തിയേറ്റര്‍ പ്രദര്‍ശനത്തിനിടയില്‍ ഒടിടിയിലെത്തിയ സിനിമകള്‍ പിന്‍വലിച്ച് ഫിയോക്; മരക്കാറും കുറുപ്പും ഇനി തിയേറ്ററുകളിലില്ല

കൊച്ചി: തിയേറ്റര്‍ പ്രദര്‍ശനത്തിനിടയില്‍ ഒടിടിയില്‍ റിലീസായ സിനിമകള്‍ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ തീരുമാനം. കുറുപ്പ്, മരക്കാര്‍ അറബിക്കടലിലെ സിംഹം എന്നീ ചിത്രങ്ങളുടെ തിയേറ്റര്‍ പ്രദര്‍ശനം ഇന്ന് അവസാനിപ്പിച്ചു.

തിയേറ്ററുകളിലേക്ക് കാണികള്‍ കൂടുതലായി വരുന്ന സമയത്ത് ഒടിടിയിലേക്ക് മാറ്റിയതില്‍ അതൃപ്തിയും പ്രതിഷേധവും അറിയിച്ചാണ് പ്രദര്‍ശനം അവസാനിപ്പിക്കാന്‍ ഫിയോക് തീരുമാനിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് കഴിഞ്ഞ ദിവസം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി. മികച്ച വരുമാനം ലഭിച്ച സിനിമ പെട്ടെന്ന് തന്നെ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. നവംബര്‍ 12 നാണ് കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്തത്. അതേസമയം, മരക്കാറും ഒടിടിയിലെത്തി. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ മരക്കാര്‍ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്.