Entertainment (Page 183)

മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ടൊവിനൊ ചിത്രം ‘മിന്നല്‍ മുരളി’. ആഗോള സിനിമയില്‍ ‘മിന്നല്‍ മുരളി’ നാലാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. പതിനൊന്ന് രാജ്യങ്ങളില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലാണ് ‘മിന്നല്‍ മുരളി’ ഇടം പിടിച്ചിരിക്കുന്നത്.

മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച് ബോളിവുഡ് സംവിധായകര്‍ ബേസില്‍ ജോസഫിനെ സമീപിച്ചിരുന്നു. എന്നാല്‍, ചിത്രത്തിന്റെ റീമേക്ക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബേസില്‍. മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണെന്നും റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്. മറ്റു സൂപ്പര്‍ഹീറോസിനെപ്പോലെ ഒറ്റ മിന്നല്‍ മുരളി മാത്രം മതി എന്നാണ് സംവിധായകന്റെ നിലപാട്.

‘മിന്നല്‍ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പര്‍ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാന്‍ ആഗ്രഹിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. ഇത് യഥാര്‍ഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകളില്‍ നിന്നുള്ള സ്പൈഡര്‍മാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്പൈഡര്‍മാനും ഒരു ക്രിഷുമേയുള്ളൂ. മിന്നല്‍ മുരളീം ഒന്ന് മതി,’ ബേസിലിന്റെ വാക്കുകള്‍. അതേസമയം, മിന്നല്‍ മുരളി സൂപ്പര്‍ ഹിറ്റായതോടെ സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ വ്യക്തമാക്കി.

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് പുഷ്പ. സമ്മിശ്ര പ്രതികരണമാണ് ആദ്യദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനം നടത്താനും ചിത്രത്തിന് കഴിഞ്ഞു. 2021ല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ മൊഴിമാറ്റ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ.

ഡിസംബര്‍ 17 മുതല്‍ ജനുവരി 1 വരെ, 16 ദിവസങ്ങളില്‍ നിന്നായി ചിത്രം കേരളത്തില്‍ നിന്നു നേടിയത് 13.80 കോടി രൂപയാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തെലുങ്ക് താരം ചിലപ്പോള്‍ അല്ലു തന്നെ ആയിരിക്കും. എന്നാല്‍, പുഷ്പക്ക് ലഭിച്ച റെക്കോര്‍ഡ് പ്രതികരണത്തിന് ഫഹദിന്റെ സാന്നിധ്യവും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ പുഷ്പ രക്തചന്ദന കടത്തിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ഡ്രാമ ചിത്രമാണ്. ചിത്രത്തിന്റെ ആദ്യഭാഗമാണ് ഡിസംബര്‍ 17ന് പുറത്തിറങ്ങിയത്. രണ്ടാംഭാഗത്തില്‍ ഫഹദിന് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

മലയാള സിനിമയിലെ എക്കാലത്തെയും റൊമാന്റിക് ഹീറോ ആണ് പ്രിയതാരം കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ വന്ന് ഭീമന്റെ വഴിയില്‍ എത്തി നില്‍ക്കുകയാണ് കുഞ്ചാക്കോ. പൊതുവെ സമൂഹമാധ്യമങ്ങളില്‍ താരം സജീവമാണ്. അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ജന്മദിനത്തില്‍ താരം പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുഞ്ചാക്കോയുടെ കുറിപ്പ്

