Entertainment (Page 187)

നരസിംഹം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിലൂടെ സിനിമ നിര്‍മ്മാതാവായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു. ഇതില്‍ പലതും വലിയ റെക്കോര്‍ഡ് ആണ് മലയാള സിനിമക്ക് നല്‍കിയത്.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ രണ്ട് ദേശീയ അവാര്‍ഡുകളും നാല് കേരള സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. 2000 ആരംഭിച്ച ആശിര്‍വാദ് സിനിമാസ് മോഹന്‍ലാല്‍ അഭിനയിച്ച 32 ചിത്രങ്ങളാണ് നിര്‍മ്മിച്ചത്. പ്രണവ് നായകനായ ആദിയും ആശിര്‍വാദ് സിനിമാസ് തന്നെയാണ് നിര്‍മ്മിച്ചത്.

കിലുക്കം മുതല്‍ 26 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. മുഴുനീള കഥാപാത്രമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 പോലുള്ള സിനിമകളില്‍ അഭിനയിച്ച ആന്റണി ഇപ്പോള്‍ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ഒരു നടന്‍ എന്ന നിലയില്‍ അംഗത്വം സ്വീകരിച്ചിരിക്കുകയാണ്. ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ആന്റണി അംഗത്വമെടുത്തിരിക്കുന്നത്.

മലയാളത്തിലെ യുവനടന്മാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. ഈ അടുത്ത് പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പി’ ലും ഭാസിപ്പിള്ളയായി മികച്ച പ്രകടനമാണ് ഷൈന്‍ കാഴ്ച വച്ചത്. സംവിധായകന്‍ ഭദ്രന്‍ കഴിഞ്ഞ ദിവസം ഷൈനിന്റെ അഭിനയത്തെ കുറിച്ച് പുകഴ്ത്തിയിരുന്നു. ‘മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ എന്ന് ഷൈനിന്റെ അഭിനയത്തെ കുറിച്ച് ഭദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഷൈനിനെ അഭിനന്ദിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ‘വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കില്‍, ഒരേയൊരു പാവന പുരസ്‌കാരം. ആ നിലയില്‍, ഇതിനു മുന്‍പും ഷൈന്‍ പുരസ്‌കൃതനാണ്. ഇത് ഒരു സ്വര്‍ണപ്പതക്കവും. ‘ഗദ്ദാമ’യില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവന്‍ എന്ന നിലയിലും, ഒരു ജ്യേഷ്ഠ സഹോദരന്‍ എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന,’ മുരളി ഗോപിയുടെ വാക്കുകള്‍.

നവംബര്‍ 12ന് തിയേറ്ററില്‍ റിലീസ് ചെയ്ത ‘കുറുപ്പ്’ കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സിലും എത്തിയിരുന്നു. ഇതോടെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കുറുപ്പിന്റെ സുഹൃത്ത് ഭാസിപ്പിള്ള ആയാണ് ഷൈന്‍ എത്തുന്നത്.

പാട്ടിന് ഏറെ പ്രാധാന്യം കൊടുത്ത് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ‘ദര്‍ശന’ സോംഗ് ഇതിനകം തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി കഴിഞ്ഞു. പിന്നീട് ഇറങ്ങിയ രണ്ട് പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പ്രണവിന്റെ അഭിനയത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രണവിന്റെ അഭിനയത്തില്‍ കാര്യമായ മാറ്റം വരുന്നുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ അഭിപ്രായപ്പെടുന്നത്. ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് പ്രണവിനും ലഭിച്ചിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്.

വിനീതിന്റെ വാക്കുകള്‍

‘നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്. കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക്ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്. അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്‌ബോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ്‌ പ്രണവ്’.

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിനയത്തെ പുകഴ്ത്തി സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭദ്രന്‍ യുവനടനെ പുകഴ്ത്തി രംഗത്തെത്തിയത്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്, അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയി ഇരിക്കെ, ഏറെ സിനിമകള്‍ കാണുകയുണ്ടായി. പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷക്കും അതിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, a genuine actor will form. ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്.

ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നത്. മോനേ കുട്ടാ, നൈസര്‍ഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങള്‍ കാഴ്ച്ചയില്‍ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത raw material ആണെന്ന് ഓര്‍ക്കുക…

ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തിയ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ആദ്യ ദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതെങ്കിലും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

ചിത്രത്തിനെതിരെ വളരെയേറെ ഡീഗ്രേഡിങ്ങും നടന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍. സിനിമയെ പലരും വാനോളം പുകഴ്ത്തി, ചിലര്‍ ബോധപൂര്‍വമായ ഡീഗ്രേഡിങ്ങിലൂടെ ഇന്‍ഡസ്ട്രിയെ കൊല്ലുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍

‘ആരാണ് ഇത് ചെയ്യുന്നതെന്ന് നമുക്ക് അറിയാന്‍ സാധിക്കില്ലല്ലോ. ഇക്കാര്യത്തില്‍ അമ്മയ്ക്ക് ഒന്നും ചെയ്യാനാകില്ല. സിനിമ കണ്ടിട്ട് നല്ലതാണെങ്കില്‍ നല്ലതെന്ന് പറയാം മോശമാണെങ്കില്‍ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിംഗ് ഉണ്ടായി. അത് ഈ സിനിമക്ക് മാത്രമല്ല ഒരുപാട് സിനിമകള്‍ക്കെതിരെയും ഉണ്ടായി. ഇതിലൂടെ വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണ്.’

അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’ പുറത്തിറങ്ങുന്ന തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം സ്വന്തം ശബ്ദം നല്‍കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടന്‍ ഫഹദ് ഫാസില്‍. മലയാളത്തിനു പുറമെ മറ്റെല്ലാ പതിപ്പുകള്‍ക്കും ഫഹദ് തന്നെ ഡബ്ബ് ചെയ്യുകയായിരുന്നുവെന്ന് അല്ലു തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പടുത്തിയത്.

ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘പുഷ്പ’. അല്ലു നായകനാകുന്ന പുഷ്പയില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. മൊട്ടയടിച്ച ലുക്കില്‍ ബന്‍വാര്‍ സിംഗ് ഷേക്കാവത് ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് വേഷമിട്ടിരിക്കുന്നത്.

പുഷ്പരാജ് എന്ന കള്ളക്കടത്തുകാരനായാണ് അല്ലു അര്‍ജുന്‍ വേഷമിടുന്നത്. ഉള്‍വനങ്ങളില്‍ ചന്ദന കള്ളക്കടത്തു നടത്തുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സംവിധായകന്‍ സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന ഒരു ആരാധികക്ക് ആശ്വാസവാക്കുകളുമായി വന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൗമ്യ എന്ന ആരാധികക്ക് വേണ്ടിയാണ് രജനികാന്തിന്റെ ആശ്വാസ വാക്കുകള്‍ വീഡിയോ സന്ദേശമായി എത്തിയത്.

‘ഹലോ സൗമ്യ, സുഖമായായിരിക്കുന്നോ? നന്നായി ഇരിക്കൂ, നിനക്ക് ഒന്നും ഉണ്ടാകില്ല. ക്ഷമിക്കണം കണ്ണാ, ഇപ്പോള്‍ കൊറോണയൊക്കെ ആയതുകൊണ്ട് എനിക്ക് നിന്നെ കാണാന്‍ കഴിയിന്നില്ല, മാത്രമല്ല എനിക്ക് ആരോഗ്യപരമായി അത്ര സുഖവുമില്ല. അല്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ വന്നു കാണുമായിരുന്നു മകളെ, ധൈര്യമായിരിക്കൂ മകളെ, ഒന്നും ഉണ്ടാകില്ല, ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. നോക്ക് നീ എത്ര സുന്ദരിയാണ്. ചിരിക്കുമ്പോള്‍ നീ എത്ര ഭംഗിയായിരുന്നു. വിഷമിക്കണ്ട കണ്ണാ.. നീ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും…’ എന്നാണ് രജനികാന്ത് വീഡിയോയില്‍ പറയുന്നത്.

