മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. പ്രതാപന്‍ കെ.എസ്. എന്ന നാടക നടനാണ് ചായക്കട മുതലാളിയായി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഡ്യൂപ്പില്ലാതെ ശരീരത്തില്‍ തീപിടിപ്പിച്ച് ക്ലൈമാക്‌സ് ഫൈറ്റില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണിപ്പോള്‍.
പ്രതാപന്‍ കെ എസിന്റെ വാക്കുകള്‍
”മിന്നല്‍ മുരളി…ഏറെ സന്തോഷം. സിനിമയില്‍ ഈ തയ്യാറെടുപ്പ് എടുത്ത് ചെയ്തത് ഒരഞ്ച് നിമിഷം ഇല്ല, പക്ഷെ ഒരു കാര്യം ചെയ്തു എന്ന തോന്നിയ നിമിഷമായിരുന്നു. കര്‍ണ്ണാടകയിലെഒരു വിദൂര ഗ്രാമത്തില്‍ സെറ്റിട്ട് , ഷിബു നാട് മുഴുവന്‍ കത്തിച്ച് താണ്ഡവമാടുമ്പോള്‍ എന്റെ പൈലിയേയും കത്തിക്കുന്നുണ്ട് അതെടുക്കാനായിരുന്നു ഈ തയ്യാറെടുപ്പ്. ലൊക്കേഷനില്‍ ഞാന്‍ അവസാന നിമിഷമാണ് അറിഞ്ഞത് തീപിടിക്കുന്നുണ്ടെന്ന്. സ്റ്റണ്ട് മാസ്റ്റര്‍ സുപ്രീം സുന്ദര്‍ പഴയ പരിചയം പുതുക്കിയിട്ട് (അജഗജാന്തരത്തില്‍ വച്ച് പരിചയപെട്ടിരുന്നു ) പറഞ്ഞു ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന്. അതായത് ഞാന്‍ നിന്ന് കത്തണമെന്ന്. ആ നിമിഷം ഞാന്‍ ഒന്ന് ഞെട്ടി അസ്ഥി തുളക്കും പോലെ ഉള്ള ആതണുപ്പില്‍ ഞാന്‍ ഒന്ന് വിയര്‍ത്തു. ഞാന്‍ തീരുമാനം അറിയിക്കാന്‍ രണ്ട് മിനിറ്റ് ചോദിച്ചു.
ആ പാതിരാത്രി വീട്ടിലേക്ക് ഭാര്യ സന്ധ്യയെ വിളിച്ച് കാര്യം പറഞ്ഞു. ശരീരത്ത് അവിടെവിടെയായ് തീപ്പിടിപ്പിക്കണമെന്നാണ് അലോചന. സന്ധ്യ Sandhya Prathapan ശകലം ആലോചിച്ചു എന്നിട്ട് പറഞ്ഞു. ചരിത്ര പുസ്തകത്തിലേക്ക് ഒരേട് എന്ന നാടകത്തില്‍ നിങ്ങള്‍ സ്വന്തം തലയില്‍ തീകത്തിച്ച് കാപ്പി വച്ച ആളല്ലെ? എല്ലാ സുരക്ഷിതത്വവും ഉണ്ട് എന്ന് തോന്നിയാല്‍ അങ്ങട്ട് ചെയ്യ്. ഫോണ്‍ വച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല.
സംവിധായകന്‍ ബേസില്‍, നടന്റെ തീരുമാനം എന്ന ശരീരഭാഷയില്‍ എന്നെ ഒന്ന് നോക്കി തീരുമാനത്തിന് കാത്തു. അസോസിയേറ്റ് ഡയറക്റ്റര്‍ Sivaprasad Kv എപ്പോഴും മുഖത്തുള്ള ചിരിയുമായ് എന്നെ നോക്കുന്നു. യൂ റ്റു ബ്രൂട്ടസ് എന്ന പ്രശസ്തമായ ഡയലോഗ് ഞാന്‍ ശിവനെ നോക്കി മനസില്‍ പറഞ്ഞു. ഒന്ന് ശ്വാസമെടുത്ത് സ്റ്റണ്ട് മാസ്റ്ററോട്(സുപ്രീം സുന്ദര്‍ ) ചോദിച്ചു. എത്ര ശതമാനം എന്റെ ശരീരത്തിന് ഗാരണ്ടി? മാസ്റ്റര്‍ പറഞ്ഞു ഇരുന്നൂറ് ശതമാനം. ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു.
