Entertainment (Page 185)

മാര്‍വല്‍ ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ ചിത്രം സ്‌പൈഡര്‍മാന്‍: നോ വേ ഹോം ആഗോള ബോക്സ് ഓഫീസില്‍ 1.05 ബില്യണ്‍ ഡോളര്‍ .കളക്ഷന്‍ നേടി മുന്നേറുകയാണ്. 2019-ന് ശേഷം ലോകമെമ്പാടും 1 ബില്യണ്‍ ഡോളറിലധികം സമ്പാദിക്കുന്ന ആദ്യ ചിത്രമാണ് സ്‌പൈഡര്‍മാന്‍ സീരീസിലെ മുന്നാം ഭാഗമായ ചിത്രം. റിലീസായി 12 ദിവസങ്ങള്‍ക്കുള്ളിലാണ് സ്പൈഡര്‍മാന്‍: നോ വേ ഹോമിന് ഈ നേട്ടം കൈവരിക്കുന്നത്.

നോ വേ ഹോമില്‍ ടോം ഹോളണ്ടും സെന്‍ഡയയും പീറ്റര്‍ പാര്‍ക്കറും എംജെയും ആയി അഭിനയിക്കുന്നു. 2019 ഡിസംബറില്‍ പുറത്തിറങ്ങിയ സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്‌കൈവാക്കര്‍ ആണ് 1 ബില്ല്യണ്‍ കളക്ഷന്‍ നേടിയ അവസാന ചിത്രം. ലോകമെമ്പാടും ഇതുവരെ 1 ബില്യണ്‍ ഡോളര്‍ സമ്പാദിച്ച പാന്‍ഡെമിക് യുഗത്തിലെ ഏക ചിത്രവും സ്‌പൈഡര്‍മാന്‍ തന്നെയാണ്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. പ്രതാപന്‍ കെ.എസ്. എന്ന നാടക നടനാണ് ചായക്കട മുതലാളിയായി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഡ്യൂപ്പില്ലാതെ ശരീരത്തില്‍ തീപിടിപ്പിച്ച് ക്ലൈമാക്‌സ് ഫൈറ്റില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണിപ്പോള്‍.

പ്രതാപന്‍ കെ എസിന്റെ വാക്കുകള്‍

”മിന്നല്‍ മുരളി…ഏറെ സന്തോഷം. സിനിമയില്‍ ഈ തയ്യാറെടുപ്പ് എടുത്ത് ചെയ്തത് ഒരഞ്ച് നിമിഷം ഇല്ല, പക്ഷെ ഒരു കാര്യം ചെയ്തു എന്ന തോന്നിയ നിമിഷമായിരുന്നു. കര്‍ണ്ണാടകയിലെഒരു വിദൂര ഗ്രാമത്തില്‍ സെറ്റിട്ട് , ഷിബു നാട് മുഴുവന്‍ കത്തിച്ച് താണ്ഡവമാടുമ്പോള്‍ എന്റെ പൈലിയേയും കത്തിക്കുന്നുണ്ട് അതെടുക്കാനായിരുന്നു ഈ തയ്യാറെടുപ്പ്. ലൊക്കേഷനില്‍ ഞാന്‍ അവസാന നിമിഷമാണ് അറിഞ്ഞത് തീപിടിക്കുന്നുണ്ടെന്ന്. സ്റ്റണ്ട് മാസ്റ്റര്‍ സുപ്രീം സുന്ദര്‍ പഴയ പരിചയം പുതുക്കിയിട്ട് (അജഗജാന്തരത്തില്‍ വച്ച് പരിചയപെട്ടിരുന്നു ) പറഞ്ഞു ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന്. അതായത് ഞാന്‍ നിന്ന് കത്തണമെന്ന്. ആ നിമിഷം ഞാന്‍ ഒന്ന് ഞെട്ടി അസ്ഥി തുളക്കും പോലെ ഉള്ള ആതണുപ്പില്‍ ഞാന്‍ ഒന്ന് വിയര്‍ത്തു. ഞാന്‍ തീരുമാനം അറിയിക്കാന്‍ രണ്ട് മിനിറ്റ് ചോദിച്ചു.

