Entertainment (Page 186)

അജഗജാന്തരം എന്ന സിനിമക്ക് വേണ്ടി വിജയ് ചിത്രം മാസ്റ്ററില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ ആന്റണി വര്‍ഗീസ്. ദ ക്യു അഭിമുഖത്തിലാണ് പെപ്പെ ഇക്്കാര്യം വിശദീകരിച്ചത്.

‘ചാന്‍സ് ഒരുപാട് വന്നിരുന്നു. വിജയ്യുടെ മാസ്റ്ററില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. വലിയ ആഗ്രഹമായിരുന്നു ചെയ്യണമെന്ന്. പക്ഷെ മാസ്റ്ററും അജഗജാന്തരത്തിന്റെ ഡേറ്റുമായി ക്ലാഷ് വന്നു. മാസ്റ്റര്‍ ചെയ്യണമെങ്കില്‍ ഞാന്‍ അജഗജാന്തരത്തിന്റെ ചിത്രീകരണത്തിനിടയില്‍ പോയി ചെയ്യണമായിരുന്നു. അങ്ങനെ വന്നപ്പോള്‍ അത് വേണ്ടെന്ന് വെച്ചു. ഒരു കണക്കിന് അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം അജഗജാന്തരം ചിത്രീകരണം പൂര്‍ത്തിയായി 8 ദിവസത്തിന് ശേഷമാണ് കൊറോണ വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിക്കലും അത്രയും ആള്‍ക്കൂട്ടത്തെ വെച്ച് സിനിമ ചെയ്യാന്‍ സാധിക്കില്ല. പിന്നെ നമ്മള്‍ നന്നായി അഭിനയിച്ചാല്‍ ഇനിയും സിനിമകള്‍ വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.’പെപ്പെ പറഞ്ഞു.

ഡിസംബര്‍ 23നാണ് അജഗജാന്തരം തിയേറ്ററില്‍ റിലീസ് ചെയ്തത്. കൊവിഡ് മൂലം രണ്ട് വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടപ്പെട്ട ഉത്സവപ്പറമ്പുകളുടെ ആരവവും ആവേശവും അക്ഷരാര്‍ഥത്തില്‍ തിയേറ്ററിലെത്തിക്കാന്‍ അജഗജാന്തരത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

’83’ സിനിമയുടെ പ്രൊമോഷനായി കേരളത്തിലെത്തിയ ബോളിവുഡ് താരം രണ്‍വീര്‍ സിംഗും മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജും തമ്മിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ക്രിക്കറ്റിനോടുള്ള തന്റെ വലിയ കമ്പവും ചിത്രം കണ്ട ശേഷം ഉണ്ടായ ആത്മവിശ്വാസവും ആണ് ’83’ കേരളത്തില്‍ അവതരിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന്റെ കൂട്ടത്തില്‍ തന്നെ ‘സാര്‍’ എന്ന് അഭിസംബോധന ചെയ്ത രണ്‍വീറിനെ പൃഥ്വി തിരുത്തുകയായിരുന്നു. ‘എന്നെ സാറേ എന്ന് വിളിക്കരുത്. എനിക്ക് വലിയ പ്രായമൊന്നും ആയിട്ടില്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്റ്റേജിലാണ് ഞാന്‍ ഇപ്പോള്‍,’ ചിരിയോടെ പൃഥ്വി പറഞ്ഞപ്പോള്‍ താനും അതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന് രണ്‍വീറും മറുപടി പറഞ്ഞു.

കബീര്‍ ഖാന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനായ ചിത്രം 1983ലെ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുള്ള കഥ പറയുന്നു. കപില്‍ ദേവായിട്ടാണ് രണ്‍വീര്‍ ചിത്രത്തില്‍ വേഷമിടുന്നത്. മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളിലും ഇറങ്ങുന്ന ’83’ യുടെ കേരളത്തിലെ ഡിസ്ട്രിബ്യൂട്ടര്‍ ആണ് പൃഥ്വിരാജ്.

