തിരുവനന്തപുരം: കേരളത്തിലെ സിനിമാ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം ചേരും. നവംബര്‍ 2 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ നാല് വകുപ്പ് മന്ത്രിമാരും പങ്കെടുക്കും.
തിയറ്ററില്‍ തന്നെ സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമുമായി മുന്നോട്ട് പോകുമെന്നും പാവപ്പെട്ട കലാകാരന്‍മാരെ സഹായിക്കാനാണ് ഈ നടപടിയെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അടച്ചിട്ട തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നത്. എന്നാല്‍ 50 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളു. വാക്‌സീന്‍ എടുത്തവര്‍ക്കാണ് നിലവില്‍ തിയറ്ററിനുള്ളിലേക്ക് പ്രവേശനം ഉള്ളത്. ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് പ്രവേശനം നല്‍കുന്നത് പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഉന്നത യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നും മന്ത്രി അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്ഥാനത്തെ തിയറ്ററുകളില്‍ വീണ്ടും സിനിമ പ്രദര്‍ശനം ആരംഭിച്ചത്.