ആ പാതിരാത്രി വീട്ടിലേക്ക് ഭാര്യ സന്ധ്യയെ വിളിച്ച് കാര്യം പറഞ്ഞു. ശരീരത്ത് അവിടെവിടെയായ് തീപ്പിടിപ്പിക്കണമെന്നാണ് അലോചന. സന്ധ്യ Sandhya Prathapan ശകലം ആലോചിച്ചു എന്നിട്ട് പറഞ്ഞു. ചരിത്ര പുസ്തകത്തിലേക്ക് ഒരേട് എന്ന നാടകത്തില്‍ നിങ്ങള്‍ സ്വന്തം തലയില്‍ തീകത്തിച്ച് കാപ്പി വച്ച ആളല്ലെ? എല്ലാ സുരക്ഷിതത്വവും ഉണ്ട് എന്ന് തോന്നിയാല്‍ അങ്ങട്ട് ചെയ്യ്. ഫോണ്‍ വച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല.
സംവിധായകന്‍ ബേസില്‍, നടന്റെ തീരുമാനം എന്ന ശരീരഭാഷയില്‍ എന്നെ ഒന്ന് നോക്കി തീരുമാനത്തിന് കാത്തു. അസോസിയേറ്റ് ഡയറക്റ്റര്‍ Sivaprasad Kv എപ്പോഴും മുഖത്തുള്ള ചിരിയുമായ് എന്നെ നോക്കുന്നു. യൂ റ്റു ബ്രൂട്ടസ് എന്ന പ്രശസ്തമായ ഡയലോഗ് ഞാന്‍ ശിവനെ നോക്കി മനസില്‍ പറഞ്ഞു. ഒന്ന് ശ്വാസമെടുത്ത് സ്റ്റണ്ട് മാസ്റ്ററോട്(സുപ്രീം സുന്ദര്‍ ) ചോദിച്ചു. എത്ര ശതമാനം എന്റെ ശരീരത്തിന് ഗാരണ്ടി? മാസ്റ്റര്‍ പറഞ്ഞു ഇരുന്നൂറ് ശതമാനം. ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു.

പിന്നെ ശരീരം മുഴുവന്‍ തുണി ചുറ്റി ആ കൊടുംതണുപ്പത്ത് സുരക്ഷക്ക് വേണ്ടി തുണിക്കുള്ളിലേക്ക് ശരീരത്തിലേക്ക് കുപ്പിക്കണക്കിന ്സോഡ ഒഴിച്ച് കൊണ്ടേയിരുന്നു. തണുത്ത് വിറങ്ങലിച്ച ഞാന്‍ അസിസ്റ്റന്‍ഡ് ഡയറക്റ്റര്‍ Reese Thomas നോട് ധൈര്യത്തിനും തണുപ്പിനെ പ്രതിരോധിക്കാനും ഒരു രണ്ട് പെഗ് എവിടെന്നെങ്കിലും ഒപ്പിക്കടാന്ന് പറഞ്ഞ്. റീസ് വോക്കിയിലൂടെ എന്റെ ആവശ്യം പറയുന്നത് ഞാന്‍ കേട്ടു പക്ഷെ പല വോക്കിയില്‍ നിന്നും ”പ്രതാപേട്ടന്‍ പെഗ് ചോദിക്കുന്നുണ്ടേ ‘ എന്ന സന്ദേശം തലങ്ങും വിലങ്ങും പായുന്നത് ഞാന്‍ കേട്ടു പക്ഷെ ആ പെഗ് എന്നെ തേടി വന്നതേയില്ല.