പിന്നെ ശരീരം മുഴുവന്‍ തുണി ചുറ്റി ആ കൊടുംതണുപ്പത്ത് സുരക്ഷക്ക് വേണ്ടി തുണിക്കുള്ളിലേക്ക് ശരീരത്തിലേക്ക് കുപ്പിക്കണക്കിന ്സോഡ ഒഴിച്ച് കൊണ്ടേയിരുന്നു. തണുത്ത് വിറങ്ങലിച്ച ഞാന്‍ അസിസ്റ്റന്‍ഡ് ഡയറക്റ്റര്‍ Reese Thomas നോട് ധൈര്യത്തിനും തണുപ്പിനെ പ്രതിരോധിക്കാനും ഒരു രണ്ട് പെഗ് എവിടെന്നെങ്കിലും ഒപ്പിക്കടാന്ന് പറഞ്ഞ്. റീസ് വോക്കിയിലൂടെ എന്റെ ആവശ്യം പറയുന്നത് ഞാന്‍ കേട്ടു പക്ഷെ പല വോക്കിയില്‍ നിന്നും ”പ്രതാപേട്ടന്‍ പെഗ് ചോദിക്കുന്നുണ്ടേ ‘ എന്ന സന്ദേശം തലങ്ങും വിലങ്ങും പായുന്നത് ഞാന്‍ കേട്ടു പക്ഷെ ആ പെഗ് എന്നെ തേടി വന്നതേയില്ല.
ഒടുവില്‍ ഒരുക്കം പൂര്‍ത്തിയായതണുത്ത് വിറച്ച് ക്യാമറയുടെ മുന്‍പിലേക്ക് ആദ്യം ഒരു റിഹേഴ്‌സല്‍. രണ്ടാമത്തെ ടേക്കിന് ഒക്കെയായപ്പോള്‍ . ചുറ്റും നിന്നവര്‍ കൈയ്യടിച്ചു. സിനിമയില്‍ ആ സീന്‍ എത്ര സമയം ഉണ്ട് എന്ന് ഞാന്‍ വേവലാതിപെടുന്നേയില്ല. ഞാന്‍ ഒരു സിനിമാക്കാരനാണ് എന്ന് കരുതുന്നേയില്ല പക്ഷെ വിജയിച്ച നാടകക്കാരനാണ്. നാടകമാണ് എനിക്ക് സിനിമ തന്നത്. പിന്നീട് ഇതറിഞ്ഞ സുഹൃത്തുക്കള്‍ അത് വേണ്ടായിരുന്നു എന്ന് പറഞ്ഞു പക്ഷെ ഒരോ വിജയത്തിന് പിന്നിലും ഒരു റിസ്‌ക്ക് എലമെന്റുണ്ടാകും എന്ന് ഞാന്‍ മനസിലാക്കുന്നു എവറസ്റ്റ് അവിടെ ഉള്ളത് കൊണ്ടാണ് ഓരോ ദുര്‍ബലരായ മനുഷ്യനും അത് കയറി കൊടി നാട്ടുന്നത്. അയാള്‍ ആത്മവിശ്വാസിയായ് മാറുന്നത് മിന്നല്‍ മുരളി ഞങ്ങള്‍ക്കെല്ലാര്‍ക്കും അതാണ് തന്നത്. ആത്മവിശ്വാസം ,ഊര്‍ജ്ജം, ധൈര്യം. ഒരു മിന്നല്‍ ഒരോ മനുഷ്യനും ഏല്‍ക്കട്ടെ…”