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ടൊവിനൊ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫളിക്‌സിലൂടെ പ്രേക്ഷകരിലെത്തിയിരിക്കുകയാണ്. അതേസമയം, മിന്നല്‍ മുരളിക്ക് ട്വിറ്റര്‍ ഇമോജിയും ലഭിച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു മലയാള സിനിമക്ക് ട്വിറ്റര്‍ ഇമോജി ലഭിക്കുന്നത്. സൈബര്‍ ലോകത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഇമോജികള്‍. നെറ്റ്ഫ്‌ളിക്സ് ഇന്ത്യയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ട്വിറ്റര്‍ നല്‍കിയ മിന്നല്‍ മുരളി ഇമോജിയ്ക്ക് വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറിനും വന്‍ സ്വീകാര്യത പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു. ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നല്‍ മുരളിയുടെ ആദ്യ ട്രെയിലര്‍ കണ്ടത്. ചിത്രവുമായി ബന്ധപ്പെട്ട രണ്ടാം വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരിന്നു. പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വമ്പന്‍ ഹിറ്റായി മാറിക്കഴിഞ്ഞിരുന്നു.

സൂപ്പര്‍ ഹീറോ ടെസ്റ്റിനെത്തുന്ന മിന്നല്‍ മുരളിയുടെ ആദ്യ വീഡിയോയും അടുത്തിടെയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്്. .അമേരിക്കന്‍ സൂപ്പര്‍ഹീറോ ആകുന്നതിനായി റെസലിംഗ് താരം ദി ഗ്രേറ്റ് ഖാലിയുടെ ടെസ്റ്റില്‍ പങ്കെടുക്കാനെത്തുന്ന മിന്നലിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബേസിലിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് മിന്നല്‍ മുരളി.

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍. എല്ലാവരും പടച്ച് കോരി വൃത്തികേടാക്കിയ ഒരു സിനിമ മുന്‍വിധികള്‍ക്ക് ഒന്നും കീഴ്‌പ്പെടാതെ, ശരാശരി പ്രേക്ഷകന്‍ എന്ന രീതിയിലാണ് താന്‍ കണ്ടതെന്നും, ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ട് ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ എന്ന് തനിക്ക് തോന്നിപ്പോയിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം :

അച്ഛന് ഒരു മകന്‍ ഉണ്ടായാല്‍ ഇങ്ങനെ ഉണ്ടാവണം! ഞാന്‍ മഹാമാരി ഭയന്ന് തിയറ്ററില്‍ കാണാതെ മരക്കാര്‍ എന്ന ചലച്ചിത്രം പിന്നീട് OTT റിലീസില്‍ എന്റെ ഹോം തിയേറ്ററില്‍ കാണുകയുണ്ടായി. വൈകിയാണെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടാവണമല്ലോ. എല്ലാവരും പടച്ച് കോരി വൃത്തികേടാക്കിയ ഒരു സിനിമ മുന്‍വിധികള്‍ക്കു ഒന്നും കീഴ്‌പ്പെടാതെ, ശരാശരി പ്രേക്ഷകന്‍ എന്ന രീതിയിലാണ് കണ്ടത്. ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ? എന്ന് എനിക്ക് തോന്നിപ്പോയി. ഈ ചിത്രത്തിലെ സംഭാഷണങ്ങളെ ഇകഴ്ത്തി കൊണ്ടുള്ള ഒരുപാട് കമന്റുകള്‍ വായിക്കുകയുണ്ടായി. പക്ഷേ എനിക്ക് മറിച്ചാണ് അനുഭവപ്പെട്ടത്. നല്ല തെളിച്ചമുള്ള അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങള്‍, അതുപോലെ തന്നെ വളരെ Competent ആയ Astounding Visuals ആയിരുന്നു സിനിമ ഉടനീളം. ഇതിലെ VFX സിദ്ധാര്‍ത് പ്രിയദര്‍ശന്‍ വലിയ അനുഭവസസമ്പത്ത്‌ ഇല്ലാതെ തന്നെ വളരെ മികച്ചതാക്കി. സിനിമ റിലീസിന് മുമ്പ് കടല്‍ കാണാത്ത കപ്പല്‍ യുദ്ധമെന്ന് പറയേണ്ടിയിരുന്നില്ല. മറിച്ച്, ഇതൊക്കെ കടലിലിറങ്ങി എങ്ങനെ ഷൂട്ട് ചെയ്തു എന്ന് അത്ഭുതപ്പെടുത്തേണ്ടിയിരുന്നില്ലേ???

