച്ച ആര്യൻ ഖാന് ജാമ്യം നിൽക്കാനെത്തിയത് നടി ജൂഹി ചൗള. കോടതിയിൽ ഒരു ലക്ഷത്തിന്റെ ബോണ്ട് ജൂഹി ചൗള വെള്ളിയാഴ്ച്ച ഒപ്പിട്ടു നൽകി. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി ചൗള. നിരവധി ചിത്രങ്ങളിൽ ഷാരൂഖ് ഖാന്റെ ഹിറ്റ് ജോഡിയായിരുന്നു താരം.

കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാന് വെള്ളിയാഴ്ച്ച ജയിൽ മോചിതനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നടപടിക്രമങ്ങൾ വൈകിയതോടെ ജയിൽ മോചനം നീണ്ടുപോകുകയായിരുന്നു. ശനിയാഴ്ച്ച ആര്യൻ ഖാൻ ജയിൽ മോചിതനാകുമെന്നാണ് വിവരം.

ആഡംബരക്കപ്പലിലെ ലഹരിപാർട്ടിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് 25 ദിവസത്തിന് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.ഡബ്‌ളിയൂ സാംബ്രെയാണ് ജാമ്യം നൽകിയത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്നിനാണ് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: കന്നട പവർസ്റ്റാർ പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻ ലാൽ. പുനീത് രാജ്കുമാറിന്റെ വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

പുനീത് രാജ്കുമാറിന്റെ വിയോഗം വലിയ ആഘാതമുണ്ടാക്കി. ഇപ്പോഴും വാർത്ത വിശ്വസിക്കാൻ പ്രയാസമാണ്. എനിക്ക് ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നികത്താനാകാത്ത ഈ നഷ്ടം അതിജീവിക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് പുനീത് രാജ് കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കന്നട സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പുനീത് കുമാർ. ഏപ്രിലിൽ പുറത്തിറങ്ങിയ യുവരത്‌നയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. പ്രശസ്ത കന്നട നടൻ ഡോ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ് കുമാർ. സിനിമാ രാഷ്ട്രീയ ലോകത്തെ നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

ബെംഗളൂരു: കന്നട സൂപ്പര്‍ സ്റ്റാറും ഗായകനുമായ പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് നടനെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കന്നട സിനിമയിലെ ഇതിഹാസതാരം എന്നറിയപ്പെടുന്ന രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും മകനാണ് പുനീത്. 1975 ല്‍ അഞ്ചു കുട്ടികളില്‍ ഇളയവനായിട്ടാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്. പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടദ ഹൂവു (1985) എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെടുകുയും ചെയ്തു.

പുനീതിന്റെ ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി നായകവേഷത്തിലെത്തിയത്.തുടര്‍ന്ന് ഇദ്ദേഹത്തെ ആരാധകര്‍ അപ്പു എന്ന് വിളിക്കാന്‍ തുടങ്ങി.

അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പര്‍താരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്. പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്.തുടര്‍ന്ന് ടിവി ഷോകളില്‍ അവതാരകനായും പുനീത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി റിലീസായ അവസാന ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ പുനീത് അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാര്‍, ധൃതി രാജ്കുമാര്‍ എന്നിവര്‍ മക്കളാണ്. പ്രശസ്ത കന്നഡ ചലച്ചിത്ര താരങ്ങളായ ശിവരാജ്കുമാര്‍, രാഘവേന്ദ്ര രാജ്കുമാര്‍, വിനയ് രാജ്കുമാര്‍, യുവ രാജ്കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

മുംബൈ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്യന്‍ ആര്‍തര്‍ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയതായി ജയില്‍ അധികൃതര്‍. ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്.

ജയിലില്‍ വെച്ച് പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിയുകയും അവര്‍ക്ക് തന്നാല്‍ കഴിയുന്ന സാമ്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്യന് ജാമ്യം അനുവദിച്ചത് ബോംബൈ ഹൈക്കോടതിയാണ്. പുറത്തിറങ്ങുന്നതിന് മുന്‍പ് അദ്ദേഹം ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞു.

നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 2 നാണ് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന് പുറമെ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേര്‍ അറസ്റ്റിലായി.

