Entertainment (Page 189)

ആന്റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരം ഡിസംബര്‍ 23ന് പ്രദര്‍ശനത്തിന് എത്തും. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ആന്റണി വര്‍ഗീസിനു പുറമെ അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്.

സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍, ജാഫര്‍ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്ലീഷ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജിന്റോ ജോര്‍ജ് ഛായാഗ്രാഹകന്‍ ആകുന്ന ചിത്രത്തില്‍ ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റര്‍.

യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം പുഷ്പ: ദ റൈസ് 2021 ഡിസംബര്‍ 17-ന് റിലീസിന്. ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ആദ്യം തീരുമാനിച്ചിരുന്നു, എന്നാല്‍, 83 എന്ന ചിത്രവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആ തിയ്യതി മാറ്റുകയായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവാണ് അഭിനയിക്കേണ്ടിയിരുന്നത്, എന്നാല്‍ സംവിധായകനുമായുള്ള ക്രിയേറ്റീവ് പ്രശ്നങ്ങള്‍ കാരണം അദ്ദേഹം ആ ചിത്രം ഉപേക്ഷിക്കുകയും പകരം അല്ലു അര്‍ജുന് ഈ വേഷം ലഭിക്കുകയുമായിരുന്നു.

പുഷ്പ: ദി റൈസ് മികച്ച പ്രീ-റിലീസ് ബിസിനസ്സ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുകുമാറിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രം തിയേറ്റര്‍, നോണ്‍-തിയറ്റര്‍ അവകാശങ്ങളില്‍ നിന്ന് നല്ലൊരു തുക നേടി. പുഷ്പയുടെ എല്ലാ ഭാഷകളിലുമുള്ള തിയേറ്റര്‍ അവകാശങ്ങള്‍ക്ക് ഫാന്‍സി വില ലഭിക്കുകയും ഒരു മികച്ച ഒടിടി പ്ലെയര്‍ അതിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ക്കായി ഒരു ഫാന്‍സി തുക നല്‍കുകയും ചെയ്തു. റിലീസിന് മുമ്പ് പുഷ്പ: ദ റൈസ് 250 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അല്ലുവിനൊപ്പമുള്ള രശ്മിക മന്ദാനയുടെ ആദ്യ ചിത്രം കൂടിയാണ് പുഷ്പ. മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുകയാണ്. മമ്മൂട്ടി ചിത്രമായ സി.ബി.ഐ സീരിസിലെ അഞ്ചാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ പത്തിനാണ് സിനിമയുടെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത്. മലയാള കുറ്റാന്വേഷണ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ സിനിമകളാണ് എസ്.എന്‍. സ്വാമി തിരക്കഥയെഴുതി കെ. മധു സംവിധാനം ചെയ്ത സിബിഐ സീരീസിലുള്ള അഞ്ച് സിനിമകളും.

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സേതുരാമയ്യറായി എത്തുമ്പോള്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സി.ബി.ഐ സീരിസിലെ എല്ലാ ഭാഗങ്ങളിലും സേതുരാമയ്യരുടെ സഹായിയായി ഉണ്ടായിരുന്ന വിക്രം എന്ന കഥാപാത്രത്തെ അഭിനയിച്ച ജഗതി ശ്രീകുമാര്‍ അഞ്ചാം ഭാഗത്തിലും ഉണ്ടാകും. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരിക്കും സിനിമയുടെ ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1988-ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് മുതലാണ് സിബിഐ സീരീസ് സിനിമകള്‍ തുടങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ. (2004), നേരറിയാന്‍ സി.ബി.ഐ. (2005) തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങി. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം വരുന്നത്. ബാസ്‌കറ്റ് കില്ലിംഗ് എന്ന ഏറെ ചര്‍ച്ചയായ പ്രമേയം മുന്‍നിര്‍ത്തിയാണ് സി.ബി.ഐ 5 എന്ന് എസ്.എന്‍. സ്വാമി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കുടുബപ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെ നടി മീരാ ജാസ്മിന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകന്‍. ‘മകള്‍’ എന്നാണ് ചിത്രത്തിന്റെ പേര് എന്നും അദ്ദേഹം അറിയിച്ചു. പുതിയ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അതിന്റെ പേരിനായി അന്വേഷണം തുടങ്ങുമെന്നും എന്നാല്‍ അത് തെളിഞ്ഞ് വരാന്‍ സമയമെടുക്കുമെന്നും സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇപ്പോഴാണ് ആ പേര് തെളിഞ്ഞ് വന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്. ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു. ‘മകള്‍’ അത് നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ ‘മകള്‍’ നിങ്ങള്‍ക്കു മുമ്പിലെത്തും,’ സത്യന്‍ അന്തിക്കാട് കുറിച്ചു

വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിന്‍.