ഞാനോര്‍ക്കുന്നു.

എന്റെ അപ്പന്‍ Cameron ന്റെ Titanic സിനിമ കണ്ടേച്ച് കവിത തിയേറ്ററില്‍ നിന്ന് പാലാ വരെ കപ്പലിന്റെ മുമ്പിലൂടെ തുള്ളിച്ചാടി കളിക്കുന്ന ഡോള്‍ഫിനെ കണ്ടു ‘സായിപ്പിനെ സമ്മതിക്കണം, കപ്പലിന്റെ പുറകെ ബോട്ടില്‍ ക്യാമറയുമായി കടലില്‍ എത്ര രാവും പകലും ക്ഷമയോടെ ഉറക്കമിളച്ചു ആയിരിക്കണം ഒപ്പിയെടുത്തത്’ കുറച്ചു നാളുകള്‍ക്കു ശേഷം ഞാന്‍ പറയുമ്പോള്‍ ആണ് അപ്പന്‍ അറിയുന്നത്’ Those dolphins were animated. ( ഡിജിറ്റല്‍ ഇമേജസ് ആണ് അപ്പാ! ) കപ്പലും ഡോള്‍ഫിനും തമ്മില്‍ കണ്ടിട്ടേയില്ല’.

ഈ അത്ഭുതപ്പെടുത്തല്‍ ആണ് സിനിമയ്ക്ക് ആവശ്യം. ഒരു മജീഷ്യന്റെ കണ്ണഞ്ചിപ്പിക്കുന്ന മാജിക് പോലെയാവണം സിനിമ. എന്നുവച്ചാല്‍ മുമ്പിലിരുന്ന് കണ്ടാല്‍ മതിയെന്ന് അര്‍ത്ഥം. പുറകില്‍ വന്നാല്‍ പിന്നെ മാജിക് വെടിപ്പുര ആയി.

കുഞ്ഞു കുഞ്ഞാലി മറക്കാതെ നില്‍ക്കുന്നു മനസ്സില്‍. പ്രണവിന്റെ മെയ്യ്വഴക്കവും, കണ്ണുകളില്‍ അച്ഛനെ പോലെ ഗൂഢമായി ഒളിഞ്ഞിരിക്കുന്ന സ്‌നിഗ്ധ സൗന്ദര്യവും ഒത്തുവന്നപ്പോള്‍ കുഞ്ഞു കുഞ്ഞാലി മികവുറ്റതായി. ഒരു മികച്ച ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡ് പ്രൊഡക്ഷന്‍ വാല്യൂ ഉണ്ടാക്കിയ ആന്റണി പെരുമ്പാവൂരിനും, പ്രിയദര്‍ശനും എന്റെ അഭിനന്ദനങ്ങള്‍! അറബിക്കടലിന്റെ അലറുന്ന സിംഹത്തെക്കുറിച്ചു ഞാന്‍ പ്രത്യേകം പറയേണ്ടതില്ലെല്ലോ.

സിനിമാ പ്രേമികളെ ആവേശത്തിലാക്കുകയാണ്‌ ‘സിബിഐ 5’ന്റെ പ്രഖ്യാപനം. രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ വീണ്ടും സേതുരാമയ്യര്‍ എത്തുന്നുവെന്നതില്‍ ഏറെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍, ഇനിയും സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തിന്റെ അണിയറയില്‍ കെ മധുവും എസ് എന്‍ സ്വാമിയും തന്നെയാണ്.