ഒടുവില്‍ ഒരുക്കം പൂര്‍ത്തിയായതണുത്ത് വിറച്ച് ക്യാമറയുടെ മുന്‍പിലേക്ക് ആദ്യം ഒരു റിഹേഴ്‌സല്‍. രണ്ടാമത്തെ ടേക്കിന് ഒക്കെയായപ്പോള്‍ . ചുറ്റും നിന്നവര്‍ കൈയ്യടിച്ചു. സിനിമയില്‍ ആ സീന്‍ എത്ര സമയം ഉണ്ട് എന്ന് ഞാന്‍ വേവലാതിപെടുന്നേയില്ല. ഞാന്‍ ഒരു സിനിമാക്കാരനാണ് എന്ന് കരുതുന്നേയില്ല പക്ഷെ വിജയിച്ച നാടകക്കാരനാണ്. നാടകമാണ് എനിക്ക് സിനിമ തന്നത്. പിന്നീട് ഇതറിഞ്ഞ സുഹൃത്തുക്കള്‍ അത് വേണ്ടായിരുന്നു എന്ന് പറഞ്ഞു പക്ഷെ ഒരോ വിജയത്തിന് പിന്നിലും ഒരു റിസ്‌ക്ക് എലമെന്റുണ്ടാകും എന്ന് ഞാന്‍ മനസിലാക്കുന്നു എവറസ്റ്റ് അവിടെ ഉള്ളത് കൊണ്ടാണ് ഓരോ ദുര്‍ബലരായ മനുഷ്യനും അത് കയറി കൊടി നാട്ടുന്നത്. അയാള്‍ ആത്മവിശ്വാസിയായ് മാറുന്നത് മിന്നല്‍ മുരളി ഞങ്ങള്‍ക്കെല്ലാര്‍ക്കും അതാണ് തന്നത്. ആത്മവിശ്വാസം ,ഊര്‍ജ്ജം, ധൈര്യം. ഒരു മിന്നല്‍ ഒരോ മനുഷ്യനും ഏല്‍ക്കട്ടെ…”

ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരത്തിന് നടന്‍ ജോജു ജോര്‍ജ് അര്‍ഹനായി. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ നായാട്ടിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതിന് പുറമെ ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും നായാട്ടിന് ലഭിച്ചു. നായാട്ട് എന്ന ചിത്രത്തെ കുറിച്ചും ജോജുവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി പങ്കുവെച്ചത്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലൂടെ റിമ കല്ലിങ്കലിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. ‘ബറാ ബറ’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം.

നായാട്ടിലെ മണിയന്‍ എന്ന കഥാപാത്രമായി ജോജു ജോര്‍ജ്ജിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചന ഷാഹി കബീര്‍ ആണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മാണം. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.

ഗിരിഷ് കാസറവളളി , മനീഷ കൊയ്രാള, സുരേഷ് പൈ, സുദീപ് ചാറ്റര്‍ജി, സച്ചിന്‍ ചാറ്റെ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 84 രാജ്യങ്ങളില്‍ നിന്നുള്ള 130ലധികം സിനിമകള്‍ ആണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ ഗ്രൗണ്ടിലായിരുന്നു മേള നടന്നത്.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പിറന്ന മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് നിര്‍മാതാവ് സോഫിയ പോള്‍ രംഗത്ത്. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോള്‍ പറഞ്ഞു. ദി ഫെഡറലിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

”എന്താണ് മുന്നിലുള്ളതെന്ന് പറയാന്‍ ഇത് അല്‍പം നേരത്തെയാണ്. പക്ഷേ, ഞങ്ങള്‍ രണ്ടാം ഭാഗം പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും. എന്താണ് മനസ്സിലുള്ളതെന്ന് പറയാനാവില്ല. പക്ഷേ, അത് മികച്ച ഒരു അനുഭവമായിരിക്കും. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാം ഭാഗം പ്രഖ്യാപിക്കും. ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷേ, ബേസില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങള്‍ തീരുമാനിക്കും. പറഞ്ഞതു പോലെ വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്.

പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തില്‍ എത്തിക്കാനുള്ള ലൈസന്‍സാണ്. മിന്നല്‍ മുരളി ത്രിമാന രൂപത്തില്‍ ചിത്രീകരിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട്.”- സോഫിയ പോള്‍ പറഞ്ഞു.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. നടന്‍ പി ബാലചന്ദ്രന്‍ ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍, അദ്ദേഹം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മുന്നേ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത് നടന്‍ ഹരീഷ് പേരടിയാണ്. അദ്ദേഹത്തിന് വേണ്ടി ശബ്ദം നല്‍കാന്‍ ബേസില്‍ ജോസഫ് വിളിച്ചപ്പോള്‍ അതൊരു ഗുരുദക്ഷിണ പോലെയാണ് തോന്നിയതെന്ന് ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് :

‘എന്റെ നാടക രാത്രികളില്‍ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്‌നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..മിന്നല്‍ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാന്‍ വേണ്ടി ബേസില്‍ എന്നെ വിളിച്ചപ്പോള്‍ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി.’

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സില്‍ റിലീസായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മിന്നല്‍ മുരളി ഇപ്പോള്‍.

സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിച്ചര്‍, ഡികപ്പിള്‍ഡ്, ആരണ്യക്, എന്നിവയാണ് തുടര്‍ന്നുള്ള നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രൊമോഷനാണ് മിന്നല്‍ മുരളിക്ക് നെറ്റ്ഫ്‌ളിക്‌സ് നല്‍കിയത്.

‘ഡോണ്ട് ലുക്ക് അപ്പ്’, മണി ഹെയ്സ്റ്റ്, സൂര്യവന്‍ശി, സ്‌ക്വിഡ് ഗെയിം, സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്നിവയാണ് ആറ് മുതല്‍ പത്ത് സ്ഥാനങ്ങളില്‍ ഉള്ളത്.

‘മിന്നല്‍ മുരളി’യില്‍ നായകനോളമോ നായകനെക്കാളുമോ കൈയ്യടി നേടി മുന്നേറുകയാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ‘ഷിബു’. ത്യാഗരാജന്‍ കുമാരരാജയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ആരണ്യകാണ്ഡ’ത്തിലൂടെയാണ് ഗുരു സോമസുന്ദരത്തിന്റെ സിനിമാ നടനായുള്ള അരങ്ങേറ്റം. ശേഷം അദ്ദേഹം 2013ല്‍ പുറത്തിറങ്ങിയ മലയാളം ആന്തോളജി ചിത്രമായ 5 സുന്ദരികളിലും അഭിനയിച്ചു. പിന്നീട് ആസിഫ് അലിക്കൊപ്പം ‘കോഹിനൂരി’ലും ശ്രദ്ധേയമായ വേഷത്തിലൂടെ നമുക്ക് മുന്നിലെത്തി.

മിന്നല്‍ മുരളി പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുമ്പോള്‍ മലയാളത്തില്‍ നിന്നുള്ള മറ്റൊരു വന്‍ പ്രോജക്റ്റും മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റവുമായ ‘ബറോസി’ ന്റെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് ഗുരു സോമസുന്ദരം. ‘ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുണ്ട്, ബറോസില്‍. മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ലാലേട്ടനോട് ഫോണില്‍ സംസാരിച്ചു. നിങ്ങള്‍ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം എന്ന് പറഞ്ഞു’, ഗുരു സോമസുന്ദരം പറയുന്നു. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ മിന്നല്‍ മുരളി തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ വിചാരിച്ച സിനിമയായിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഒടിടി റിലീസിലേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരം: നിലവിലെ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ കമലിന്റെ കാലാവധി പൂര്‍ത്തിയാകുന്നതോടെ പുതിയ ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് സ്ഥാനമേല്‍ക്കും.