മുംബൈ: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചു. അറസ്റ്റ് ചെയ്ത്‌ 25 ദിവസത്തിന് ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആണ്(എന്‍.സി.ബി) ആര്യനെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.ഡബ്‌ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്.

ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടിയുടെ ഇടയില്‍ നിന്ന് ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആര്യന്‍ ഖാനെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് എന്‍.സി.ബി കോടതിയെ അറിയിച്ചതോടെ നാല് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

ഇതില്‍ ഒന്നാണ്, ആര്യന്‍ ഖാന്‍ തന്റെ പാസ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കണം.പ്രതി എന്‍ഡിപിഎസിയിലെ പ്രത്യേക ജഡ്ജിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്. രാജ്യത്തിനുള്ളിലെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മുന്‍കൂര്‍ അറിയിക്കുകയും, യാത്രയുടെ ആവശ്യകത എന്താണെന്ന് ഉദ്യോഗസ്ഥനെ വ്യക്തമാക്കുകയും വേണം.

ആര്യന്‍, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ വഴി കോടതിയിലെ നടപടികളുമായി ബന്ധപ്പെട്ട് മൊഴി നല്‍കരുത്. പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ വിചാരണ വൈകിപ്പിക്കാനോ ശ്രമിക്കരുത്. ആര്യന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്. എന്‍.സി.ബിയുടെ മുംബൈ ഓഫീസില്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയില്‍ ഹാജരാകണം.

തിരുവനന്തപുരം: സംസ്ഥാനത്തെ തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങളില്‍ തീരുമാനം പിന്നീടെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ മുന്നോട്ട് വെച്ച് ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിക്ക് അനുഭാവപൂര്‍ണമായ സമീപനമാണുണ്ടായത് എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി അറിയിച്ചു.

തീയറ്റര്‍ ഉടമകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വകുപ്പ് മന്ത്രിമാരുമായി വീണ്ടും യോഗം ചേരും. ഇതിനായി ധന-തദ്ദേശ-വൈദ്യുതി-ആരോഗ്യ വകുപ്പുകളിലെ മന്ത്രിമാരുമായി യോഗം ചേരും.ഇതിന് ശേഷമായിരിക്കും തീരുമാനം. സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കും.സംസ്ഥാന സര്‍ക്കാരിന്റേത് സിനിമാ വ്യവസായത്തെ സഹായിക്കുന്ന സമീപനമാണെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

തീയറ്റര്‍ ഉടമകളുടെ ആവശ്യമനുസരിച്ച് ഈ മാസം 22നാണ് സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. അന്ന് ഉടമകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളാണ് ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്.

തിരുവനന്തപുരം: കൊവിഡ് മൂലം ഏറെ നാളുകളായി അടച്ചിട്ടിരുന്ന തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമ പ്രദര്‍ശനം തുടങ്ങും. തിങ്കളാഴ്ചയാണ് തീയേറ്ററുകള്‍ തുറന്നത്. എന്നാല്‍ ഈ രണ്ട് ദിവസങ്ങളിലും ശുചീകരണ പ്രവൃത്തികളായിരുന്നു. ജീവനക്കാര്‍ക്കുള്ള വാക്സിനേഷനും പൂര്‍ത്തിയാക്കി.

തിയേറ്ററുകള്‍ തുറന്നെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുക. തിയേറ്ററില്‍ എത്തുന്ന ആദ്യ മലയാള ചിത്രം സ്റ്റാറാണ്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.

അതേസമയം, തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത് മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുകയാണ്. ഇതിന് പുറമെ തീയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

അറ്റ്ലീ ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. നയന്‍താരക്ക് പകരം നായികയായി സാമന്ത എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.അതേസമയം, സിനിമയുടെ ചിത്രീകരണത്തിന് പുണെയില്‍ തുടക്കമായിരുന്നു.

എന്നാല്‍, മയക്കുമരുന്ന് കേസില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനെതുടര്‍ന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോവുകയായിരുന്നു. തിരിച്ച് സിനിമാ തിരക്കിലേക്ക് ഷാരൂഖ് എപ്പോള്‍ കടക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിനിമയുടെ ചിത്രീകരണം നീണ്ട് പേകുന്നതിനെ തുടര്‍ന്ന് ഡേറ്റിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍ പ്രിയാമണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരാണ്. ചിത്രം നിര്‍മിക്കുന്നത് നടന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ആണ്