പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോം’ ഇന്ത്യയില്‍ തിയേറ്ററുകളിലെത്തി. യുഎസ് അടക്കമുള്ള ചില രാജ്യങ്ങളേക്കാള്‍ ഒരു ദിവസം നേരത്തെയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്തത്. 3100 സ്‌ക്രീനുകളിലാണ് സ്‌പൈഡര്‍മാന്‍ എത്തിയത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യം മുതലേ ലഭിക്കുന്നത്.
ജോണ്‍ വാട്‌സിന്റെ സംവിധാനത്തില്‍ ടോം ഹോളണ്ട് തന്നെയാണ് സ്‌പൈഡര്‍മാനായി എത്തുന്നത്. സ്‌പൈഡര്‍മാന്റെ കാമുകി കഥാപാത്രമായി സെന്‍ഡേയ തന്നെ എത്തുന്നതും. ‘സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം’, ‘സ്‌പൈഡര്‍മാന്‍- ഹോം കമിംഗ്’ എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ ടോം ഹോളണ്ട് സ്‌പൈഡര്‍മാന്‍ സിനിമകള്‍. ഈ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് സ്‌പൈഡര്‍മാന്‍ നോ വേ ഹോം തന്നെയാണെന്നാണ് പൊതു അഭിപ്രായം.
മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സോണി പിക്‌ചേഴ്‌സ് റിലീസിംഗാണ് വിതരണം. സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്‌പൈഡര്‍മാന്‍ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന് ആരാധകര്‍ സംശയിച്ചിരുന്നു. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം എന്നൊക്കെയാണ് സമൂഹ്മാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍.

