Entertainment (Page 188)

സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’നു ശേഷം അലക്സാണ്ടറിലൂടെ ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്നു. കുറുപ്പിന്റെ ക്ലൈമാക്‌സില്‍ അലക്സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ദുല്‍ഖര്‍ എത്തുന്നുണ്ട്. എന്നാല്‍, ‘കുറുപ്പ്’ സിനിമയുടെ പ്രമേയവുമായി അലക്‌സാണ്ടര്‍ എന്ന പുതിയ ചിത്രത്തിന് യാതൊരു ബന്ധമില്ല. അതേസമയം, ഇതേ ഗെറ്റപ്പില്‍ തന്നെയാകും പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുക..

‘കുറുപ്പ്’ സിനിമയുടെ 50ാം ദിവസം ‘അലക്സാണ്ടര്‍’ എന്ന പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. 2022ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. നവംബര്‍ 12ന് തിയേറ്ററുകളിലെത്തിയ ‘കുറുപ്പ്’ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ്. മലയാളത്തില്‍ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോര്‍ഡ് ഓപ്പണിങ് കുറുപ്പിന് ലഭിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. വേഫാര്‍ ഫിലിംസും, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പക്കെതിരെ കര്‍ണ്ണാടകയില്‍ സിനിമാ പ്രേമികളുടെ ബഹിഷ്‌കരണാഹ്വാനം. ചിത്രത്തിന്റെ കന്നഡ പതിപ്പിന് വിരലിലെണ്ണാവുന്ന പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും മറുഭാഷാ പതിപ്പുകള്‍ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നുമാണ് ആരോപണം.

ട്വിറ്ററില്‍ നിരവധി പേര്‍ ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയതോടെ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ നിലവില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. തെലുങ്ക് ഒറിജിനലിന് 200ല്‍ ഏറെ പ്രദര്‍ശനങ്ങളും ഹിന്ദിക്ക് പത്തിലേറെ പ്രദര്‍ശനങ്ങളും, തമിഴ്, മലയാളം പതിപ്പുകള്‍ക്ക് നാല് പ്രദര്‍ശനങ്ങളുമുള്ള കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിന് വെറും മൂന്ന് ഷോകള്‍ മാത്രമാണ് ഉള്ളതെന്നാണ് സിനിമാപ്രേമികളുടെ വാദം.

അതേസമയം, ടോളിവുഡില്‍ നിന്നുള്ള സമീപ കാലത്തെ ഏറ്റവും കൂടുതല്‍ ഹൈപ്പ് ലഭിച്ച ചിത്രമാണ് സുകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന പുഷ്പ. ആക്ഷന്‍ ത്രില്ലറായ ചിത്രം രണ്ട് ഭാഗങ്ങളിലാണ് കഥ പറയുന്നത്.

കൊച്ചി: നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് മുഖ്യവേഷത്തിലെത്തുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ ഡിസംബര്‍ 31ന് ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സജീവ് പാഴൂര്‍ തിരക്കഥയൊരുക്കുന്ന ചിത്രം നാദ് ഗ്രൂപ്പാണ് നിര്‍മിക്കുന്നത്.

ദിലീപിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പ് ചേഞ്ച് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സംവിധായകന്‍ നാദിര്‍ഷ തന്നെയാണ് ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നതും. അനില്‍ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിരിയും സെന്റിമെന്‍സും ഫാമിലി ഇമോഷന്‍സുമൊക്കെ ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക് ദിലീപ് സിനിമയാണ് കേശുവെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് കേശുവിന് വേണ്ടി പാടുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും സംവിധായകന്‍ നാദിര്‍ഷ പറഞ്ഞു.

ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, നെസ്ലന്‍, സ്വാസിക തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കൊച്ചി: തിയേറ്റര്‍ പ്രദര്‍ശനത്തിനിടയില്‍ ഒടിടിയില്‍ റിലീസായ സിനിമകള്‍ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ തീരുമാനം. കുറുപ്പ്, മരക്കാര്‍ അറബിക്കടലിലെ സിംഹം എന്നീ ചിത്രങ്ങളുടെ തിയേറ്റര്‍ പ്രദര്‍ശനം ഇന്ന് അവസാനിപ്പിച്ചു.

