‘ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് നന്ദി’; വില്ലനെ കുറിച്ച് ഹീറോ

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായക കഥാപാത്രമായി എത്തിയ സൂപ്പര്‍ ഹീറോ ചിത്രത്തില്‍ പ്രതിനായകനായെത്തിയത് ഗുരു സോമസുന്ദരമാണ്. ഇരുവരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭ്യമാകുന്നത്. ഗുരു സോമസുന്ദരത്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ടൊവിനൊ തോമസ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ.

‘ഒരുപാട് കാര്യങ്ങള്‍ ജീവിതത്തെയും സിനിമയെ കുറിച്ചും മറ്റുള്ളവയെ കുറിച്ചുമൊക്കെ സംസാരിക്കുന്ന സ്വീറ്റായ ഒരാളെ ഇവിടെ കണ്ടുമുട്ടി. ‘ജയ്‌സണും’ ‘ഷിബു’വും ആയി അഭിനയിക്കാന്‍ ഞങ്ങള്‍ തമ്മിലൊരു ബന്ധവും കെമിസ്ട്രിയും അത്യാവശ്യമായിരുന്നു. അദ്ദേഹവുമായുള്ള എന്റെ ബന്ധം എന്നത് മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച വലിയ കാര്യമാണ്. ഞാന്‍ ഒരു വഴികാട്ടി എന്ന നിലയില്‍ കാണുന്ന ഒരു സുഹൃത്തിനെയും ലഭിച്ചതിലെ സന്തോഷം വാക്കുകള്‍ക്കതീതമാണ്. സര്‍, ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് നന്ദി. ഒരുപാട് ആശംസകള്‍ എന്നുമാണ് ടൊവിനൊ തോമസ് എഴുതിയിരിക്കുന്നത്.

പ്രമോഷണല്‍ വീഡിയോകളിലൊന്നും ‘മിന്നല്‍ മുരളിയുടേതായി’ ഗുരു സോമസുന്ദരത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നില്ല. മിന്നലേറ്റ് അമാനുഷികനായിട്ടുള്ള ഒരു കഥാപാത്രമാകുന്നുണ്ടെങ്കിലും പ്രതിനായക വശത്താണ് ഗുരു സോമസുന്ദരത്തിന്റെ ‘ഷിബു’. ‘ജെയ്‌സണ്‍’ എന്ന കഥാപാത്രത്തെ ആദ്യമേ സൂപ്പര്‍ഹീറോ ആയി അവതരിപ്പിച്ചെങ്കിലും ‘ഷിബു’വിനെ സസ്‌പെന്‍സായി മാറ്റിവയ്ക്കുകയായിരുന്നു. ചില കാരണങ്ങളാല്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ എനിക്ക് കാത്തിരിക്കേണ്ടി വന്നു എന്നും ടൊവിനൊ പറയുന്നു.