‘മിന്നല്‍ മുരളി’യില്‍ നായകനോളമോ നായകനെക്കാളുമോ കൈയ്യടി നേടി മുന്നേറുകയാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ‘ഷിബു’. ത്യാഗരാജന് കുമാരരാജയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ആരണ്യകാണ്ഡ’ത്തിലൂടെയാണ് ഗുരു സോമസുന്ദരത്തിന്റെ സിനിമാ നടനായുള്ള അരങ്ങേറ്റം. ശേഷം അദ്ദേഹം 2013ല്‍ പുറത്തിറങ്ങിയ മലയാളം ആന്തോളജി ചിത്രമായ 5 സുന്ദരികളിലും അഭിനയിച്ചു. പിന്നീട് ആസിഫ് അലിക്കൊപ്പം ‘കോഹിനൂരി’ലും ശ്രദ്ധേയമായ വേഷത്തിലൂടെ നമുക്ക് മുന്നിലെത്തി.
മിന്നല്‍ മുരളി പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുമ്പോള്‍ മലയാളത്തില്‍ നിന്നുള്ള മറ്റൊരു വന്‍ പ്രോജക്റ്റും മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റവുമായ ‘ബറോസി’ ന്റെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് ഗുരു സോമസുന്ദരം. ‘ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുണ്ട്, ബറോസില്‍. മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ലാലേട്ടനോട് ഫോണില്‍ സംസാരിച്ചു. നിങ്ങള്‍ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം എന്ന് പറഞ്ഞു’, ഗുരു സോമസുന്ദരം പറയുന്നു. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ മിന്നല്‍ മുരളി തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ വിചാരിച്ച സിനിമയായിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഒടിടി റിലീസിലേക്ക് മാറ്റുകയായിരുന്നു.

