ഹൃദയാഘാതത്തെ തുടര്‍ന്ന് കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു

ബെംഗളൂരു: കന്നട സൂപ്പര്‍ സ്റ്റാറും ഗായകനുമായ പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് നടനെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കന്നട സിനിമയിലെ ഇതിഹാസതാരം എന്നറിയപ്പെടുന്ന രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും മകനാണ് പുനീത്. 1975 ല്‍ അഞ്ചു കുട്ടികളില്‍ ഇളയവനായിട്ടാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്. പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടദ ഹൂവു (1985) എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെടുകുയും ചെയ്തു.

പുനീതിന്റെ ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി നായകവേഷത്തിലെത്തിയത്.തുടര്‍ന്ന് ഇദ്ദേഹത്തെ ആരാധകര്‍ അപ്പു എന്ന് വിളിക്കാന്‍ തുടങ്ങി.

അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പര്‍താരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്. പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്.തുടര്‍ന്ന് ടിവി ഷോകളില്‍ അവതാരകനായും പുനീത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി റിലീസായ അവസാന ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ പുനീത് അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാര്‍, ധൃതി രാജ്കുമാര്‍ എന്നിവര്‍ മക്കളാണ്. പ്രശസ്ത കന്നഡ ചലച്ചിത്ര താരങ്ങളായ ശിവരാജ്കുമാര്‍, രാഘവേന്ദ്ര രാജ്കുമാര്‍, വിനയ് രാജ്കുമാര്‍, യുവ രാജ്കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.