പിറന്നാള്‍ ആശംസകള്‍ അപ്പാ..ഈ വര്‍ഷം അച്ഛന് ആശംസകള്‍ നേരുന്നതില്‍ ചെറിയ പ്രത്യേകതകള്‍ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആണ്‍കുട്ടിയില്‍ നിന്ന്, സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയാത്ത മനുഷ്യനിലേക്ക്, സിനിമയില്‍ ഒരു വര്‍ഷം പോലും തികയ്ക്കുമെന്ന് ചിന്തിക്കാത്ത ഒരു ആണ്‍കുട്ടിയില്‍ നിന്ന്, സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പുരുഷനിലേക്ക്, ഉദയ എന്ന പേര് വെറുത്ത ആണ്‍കുട്ടിയില്‍ നിന്ന്, അതേ ബാനറില്‍ തന്റെ രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്ന പുരുഷനിലേക്ക്. അപ്പാ….അഭിനയത്തോടും സിനിമയോടുമുള്ള സ്‌നേഹവും അഭിനിവേശവും ഞാന്‍ പോലും അറിയാതെ അങ്ങാണ് എന്നിലേക്ക് പകര്‍ന്നത്. ഞാന്‍ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച കാര്യങ്ങളില്‍ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാന്‍ ഇപ്പോഴും നിങ്ങളില്‍ നിന്ന് പഠിക്കുന്നു! ഇരുളില്‍ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാന്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുക. എല്ലാ സ്‌നേഹവും ഇവിടെ നിന്നും അവിടേക്ക്.

400 കോടി മുതല്‍മുടക്കിലൊരുക്കുന്ന എസ്.എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ റിലീസ് കൊവിഡ് വ്യാപനം കാരണം നീട്ടി വച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാനായി ചെലവാക്കിയ തുകയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രാജമൗലി.

’65 രാത്രികളിലായാണ് ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്. ഓരോ ദിവസവും 75 ലക്ഷം രൂപയാണ് ഇതിനായി ചിലവിട്ടത്‌’- രൗജമൗലി പറയുന്നു. വലിയ സീക്വന്‍സുകള്‍ ചിത്രീകരിക്കുമ്പോള്‍ കാര്യങ്ങള്‍ സുഗമമായി നടക്കുന്നില്ലെങ്കില്‍… ഉദാഹരണത്തിന്, ഞങ്ങള്‍ 65 രാത്രികളിലായാണ് ആര്‍ആര്‍ആറിന്റെ ഇന്റര്‍വെല്‍ സീക്വന്‍സ് ഷൂട്ട് ചെയ്തത്, കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് അഭിനേതാക്കളും എത്തിയിരുന്നു.

ഒരു രാത്രി ഷൂട്ടിംഗിന് 75 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് സമയത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ ഞാന്‍ ശരിക്കും പിരിമുറുക്കത്തില്‍ ആകുമായിരുന്നു. എനിക്ക് ശരിക്കും ദേഷ്യം വരും. ഞാന്‍ ശരിക്കും അസ്വസ്ഥനാകും. വളരെ ശാന്തനായ എന്റെ നിയന്ത്രണം അപ്പോള്‍ നഷ്ടമാകും’- സംവിധായകന്‍ വ്യക്തമാക്കുന്നു. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍.

കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 1983ലെ വേള്‍ഡ് കപ്പ് വിജയത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ’83’. കബീര്‍ ഖാന്റെ സംവിധാനത്തിലിറങ്ങിയ ചിത്രത്തില്‍ കപില്‍ ദേവിനെ അവതരിപ്പിച്ചിരിക്കുന്നത് രണ്‍വീര്‍ സിംഗ് ആണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലുമായി ഡിസംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചത്ര ഓളമൊന്നും തിയേറ്ററുകളില്‍ ചിത്രം ഉണ്ടാക്കിയില്ലെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം വീഴാതെ പിടിച്ചു നില്‍ക്കുന്നുണ്ട്.

ഇന്ത്യില്‍ വിവിധ ഭാഷകളില്‍ നിന്നുമായി ആദ്യ 10 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 91.27 കോടി രൂപയാണ്. ഞായറാഴ്ച 7.31 കോടിയും ശനിയാഴ്ച 7.73 കോടിയും വെള്ളിയാഴ്ച 4.36 കോടിയുമാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റുകളിലും കളക്ഷന്‍ നേടുന്നുണ്ട് ചിത്രം. രണ്ടാം വാരാന്ത്യത്തിനു ശേഷമുള്ള വിദേശ കളക്ഷന്‍ 7.09 മില്യണിലാണ് നില്‍ക്കുന്നത്. അതായത് 52.72 കോടി രൂപ.