തിയേറ്ററുകളില്‍ ആവേശത്തിരയിളക്കിയ ചിത്രങ്ങള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ കുറുപ്പ് കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകളില്‍ പുറത്തിറങ്ങിയ ആദ്യ ബിഗ് ബജറ്റ് ചിത്രമാണ്. ദുല്‍ഖര്‍ ചിത്രം കുറുപ്പ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നതായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചു. കുറുപ്പിലെ നായിക ശോഭിത ധുലിപാലയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രം ഡിസംബര്‍ 17ന് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ 17ന് പുറത്തിറങ്ങും. പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആമസോണ്‍ ഹെല്‍പ്പ് എന്ന ഫേസ്ബുക്ക് ഹാന്‍ഡിലൂടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചത്. ഏറെനാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.അഞ്ചു ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്.

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ ആണ് ഒ.ടി.ടിയില്‍ വരുന്ന മൂന്നാമത്തെ ചിത്രം. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ഡിസംബര്‍ 23ന് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 25നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്.

രാജമൗലി ചിത്രങ്ങള്‍ക്കായി ഇന്ത്യന്‍ സിനിമ ലോകം വളരെയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ ആര്‍ ആര്‍. രുധിരം, രണം, രൗദ്രം, എന്നാണ് ചിത്രത്തിന്റെ പൂര്‍ണ്ണമായ പേര്. രാംചരണും, ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ആലിയ ഭട്ടാണ്. നടിയുടെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണിത്. അജയ് ദേവ് ഗണ്ണും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ചരിത്രവും ഫിക്ഷനും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കുന്നത്. 2022 ജനുവരി 7 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.

മലയാള സിനിമയെ കുറിച്ചും താരരാജാക്കന്മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ് സംവിധായകന്‍ മനസ് തുറക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നാണ് രാജമൗലി പറയുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് കൊണ്ട് സിനിമ ചെയ്യാത്തിന്റെ കാരണവും സംവിധായകന്‍ പറയുന്നുണ്ട്.

‘തന്റെ സിനിമക്ക് കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്. അല്ലാതെ ശരി, ഇതൊരു മലയാളി നടനെ വച്ച് ചെയ്യാം തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കംു വിധമുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ പ്രതീക്ഷിക്കാം.’ – ചോദ്യത്തിന് ഉത്തരമായി രാജമൗലി പറഞ്ഞു.

തമിഴില്‍ നവരസ ആയിരുന്നെങ്കില്‍ മലയാളത്തില്‍ എംടി കഥകളുടെ അടിസ്ഥാനത്തില്‍ ഒരു ആന്തോളജി ഒരുങ്ങുകയാണ്. എംടിയുടെ പത്ത് കഥകളെ ആസ്പദമാക്കിയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജി പുറത്തിറങ്ങുന്നത്.

എംടിയുടെ ‘ഷെര്‍ലക്ക്’ എന്ന ചെറുകഥയെ ആസ്പദമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. ‘ബാലു’ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ബാലുവായി ഫഹദ് എത്തുമ്പോള്‍ ചേച്ചിയായി എത്തുന്നത് നദിയ മൊയ്തുവാണ്. ഈ വീട്ടിലെ പൂച്ചയുടെ പേരാണ് ഷെര്‍ലക്ക്. അടുത്ത വര്‍ഷം ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ് തുടങ്ങിയവരാണ് മഹേഷ് നാരായണനെക്കൂടാതെ ഈ ആന്തോളജിയില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന മറ്റു സംവിധായകര്‍. പ്രിയദര്‍ശന്റെ രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ ബിജു മേനോനും, മറ്റൊന്നില്‍ മോഹന്‍ലാലുമാണ് അഭിനയിക്കുന്നത്. ലിജോ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ആണ് നായകന്‍. ലിജോ സംവിധാനം ചെയ്യുന്നത് കടുഗണ്ണാവ ഒരു യാത്ര എന്ന കഥയാണ്. ബിജു മേനോന്‍ നായകനാവുന്ന ചിത്രം ശിലാലിഖിതം ആണ്, മോഹന്‍ലാല്‍ നായകനായി എത്തുന്നത് ഓളവും തീരവും റീമേക്കില്‍ ആണ്. ഉണ്ണി മുകുന്ദന്‍ ആണ് ജയരാജ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്. സന്തോഷ് ശിവന്‍ ഒരുക്കുന്ന അഭയം തേടി എന്ന ചിത്രത്തില്‍ സിദ്ദിഖ് ആണ് നായകന്‍.

