Entertainment (Page 200)

ബോളിവുഡ് ചിത്രം ബണ്ടി ഓര്‍ ബബ്ലി 2 ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊവിഡ് മൂലം റിലീസ് മാറ്റിവച്ച സിനിമ 2021 നവംബര്‍ 19ന് പ്രദര്‍ശനത്തിന് എത്തും.

അഭിഷേക് ബച്ചന് പകരം റാണി മുഖര്‍ജിക്കൊപ്പം ബണ്ടി ഓര്‍ ബബ്ലി 2ല്‍ സെയ്ഫ് അലിഖാന്‍ ആണ് വേഷമിടുന്നത്. 2005 ല്‍ പുറത്തിറങ്ങിയ ഒറിജിനല്‍ ചിത്രത്തില്‍ അഭിഷേക്കും റാണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

നവാഗതനായ ഷര്‍വാരി, ഗല്ലി ബോയ് നടന്‍ സിദ്ധാന്ത് ചതുര്‍വേദി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ജൂണില്‍ റിലീസ് ചെയ്യും എന്നറിയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

സിനിമാ ലോകത്ത് ചരിത്രം കുറിക്കാന്‍ ദീപാവലി ദിനത്തില്‍ തമിഴ്നാട്ടിലെ 1500 സ്‌ക്രീനുകളിലേക്ക് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’.ദീപാവലി ദിനത്തില്‍ രാവിലെ അഞ്ചുമണി മുതലാണ് അണ്ണാത്തെയുടെ പ്രദര്‍ശനം തീരുമാനിച്ചിരിക്കുന്നത്.

ചെന്നൈയിലെ മായാജാല്‍ മള്‍ട്ടിപ്ലക്സില്‍ 85 ഷോകളാണ് ആദ്യ ദിനത്തില്‍ നടക്കുക. വിദേശരാജ്യങ്ങളിലെ 1100 തിയേറ്ററുകളിലാണ് ‘അണ്ണാത്തെ’ റിലീസ് ചെയ്യുക. അമേരിക്കയിലെ 677 തിയേറ്ററുകളിലും കാനഡയിലെ 17 തിയേറ്ററുകളിലും മലോഷ്യയിലെ 110 തിയേറ്ററുകളിലും ശ്രീലങ്കയിലെ 86 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.

നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു തുടങ്ങിയവരാണ് സിനിമയില്‍ വേഷമിടുന്ന മറ്റ് പ്രധാന താരങ്ങള്‍. ജാക്കി ഷ്‌റോഫ്, ജഗബതി ബാബു എന്നിവര്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ‘എന്താടാ സജി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുമിച്ച് എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തിലാണ് ‘എന്താടാ സജി’യുടെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ഗോഡ്ഫി ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ചാക്കോയും അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍.

സ്വപ്നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. രാമന്റെ ഏദന്‍തോട്ടമാണ് ഏറ്റവും അവസാനമായി ഒന്നിച്ചഭിനയിച്ച സിനിമ.

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണ. അഹാന സംവിധാനം ചെയ്യുന്ന കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മ്യൂസിക് ആല്‍ബം ‘തോന്നല്’ യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ഇപ്പോള്‍. ഒരു സ്റ്റാര്‍ ഹോട്ടലില്‍ അമ്മയുടെ രുചിയൂറുന്ന കേക്കിന്റെ സ്വാദ് നാവിലെത്തിയ മകള്‍ ആ പഴയ റെസിപ്പി വീണ്ടും പരീക്ഷിക്കുന്നതാണ് തോന്നലിന്റെ പ്രമേയം.

‘ആറു മാസം മുന്‍പാണ് ഇതൊരു ചെറിയ വിത്തായി എന്റെ തലയിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ അതിന് സ്‌നേഹവും സംരക്ഷണവും പരിപാലനവും നല്‍കി അത് ജീവിതമായി മാറുന്നത് കണ്ടു. അതിനാല്‍ ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്ന് വിളിക്കാം. ഞാന്‍ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇത് യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ചത്’, എന്നാണ് അഹാന തന്റെ ആല്‍ബത്തെ കുറിച്ച് പറഞ്ഞത്.

നിമിഷ് രവി ഛായാഗഹണവും, മിഥുന്‍ മുരളി എഡിറ്റിംഗും അനീസ് നാടോടി പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിച്ചിരിക്കുന്നു. ”ഏറെ ഏറെ തോന്നല്..” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഷര്‍ഫു ആണ് എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയും, ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ആണ്.

ജോജുവിന്റെ ‘ആരോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ജോജു ജോര്‍ജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘ആരോ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്‌മെന്റ്‌സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുള്‍ കരീം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കരീം, റഷീദ് പാറയ്ക്കല്‍ എന്നിവരാണ് ഒരുക്കിയിരിക്കുന്നത്.

സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തുന്ന ‘ജയ് ഭീം’ ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ന്നവംബര്‍ രണ്ടിന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

മലയാളികളുടെ പ്രിയനടി രജിഷ വിജയനാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, ലിജോമോള്‍ ജോസ്, മണികണ്ഠന്‍ എന്നവരാണ് ചിത്രത്തില്‍ വേഷമിടുന്ന മറ്റു പ്രധാന താരങ്ങള്‍.