നടന്‍ ജഗതി ശ്രീകുമാര്‍ മേക്കപ്പ് ഇടുന്ന ഒരു ചിത്രം നടന്‍ അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് വൈറല്‍ ആയിരുന്നു. എന്നാല്‍, ഇത് പഴയ ചിത്രമാണെന്നും ജഗതി ഇതുവരെ സിബിഐ 5ല്‍ ജോയിന്‍ ചെയ്തിട്ടില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം. അജു വര്‍ഗീസ് പോസ്റ്റ് ചെയ്ത ജഗതിയുടെ ചിത്രം നടി ശ്വേത മേനോന്‍, സംവിധായകന്‍ തരുണ്‍ മൂര്‍ത്തി എന്നിവരുള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പലരും പങ്കുവച്ചിരുന്നു.

‘സിബിഐ 5നുവേണ്ടി വിക്രം തയ്യാറെടുക്കുന്നു’ എന്ന കുറിപ്പോടെയാണ് ശ്വേത മേനോന്‍ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. എന്നാല്‍, കാര്യത്തിന്റെ സത്യാവസ്ഥ പരിശോധിക്കാതെ ചിത്രം പോസ്റ്റ് ചെയ്തതില്‍ ക്ഷമ ചോദിച്ച് ശ്വേത വീണ്ടും രംഗത്തെത്തി. ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ ഈ ചിത്രത്തെക്കുറിച്ചുള്ള വസ്തുത പരിശോധിക്കാന്‍ സമയം കിട്ടിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നുമാണ് ശ്വേത കമന്റ് ബോക്‌സില്‍ കുറിച്ചത്.

എ. ആര്‍ റഹ്മാന്‍ വീണ്ടും മലയാള സംഗീതലോകത്തേക്കെത്തുന്നു. ഫാസില്‍ നിര്‍മിച്ച് ഫഹദ് ഫാസില്‍ നായകനായെത്തുന്ന ‘മലയന്‍ കുഞ്ഞ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് സംഗീത ഇതിഹാസം വീണ്ടും പശ്ചാത്തല സംഗീതമൊരുക്കുന്നത്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചുരുക്കം ചില ചിത്രങ്ങളിലാണ് ഇദ്ദേഹം മലയാളത്തില്‍ സാന്നിധ്യമറിയിച്ചത്. 1992 ല്‍ പുറത്തിറങ്ങിയ മോഹന്‍ ലാല്‍ ചിത്രം യോദ്ധയില്‍ എ.ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരുന്നത്. എല്ലാ പാട്ടുകളും വളരെ ശ്രദ്ധേയമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള ചിത്രമായ ‘ആടുജീവിത’ ത്തിലും റഹ്മാന്‍ സംഗീതമൊരുക്കി. വളരെയേറെ പ്രേക്ഷക സ്വീകാര്യതയുള്ള പാട്ടുകളാണ് എ.ആര്‍ റഹ്മാന്റെത്.

1983 യിലെ വേള്‍ഡ് കപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ ഒരുക്കിയ ’83’ തിയറ്ററുകളില്‍. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തില്‍ രണ്‍വീര്‍ സിങ് നായകനായി എത്തുന്നു.

ക്രിക്കറ്റ് ലോക കപ്പ് കിരീടത്തില്‍ ഇന്ത്യ ആദ്യമായി മുത്തമിട്ടത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്കു കീഴിലായിരുന്നു.. ഇന്ത്യ കണ്ട എറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് കപില്‍ദേവ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടന്‍ ജീവയാണ് എത്തുന്നത്. ജീവ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. 1960 മുതല്‍ 90കള്‍ വരെ സിനിമാ സംവിധാനത്തില്‍ സജീവമായിരുന്നു അദ്ദേഹം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചു. മലയാള സിനിമാ മേഖലക്ക് അടിത്തറയിട്ട സംവിധായകന്‍ കൂടിയായിരുന്നു സേതുമാധവന്‍.

