മുംബൈ: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചു. അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആണ്(എന്‍.സി.ബി) ആര്യനെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.ഡബ്‌ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്.
ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടിയുടെ ഇടയില്‍ നിന്ന് ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആര്യന്‍ ഖാനെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് എന്‍.സി.ബി കോടതിയെ അറിയിച്ചതോടെ നാല് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ഇതില്‍ ഒന്നാണ്, ആര്യന്‍ ഖാന്‍ തന്റെ പാസ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കണം.പ്രതി എന്‍ഡിപിഎസിയിലെ പ്രത്യേക ജഡ്ജിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്. രാജ്യത്തിനുള്ളിലെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മുന്‍കൂര്‍ അറിയിക്കുകയും, യാത്രയുടെ ആവശ്യകത എന്താണെന്ന് ഉദ്യോഗസ്ഥനെ വ്യക്തമാക്കുകയും വേണം.
ആര്യന്‍, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ വഴി കോടതിയിലെ നടപടികളുമായി ബന്ധപ്പെട്ട് മൊഴി നല്‍കരുത്. പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ വിചാരണ വൈകിപ്പിക്കാനോ ശ്രമിക്കരുത്. ആര്യന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്. എന്‍.സി.ബിയുടെ മുംബൈ ഓഫീസില്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയില്‍ ഹാജരാകണം.