നടി കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഗായകന്‍ എം ജി ശ്രീകുമാര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ആദ്യമായാണ്‌ ഇരുവരും സര്‍ക്കാരിന്റെ കീഴില്‍ പദവികളിലേക്ക് എത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ രഞ്ജിത്തിനെ എല്‍ഡിഎഫ് പരിഗണിച്ചിരുന്നു. എന്നാല്‍, വിവാദങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

1983 ലെ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ വിജയത്തെ ആസ്പദമാക്കിയുള്ള ചിത്രമായ ’83’ യെ കുറിച്ചുള്ള വിരാട് കോലിയുടെ അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലായിരിക്കുന്നത്. സിനിമ കണ്ടതിന് ശേഷം അതിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കോലി അഭിനന്ദിക്കുകയും മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയതെന്ന് പങ്കുവെക്കുകയും ചെയ്തു.

‘ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ നിമിഷം ഇതിലും മികച്ച രീതിയില്‍ പുനരാവിഷ്‌കരിക്കാന്‍ കഴിയുമായിരുന്നില്ല. അതിശയകരമായ ഈ സിനിമയ്ക്ക് 1983-ലെ ലോകകപ്പിന്റെ നിമിഷത്തിലേക്ക് നിങ്ങളെ മുഴുകിയിരുത്തുന്നു. ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്’, കോലി ട്വിറ്ററില്‍ കുറിച്ചു.

രണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഈ ചിത്രം ഇന്നലെയാണ് റിലീസായത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവായി ആണ് നടന്‍ രണ്‍വീര്‍ സിംഗ് അഭിനയിക്കുന്നത്.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായക കഥാപാത്രമായി എത്തിയ സൂപ്പര്‍ ഹീറോ ചിത്രത്തില്‍ പ്രതിനായകനായെത്തിയത് ഗുരു സോമസുന്ദരമാണ്. ഇരുവരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭ്യമാകുന്നത്. ഗുരു സോമസുന്ദരത്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ടൊവിനൊ തോമസ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ.

‘ഒരുപാട് കാര്യങ്ങള്‍ ജീവിതത്തെയും സിനിമയെ കുറിച്ചും മറ്റുള്ളവയെ കുറിച്ചുമൊക്കെ സംസാരിക്കുന്ന സ്വീറ്റായ ഒരാളെ ഇവിടെ കണ്ടുമുട്ടി. ‘ജയ്‌സണും’ ‘ഷിബു’വും ആയി അഭിനയിക്കാന്‍ ഞങ്ങള്‍ തമ്മിലൊരു ബന്ധവും കെമിസ്ട്രിയും അത്യാവശ്യമായിരുന്നു. അദ്ദേഹവുമായുള്ള എന്റെ ബന്ധം എന്നത് മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച വലിയ കാര്യമാണ്. ഞാന്‍ ഒരു വഴികാട്ടി എന്ന നിലയില്‍ കാണുന്ന ഒരു സുഹൃത്തിനെയും ലഭിച്ചതിലെ സന്തോഷം വാക്കുകള്‍ക്കതീതമാണ്. സര്‍, ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് നന്ദി. ഒരുപാട് ആശംസകള്‍ എന്നുമാണ് ടൊവിനൊ തോമസ് എഴുതിയിരിക്കുന്നത്.

പ്രമോഷണല്‍ വീഡിയോകളിലൊന്നും ‘മിന്നല്‍ മുരളിയുടേതായി’ ഗുരു സോമസുന്ദരത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നില്ല. മിന്നലേറ്റ് അമാനുഷികനായിട്ടുള്ള ഒരു കഥാപാത്രമാകുന്നുണ്ടെങ്കിലും പ്രതിനായക വശത്താണ് ഗുരു സോമസുന്ദരത്തിന്റെ ‘ഷിബു’. ‘ജെയ്‌സണ്‍’ എന്ന കഥാപാത്രത്തെ ആദ്യമേ സൂപ്പര്‍ഹീറോ ആയി അവതരിപ്പിച്ചെങ്കിലും ‘ഷിബു’വിനെ സസ്‌പെന്‍സായി മാറ്റിവയ്ക്കുകയായിരുന്നു. ചില കാരണങ്ങളാല്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ എനിക്ക് കാത്തിരിക്കേണ്ടി വന്നു എന്നും ടൊവിനൊ പറയുന്നു.