കൊവിഡിന് ശേഷം തിയേറ്ററിലെത്തിയ ആദ്യ മലയാള ചിത്രമാണ് ജോജു ജോര്‍ജ് നായകനായ ‘സ്റ്റാര്‍’ ബേര്‍സ്റ്റ് ഓഫ് മിത്ത്സ്. ഒക്ടാേബര്‍ 29 മുതല്‍ പ്രദര്‍ശനം തുടരുന്ന ‘സ്റ്റാര്‍’ സിനിമ ഇനി ഹിന്ദിയിലും തെലുങ്കിലും പുറത്തിറങ്ങും. സ്റ്റാര്‍ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.

പൃത്വിരാജ് അതിഥി വേഷത്തില്‍ എത്തുിയിരുന്ന സിനിമയില്‍ ഷീലു എബ്രഹാമാണ് നായിക. സുവിന്‍ തിരക്കഥയെഴുതി, ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ചിത്രം അഞ്ചാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ബാനര്‍ മാജിക് ഫ്രെയിംസ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്.

മലയാള സിനിമകളുടെ റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് വെള്ളിയാഴ്ച മുതല്‍ റിലീസിങ് തുടങ്ങിയത്.

ബംഗളുരു: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ച കന്നട ചലച്ചിത്രതാരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം പൂര്‍ത്തിയായി. പിതാവ് രാജ്കുമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന കണ്ഠീരവ സ്റ്റുഡിയോയില്‍ അച്ഛന്റെ കുഴിമാടത്തിന് അടുത്തായിട്ടാണ്‌ പുനീതിനും കുഴിമാടം ഒരുക്കിയത്. ഇന്നലെ രാത്രിയോടെ അമേരിക്കയിലുള്ള മകള്‍ ബംഗളുരുവില്‍ എത്തിയിരുന്നു. കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദര്‍ശനം വെളുപ്പിന് നാലു മണിക്ക് അവസാനിപ്പിക്കുകയായിരുന്നു. ശേഷം വിലാപയാത്രയായി മൃതദേഹം കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടു പോയി. രാവിലെ 7.30ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

സംസ്‌കാരചടങ്ങുകള്‍ അതിരാവിലെ നടത്താന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്. ആരാധകര്‍ കൂട്ടത്തോടെ എത്തുന്നത് ക്രമസമാധാനപ്രശ്‌നത്തിന് കാരണമാകുമോ എന്ന് അധികൃതര്‍ക്ക് ഭയമുണ്ടായിരുന്നു. അടുത്ത കുടുംബാംഗങ്ങള്‍ക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രമുഖ താരങ്ങളായ യഷ്, രവിചന്ദ്രന്‍, ദുനിയാ വിജയ് എന്നിവര്‍ പുനീതിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

പനീതിന്റെ മരണ വാര്‍ത്ത അറിഞ്ഞതുമുതല്‍ നടനെ അവസാനമായി കാണാന്‍ വന്‍ജനക്കൂട്ടമായിരകുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അതിരാവിലെ തന്നെ സംസ്‌കാരചടങ്ങ് നടത്തിയത്. എന്നാലും വീഡിയോകളില്‍ വന്‍ ജനക്കൂട്ടം കാണുന്നുണ്ടായിരുന്നു.

തിരുവനന്തപുരം: പ്രമുഖ സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ക്രോസ്‌ബെൽറ്റ് മണി അന്തരിച്ചു. 86 വയസാിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്.

അൻപതോളം സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. പത്തോളം സിനിമകൾക്ക് ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്. ക്രോസ്‌ബെൽറ്റ് മണി ആദ്യമായി സംവിധാനം ചെയ്ത ചിത്രം 1967-ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ്. 1970 ൽ പുറത്തിറങ്ങിയ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നീടാണ് അദ്ദേഹം ക്രോസ്‌ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചത്.

കെ.വേലായുധൻ നായർ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. തിരുവനന്തപുരം വലിയശാലയിൽ കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22 നായിരുന്നു അദ്ദേഹം ജനിച്ചത്. ഫോട്ടോഗ്രാഫിയിലുള്ള താത്പര്യത്തെ തുടർന്ന് അദ്ദേഹം സിനിമാ മേഖലയിലെത്തുന്നത്. 1956 മുതൽ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തെയും സംവിധാനത്തെയും കുറിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾ മനസിലാക്കുന്നചത് ഇവിടെ നിന്നാണ്. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപ്പെട്ടു. മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ അംഗീകരിച്ചില്ല. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

മലയാള സിനിമയിൽ മിനിമം ഗ്യാരന്റി തുകയില്ലെന്നും അഡ്വാൻസ് നൽകാമെന്നായിരുന്നു തിയേറ്റർ ഉടമകൾ അറിയിച്ചത്. ഒ.ടി.ടിയിൽ നിന്ന് സിനിമയ്ക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക നൽകാൻ കഴിയില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി.

ഒ.ടി.ടിയിൽ റിലീസ് ചെയ്താൽ വലിയൊരു തുക പ്രതിഫലം ലഭിക്കുമെന്നും സമാനമായ രീതിയിൽ മിനിമം ഗ്യാരന്റിയെങ്കിലും നൽകണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ച ആവശ്യം. അതേസമയം പത്ത് കോടി രൂപ അഡ്വാൻസ് നൽകാമെങ്കിലും സിനിമയ്ക്ക് മിനിമം ഗാരന്റി തുക നൽകാൻ കഴിയില്ലെന്നും മരക്കാർ തിയേറ്ററിൽ വരണമെന്നാണ് ആഗ്രഹമെന്നും ഫിയോക് അറിയിച്ചു.