തിയേറ്ററുകളില്‍ മികച്ച ആരവമുണ്ടാക്കിയതിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ ചിത്രം കണ്ട് ആവേശത്തോടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് ഇത് എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്. എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത് ‘തേന്‍മാവിന്‍ കൊമ്പത്താണ്’…കൊള്ളാം.. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‌കെയിലില്‍ ആണ്. ഇത്തരത്തില്‍ ആദ്യ സംഭവമാണ്. പ്രിയന്‍ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റുമാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാല്‍, ഞാന്‍ മൂന്ന് മണിക്കൂറുള്ള സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, സംഗീതം, ശബ്ദം കൂടാതെ എല്ലാവരിലും മികച്ച അഭിനയം…എല്ലാവരും മിടുക്കരായിരുന്നു. മോഹന്‍ലാല്‍ എന്ന സമര്‍ഥനായ ഒരു നടനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരും ദശകങ്ങളില്‍ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കുമെന്നും പ്രതാപ് പോത്തന്‍ എഴുതുന്നു.

തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു. പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ. പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും മൂക്കിന്റെയും വലിയ ക്ലോസപ്പില്‍. രണ്ടുപേരും എന്നെ സ്പര്‍ശിച്ചു.

എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പന്‍ ആശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു. അദ്ദേഹം പൂര്‍ണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു. പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, ആ പെണ്‍കുട്ടി വലിയ സംഭവമാകും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകള്‍ നിങ്ങള്‍ ക്ഷമിക്കണം, ഇതിനകം തന്നെ അവള്‍ ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മുന്‍വിധികളില്ലാതെ ഇത് കാണുക എന്നും തന്നെ വിശ്വസിക്കാമെന്നും പ്രതാപ് പോത്തന്‍ എഴുതുന്നു.

തിയേറ്റര്‍ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് എത്തുന്നത് തടയാനുള്ള നിയമസംവിധാനം കൊണ്ടുവരേണ്ടതുണ്ടെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാമേഖലക്ക് വന്‍ ഭീഷണിയാണെന്നും ബേസില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ഫയല്‍ ഷെയറിംഗ് ആപ്പായതിനാല്‍ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണ്. ടെലഗ്രാം ഒരു ആപ്പെന്ന നിലയില്‍ നിരോധിക്കാന്‍ പറ്റില്ലായിരിക്കാം. പക്ഷേ അതിലെ ഗ്രൂപ്പുകളിലേക്ക് തീയറ്റര്‍ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ലായെന്നോര്‍ത്ത് ആശങ്കയുണ്ട്.”

ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് സംവിധായകന്‍ സാജിദ് യഹിയയും ആവശ്യപ്പെട്ടു. ‘ഒരു ഗ്രൂപ്പില്‍ സിനിമ എത്തി അത് ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളില്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് പുതിയ ചിത്രത്തിന്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എത്രയൊക്കെ തടയിടാന്‍ ശ്രമിച്ചാലും ഫലമുണ്ടാകില്ല. ഈ ആപ്പ് ബാന്‍ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാന്‍ വേറെ വഴിയില്ല.’- സാജിദ് പറഞ്ഞു.

ഭീമന്റെ വഴിയില്‍ എന്ന ചിത്രത്തില്‍ ഭീമനായെത്തിയ കുഞ്ചാക്കോ ബോബനെ മലയര്‍ത്തിയടിച്ച് വീഴ്ത്തുന്ന നടി ചിന്നു ചാന്ദ്‌നിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ വീഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.

https://fb.watch/9Y4vTcFwNX/

‘ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ… ജൂഡോ പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ’ എന്നായിരുന്നു വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പ്.

ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ‘തമാശ’ ക്ക് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭീമന്റെ വഴി’. ചാക്കോച്ചനെയും ചിന്നുവിനെയും കൂടാതെ ജിനു ജോസഫ്, വിന്‍സി അലോ ഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.