തിയേറ്ററുകളിലേക്ക് കാണികള്‍ കൂടുതലായി വരുന്ന സമയത്ത് ഒടിടിയിലേക്ക് മാറ്റിയതില്‍ അതൃപ്തിയും പ്രതിഷേധവും അറിയിച്ചാണ് പ്രദര്‍ശനം അവസാനിപ്പിക്കാന്‍ ഫിയോക് തീരുമാനിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് കഴിഞ്ഞ ദിവസം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി. മികച്ച വരുമാനം ലഭിച്ച സിനിമ പെട്ടെന്ന് തന്നെ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. നവംബര്‍ 12 നാണ് കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്തത്. അതേസമയം, മരക്കാറും ഒടിടിയിലെത്തി. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ മരക്കാര്‍ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്.

ചെന്നൈ: വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായ ചിത്രം മാനാട് ഒടിടിയിലേക്ക്. തിയേറ്റര്‍ റിലീസിന് പിന്നാലെയാണ് ചിത്രം ഒടിടിയിലും എത്തുന്നത്. സോണി ലൈവിലൂടെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒരു പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്‍, വൈ ജി മഹേന്ദ്രന്‍, വാഗൈ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രം അര്‍ച്ചന 31 നോട്ട് ഔട്ട് ജനുവരി 28ന് പ്രദര്‍ശനത്തിന് എത്തിയേക്കും. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്.

31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് അര്‍ച്ചന. തുടര്‍ന്ന് അര്‍ച്ചനയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിലെ പ്രമേയം. പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോം’ ഇന്ത്യയില്‍ തിയേറ്ററുകളിലെത്തി. യുഎസ് അടക്കമുള്ള ചില രാജ്യങ്ങളേക്കാള്‍ ഒരു ദിവസം നേരത്തെയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്തത്. 3100 സ്‌ക്രീനുകളിലാണ് സ്‌പൈഡര്‍മാന്‍ എത്തിയത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യം മുതലേ ലഭിക്കുന്നത്.

ജോണ്‍ വാട്‌സിന്റെ സംവിധാനത്തില്‍ ടോം ഹോളണ്ട് തന്നെയാണ് സ്‌പൈഡര്‍മാനായി എത്തുന്നത്. സ്‌പൈഡര്‍മാന്റെ കാമുകി കഥാപാത്രമായി സെന്‍ഡേയ തന്നെ എത്തുന്നതും. ‘സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം’, ‘സ്‌പൈഡര്‍മാന്‍- ഹോം കമിംഗ്’ എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ ടോം ഹോളണ്ട് സ്‌പൈഡര്‍മാന്‍ സിനിമകള്‍. ഈ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് സ്‌പൈഡര്‍മാന്‍ നോ വേ ഹോം തന്നെയാണെന്നാണ് പൊതു അഭിപ്രായം.

മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സോണി പിക്‌ചേഴ്‌സ് റിലീസിംഗാണ് വിതരണം. സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്‌പൈഡര്‍മാന്‍ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന് ആരാധകര്‍ സംശയിച്ചിരുന്നു. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം എന്നൊക്കെയാണ് സമൂഹ്മാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍.

സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ഈ മാസം 31ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സാഗര്‍ തന്നെയാണ്.

ഒരു ഐപിഎസ് ഉദ്യോഗസ്ഥനായിട്ടാണ് ധ്യാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സുധീഷ്, ജോണി ആന്റണി, അംബിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളിയാണ് നിര്‍മാണം. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്. ധ്യാനിന്റേതായി അണിയറയില്‍ പാതിരാ കുര്‍ബാന, ഹിഗ്വിറ്റ, പൗഡര്‍ സിന്‍സ് 1905, 9 എംഎം എന്നീ ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്.

നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് സുരേഷ് ഗോപി പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ ചിത്രമാണ് കാവല്‍. നവംബര്‍ 25ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഈ മാസം 23ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ റിലീസ് തിയ്യതി ഡിസംബര്‍ 27ലേക്ക് മാറ്റിയിരിക്കുകയാണ്.

രണ്‍ജി പണിക്കര്‍, മുത്തുമണി, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഐ.എം. വിജയന്‍, അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

രോഹിത്ത് വി എസിന്റെ സംവിധാനത്തില്‍ സുമേഷ് മൂര്‍, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘കള’. ഇപ്പോഴിതാ ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമായി ‘കള’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആങ്ഡോങ് ഡെങ് സംവിധാനം ചെയ്ത ‘ബ്ലേബ്ലെയ്ഡ് ഗേളി’നൊപ്പമാണ് കള ഈ പുരസ്‌കാരം പങ്കുവെച്ചിരിക്കുന്നത്.

ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ‘ഒരു അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ വലിയ ആവേശം തോന്നുകയാണ്. ഇത് ഒരു തുടക്കം മാത്രമാണ്. കളക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് എല്ലാ ആശംസകളും നേരുന്നു,’-ടൊവിനോ കുറിച്ചു