കാത്തിരിപ്പിന് ശേഷം തിയേറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം തുടങ്ങും; ആദ്യ മലയാള ചിത്രം സ്റ്റാര്‍

തിരുവനന്തപുരം: കൊവിഡ് മൂലം ഏറെ നാളുകളായി അടച്ചിട്ടിരുന്ന തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമ പ്രദര്‍ശനം തുടങ്ങും. തിങ്കളാഴ്ചയാണ് തീയേറ്ററുകള്‍ തുറന്നത്. എന്നാല്‍ ഈ രണ്ട് ദിവസങ്ങളിലും ശുചീകരണ പ്രവൃത്തികളായിരുന്നു. ജീവനക്കാര്‍ക്കുള്ള വാക്സിനേഷനും പൂര്‍ത്തിയാക്കി.

തിയേറ്ററുകള്‍ തുറന്നെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുക. തിയേറ്ററില്‍ എത്തുന്ന ആദ്യ മലയാള ചിത്രം സ്റ്റാറാണ്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.

അതേസമയം, തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത് മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുകയാണ്. ഇതിന് പുറമെ തീയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.