കമല്‍ഹാസന്‍ ബാലതാരമായി അഭിനയിച്ച ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. സാഹിത്യകൃതികളായ ഓടയില്‍നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയവ അദ്ദേഹം സിനിമകളാക്കി. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം. തമിഴ്നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വികോടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം സംവിധായകന്‍ കെ രാംനാഥിന്റെ സഹായിയായി സിനിമയിലെത്തി. എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു. സേതുമാധവന്‍ 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ജ്ഞാന സുന്ദരിയാണ് കെ എസ് സേതുമാധവന്റെ ആദ്യ സൂപ്പര്‍ ഹിറ്റ് പടം. 1973 ല്‍ ദേശീയ പുരസ്‌കാരത്തിന്റെ ഭാഗമായ നര്‍ഗീസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും കെ എസ് സേതുമാധവനായിരുന്നു. അറുപതില്‍ പരം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വത്സലയാണ് ഭാര്യ. മക്കള്‍ : സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്‍.

പുരസ്‌കാരങ്ങള്‍
കേരള സംസ്ഥാന പുരസ്‌കാരം
1970 – മികച്ച സംവിധായകന്‍ (അരനാഴിക നേരം)
1971 – മികച്ച സംവിധായകന്‍ (കരകാണാകടല്‍)
1972 – മികച്ച സംവിധായകന്‍ (പണി തീരാത്ത വീട്)
1972 – മികച്ച ചിത്രം (പണി തീരാത്ത വീട്)
1974 – മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
1980 – മികച്ച സംവിധായകന്‍(ഓപ്പോള്‍)
1980 – മികച്ച ചിത്രം (ഓപ്പോള്‍)
2009 – മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം
1965 – മികച്ച മലയാളചലച്ചിത്രം ( ഓടയില്‍ നിന്ന്)
1969 – മികച്ച മലയാളചലച്ചിത്രം ( അടിമകള്‍)
1971 – മികച്ച മലയാളചലച്ചിത്രം ( കരകാണാകടല്‍)
1972 – മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം (അച്ഛനും ബാപ്പയും)
1972 – മികച്ച മലയാളചലച്ചിത്രം ((പണി തീരാത്ത വീട്)
1980 – മികച്ച രണ്ടാമത്തെ ചിത്രം (ഓപ്പോള്‍)
1990 – മികച്ച ചലച്ചിത്രം (മറുപക്കം)
1990 – മികച്ച തിരക്കഥ (മറുപക്കം)
1994 – മികച്ച തമിഴ് ചലച്ചിത്രം (നമ്മവര്‍)
1995 – മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)

സിനിമകള്‍
ജ്ഞാനസുന്ദരി 1961
കണ്ണും കരളും 1962
നിത്യകന്യക 1963
സുശീല 1963
മണവാട്ടി 1964
ഓമനക്കുട്ടന്‍ 1964
ദാഹം 1965
ഓടയില്‍ നിന്ന് 1965
അര്‍ച്ചന 1966
സ്ഥാനാര്‍ത്ഥി സാറാമ്മ 1966
കോട്ടയം കൊലക്കേസ് 1967
നാടന്‍ പെണ്ണ് 1967
ഒള്ളതുമതി 1967
ഭാര്യമാര്‍ സൂക്ഷിക്കുക 1968
തോക്കുകള്‍ കഥ പറയുന്നു 1968
യക്ഷി 1968
അടിമകള്‍ 1969
കടല്‍പ്പാലം 1969
കൂട്ടുകുടുംബം 1969
അര നാഴിക നേരം 1970
കുറ്റവാളി 1970
മിണ്ടാപ്പെണ്ണ് 1970
വാഴ്വേ മായം 1970
അനുഭവങ്ങള്‍ പാളിച്ചകള്‍ 1971
ഇങ്ക്വിലാബ് സിന്ദാബാദ് 1971
കരകാണാക്കടല്‍ 1971
ലൈന്‍ ബസ്സ് 1971
ഒരു പെണ്ണിന്റെ കഥ 1971
തെറ്റ് 1971
ആദ്യത്തെ കഥ 1972
അച്ഛനും ബാപ്പയും 1972
ദേവി 1972
പുനര്‍ജന്മം 1972
അഴകുള്ള സെലീന 1973
ചുക്ക് 1973
കലിയുഗം 1973
പണി തീരാത്ത വീട് 1973
ചട്ടക്കാരി 1974
കന്യാകുമാരി 1974
ചുവന്ന സന്ധ്യകള്‍ 1975
മക്കള്‍ 1975
പ്രിയംവദ 1976
അമ്മേ അനുപമേ 1977
ഓര്‍മ്മകള്‍ മരിക്കുമോ 1977
നക്ഷത്രങ്ങളേ കാവല്‍ 1978
അവിടത്തെപ്പോലെ ഇവിടെയും 1985
സുനില്‍ വയസ്സ് ഇരുപത്1986
വേനല്‍കിനാവുകള്‍1991

ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍. സിനിമയുടെ പ്രെമോഷന്റെ ഭാഗമായി രാജമൗലി തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു. അഭിമുഖത്തില്‍ ബാലയ്യയെ വെച്ച് സിനിമ ചെയ്യാത്തതിനെ കുറിച്ച് എസ്എസ് രാജമൗലിയോട് ചോദ്യം ചോദിച്ചിരുന്നു. ബാലകൃഷ്ണയെ വെച്ച് സിനിമ ചെയ്യാന്‍ തനിക്ക് പേടിയാണെന്നാണ് രാജമൗലി മറുപടിയായി പറഞ്ഞത്. സിനിമ സെറ്റില്‍ അദ്ദേഹവുമായി ഇടപെടാന്‍ ഭയമുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു

‘തനിക്ക് ബാലകൃഷ്ണയെ വെച്ച് സിനിമ ചെയ്യാന്‍ ഭയമാണ്. കാരണം അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. പ്രായഭേദമന്യേ എല്ലാവരേയും ഒരേ സമയം ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാല്‍, എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരും. ദേഷ്യം വന്നാല്‍ സ്ഥിതി വഷളാകും. സെറ്റില്‍ അദ്ദേഹവുമായി ഇടപെടാന്‍ എനിക്ക് പേടിയാണ്. എനിക്ക് അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല, അതിനാലാണ് താന്‍ ബാലകൃഷ്ണയ്ക്കൊപ്പം പ്രവര്‍ത്തിക്കാത്തതെന്നാണ് രാജമൗലി പറയുന്നത്.

മരക്കാര്‍ ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം ചിത്രത്തിന്റെ ബജറ്റിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രം മത്സരിച്ചത് ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിനോട് ആയിരുന്നെന്നാണ് പ്രിയദര്‍ശന്‍ ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല ഇത്. അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു. 100 മില്യണ്‍ ഡോളറിന് മുകളില്‍ നിര്‍മ്മാണച്ചെലവുള്ള പല ചിത്രങ്ങളും സ്പില്‍ബര്‍ഗ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹൊറര്‍ ചിത്രം ‘സോ’ (2004)യുടെ ബജറ്റ് 1.2 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. (ഇപ്പോഴത്തെ കണക്കനുസരിച്ച് 9.06 കോടി രൂപ). 18 ദിവസം കൊണ്ടാണ് അദ്ദേഹം ചിത്രീകരണവും പൂര്‍ത്തിയാക്കിയത്. എന്നാല്‍, ബോക്‌സ് ഓഫീസില്‍ ചിത്രം കളക്റ്റ് ചെയ്തത് 103.9 മില്യണ്‍ ഡോളര്‍ ആയിരുന്നു. ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കിയത് ബജറ്റ് കൂടാതെയിരിക്കാനായിരുന്നുവെന്നും അല്ലാതെ ഒരു തിരക്കുകൂട്ടല്‍ ആയിരുന്നില്ല’. ‘ പ്രിയദര്‍ശന്‍ പറയുന്നു.

ഡിസംബര്‍ 2ന് ആണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ഡിസംബര്‍ 17ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. നീണ്ട 25 വര്‍ഷത്തെ തന്റെ കാത്തിരിപ്പാണ് മരക്കാര്‍ എന്നും സംവിധായകന്‍ പറയുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ യുദ്ധം കാണിക്കുന്നതില്‍ വിജയിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.