ചെന്നൈ: പ്രിയതാരം രജനീകാന്തിന്റെ ജന്മദിനാഘോഷങ്ങളുടെ തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ. രജനീകാന്തിന്റെ ജന്മദിനമായ ഇന്ന് രജനി ഫാൻ മൻട്രങ്ങൾ വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. രജനികാന്തിന്റെ എഴുപത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാംശകൾ നേർന്നത്.

ക്രിയേറ്റീവ് പോസ്റ്ററുകളുടെയും വീഡിയോകളുടെയും രൂപത്തിലാണ് പ്രിയതാരത്തിന് ആരാധകർ ജന്മദിനാശംസകൾ നേർന്നത്. രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും അദ്ദേഹത്തിന്റെ പഴയ സിനിമകൾ പ്രദർശിപ്പിച്ചുമൊക്കെയും ആരാധകർ ജന്മദിനാഘോഷിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം നിരവധി ക്ഷേമപ്രവർത്തനങ്ങളും ആരാധകർ നടത്തുന്നുണ്ട്.

സിരുത്തൈ ശിവ സംവിധാനം ചെയ്ത അന്നാത്തേയാണ് രജനികാന്ത് അഭിനയിച്ച ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ദീപാവലി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. കീർത്തി സുരേഷ്, നയൻതാര, ജഗപതി ബാബു, മീന, ഖുശ്ബു, പ്രകാശ് രാജ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.

ഈ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ആറ് ചിത്രങ്ങളുമായി ബോളിവുഡ് ലിസ്റ്റില്‍ മുന്നിലെത്തിയപ്പോള്‍ നാല് തെന്നിന്ത്യന്‍ ചിത്രങ്ങളും ഐഎംഡിബിയുടെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.

പ്രേക്ഷക ശ്രദ്ധ നേടിയ സൂര്യ ചിത്രം ജയ് ഭീം ആണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കൂടാതെ വിജയ് ചിത്രം മാസ്റ്റര്‍, ധനുഷിന്റെ കര്‍ണ്ണന്‍ എന്നീ ചിത്രങ്ങളും ലിസ്റ്റില്‍ ഇടം നേടി. ബോളിവുഡ് ചിത്രം ഷേര്‍ഷാ ആണ് രണ്ടാമത്. സൂര്യവന്‍ശി, സര്‍ദാര്‍ ഉദ്ധം, മിമി, ഷിദ്ദത്ത്, ഹസീന്‍ ദില്‍റുബ എന്നീ സിനിമകളാണ് മറ്റ് ബോളിവുഡ് എന്‍ട്രികള്‍. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ആണ് ലിസ്റ്റില്‍ ഇടം നേടിയ മലയാളം സിനിമ. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനമാണ് ദൃശ്യം 2വിനുള്ളത്.

നേരത്തെ ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിലും ദൃശ്യം 2 ഇടംപിടിച്ചിരുന്നു. ദൃശ്യം 2നൊപ്പം ജയ് ഭീം, ഷേര്‍ഷാ, മാസ്റ്റര്‍, സൂര്യവന്‍ശി എന്നീ ചിത്രങ്ങളും ഗൂഗിളിന്റെ മോസ്റ്റ് സെര്‍ച്ച്ഡ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.

ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ്

1 ജയ് ഭീം

2 ഷേര്‍ഷാ

3 സൂര്യവന്‍ശി

4 മാസ്റ്റര്‍

5 സര്‍ദാര്‍ ഉദ്ധം

6 മിമി

7 കര്‍ണ്ണന്‍

8 ഷിദ്ദത്ത്

9 ദൃശ്യം 2

10 ഹസീന്‍ ദില്‍റുബ

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം കടുവക്ക് താല്‍കാലിക സ്റ്റേ. കുരുവിനാകുന്നില്‍ കുരുവച്ചന്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സബ് കോടതിയാണ സ്റ്റേ ഏര്‍പ്പെടുത്തിയത്. കുറുവച്ചന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അതിനാല്‍ ചിത്രം തനിക്ക് മാനസിക വിഷമതകള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ അണിയറ പ്രവര്‍ത്തകരായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതി നോട്ടീസും അയച്ചു.

ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം ‘കടുവ’ ഒരു മാസ് എന്റര്‍ടെയ്‌നറാണ്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.