പുനീത് രാജ്കുമാറിന്റെ വിയോഗം; ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെയെന്ന് മോഹൻലാൽ

തിരുവനന്തപുരം: കന്നട പവർസ്റ്റാർ പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻ ലാൽ. പുനീത് രാജ്കുമാറിന്റെ വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

പുനീത് രാജ്കുമാറിന്റെ വിയോഗം വലിയ ആഘാതമുണ്ടാക്കി. ഇപ്പോഴും വാർത്ത വിശ്വസിക്കാൻ പ്രയാസമാണ്. എനിക്ക് ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നികത്താനാകാത്ത ഈ നഷ്ടം അതിജീവിക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് പുനീത് രാജ് കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കന്നട സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പുനീത് കുമാർ. ഏപ്രിലിൽ പുറത്തിറങ്ങിയ യുവരത്‌നയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. പ്രശസ്ത കന്നട നടൻ ഡോ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ് കുമാർ. സിനിമാ രാഷ്ട്രീയ ലോകത്തെ നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.