മുംബൈ: മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയവെ ജാമ്യം ലഭിച്ച ആര്യൻ ഖാന് ജാമ്യം നിൽക്കാനെത്തിയത് നടി ജൂഹി ചൗള. കോടതിയിൽ ഒരു ലക്ഷത്തിന്റെ ബോണ്ട് ജൂഹി ചൗള വെള്ളിയാഴ്ച്ച ഒപ്പിട്ടു നൽകി. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി ചൗള. നിരവധി ചിത്രങ്ങളിൽ ഷാരൂഖ് ഖാന്റെ ഹിറ്റ് ജോഡിയായിരുന്നു താരം.
കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാന് വെള്ളിയാഴ്ച്ച ജയിൽ മോചിതനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നടപടിക്രമങ്ങൾ വൈകിയതോടെ ജയിൽ മോചനം നീണ്ടുപോകുകയായിരുന്നു. ശനിയാഴ്ച്ച ആര്യൻ ഖാൻ ജയിൽ മോചിതനാകുമെന്നാണ് വിവരം.
ആഡംബരക്കപ്പലിലെ ലഹരിപാർട്ടിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് 25 ദിവസത്തിന് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.ഡബ്‌ളിയൂ സാംബ്രെയാണ് ജാമ്യം നൽകിയത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്നിനാണ് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്.