കബീര്‍ ഖാനൊപ്പം സഞ്ജയ് പൂരന്‍ സിംഗ് ചൗഹാന്‍, വസന്‍ ബാല എന്നിവര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയായിരിക്കുന്നത് ദീപിക പദുകോണ്‍ ആണ്.

സിനിമാ മേഖല ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട ഒരു വര്‍ഷമായിരുന്നു 2021. ജയസൂര്യ നായകനായ വെള്ളം ആയിരുന്നു 2021ലെ ആദ്യ മലയാളം റിലീസ്. എന്നാല്‍, മെയ് മാസത്തോടെ തിയേറ്ററുകള്‍ വീണ്ടും അടക്കുകയായിരുന്നു. പിന്നീട് ഒക്ടോബറിലാണ് തിയേറ്ററുകളില്‍ വീണ്ടും പ്രവേശനമാരംഭിക്കുന്നത്. 2021ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

കുറുപ്പ്

യൂത്തിനൊപ്പം കുടുംബ പ്രേക്ഷകരെയും തിയേറ്ററിലെത്തിക്കാന്‍ ദുല്‍ഖര്‍ നായകനായ കുറുപ്പിന് കഴിഞ്ഞു ആദ്യദിവസം തന്നെ ചിത്രം ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. 32.25 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. സിനിമയുടെ ആകെ കളക്ഷന്‍ 100 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

കേരള സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാണ് ഡിസംബര്‍ 2ന് മരക്കാറിനെ തിയേറ്ററില്‍ എത്തിച്ചത്. 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രമാണ് മരക്കാര്‍. എന്നാല്‍, ചിത്രത്തിന് 23 കോടി രൂപ മാത്രമാണ് നേടാനായത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

ദി പ്രീസ്റ്റ്

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച സിനിമയാണ് പ്രീസ്റ്റ്. പ്രീസ്റ്റിന്റെ നിര്‍മ്മാണ ചെലവ് 11 കോടിയാണ്. ആദ്യദിനം മുതല്‍ നല്ല പ്രതികരണം നേടിയ സിനിമ 17 കോടിയോളം നേടി.

മാസ്റ്റര്‍

കേരളത്തില്‍ നിന്ന് കളക്ഷന്‍ വാരിക്കൂട്ടിയ തമിഴ് ചിത്രമാണ് വിജയ് നായകനായ മാസ്റ്റര്‍. 135 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. കേരളത്തില്‍ നിന്നും മാത്രം 13.10 കോടി രൂപയാണ് ചിത്രം നേടിയത്. ആഗോള തലത്തില്‍ 230 കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ ചിത്രത്തിനായി.

വണ്‍

മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ ചിത്രമായിരുന്നു വണ്‍. 10 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് തിയേറ്ററില്‍ 28 കോടി നേടാനായി എന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ നിന്നും മാത്രം 7.20 കോടിയാണ് സിനിമ കളക്ട് ചെയ്തത്.

‘മധുര’ത്തിലെ ചിത്രയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് മലയാളത്തില്‍റെ പ്രിയ നടി ശ്രുതി രാമചന്ദ്രന്‍. ചിത്രയും സാബുവും തമ്മിലുള്ള സ്‌നേഹവും ആത്മബന്ധവും പ്രേക്ഷകരുടെ കണ്ണുകള്‍ നിറക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. മധുരത്തില്‍ എങ്ങനെ എത്തി എന്ന് പങ്കുവെക്കുകയാണ് ശ്രുതി.

‘ആദ്യത്തെ ലോക്ഡൗണ്‍ സമയത്താണ് അഹമ്മദ് കബീര്‍ മധുരത്തെക്കുറിച്ച് സംസാരിക്കുന്നത്. ജൂണിന്റെ സംവിധായകന്‍ എന്ന നിലയില്‍ അഹമ്മദിനെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് ആസ്വദിച്ച ചിത്രമായിരുന്നു ജൂണ്‍. ഇതില്‍ ‘ഒരു ചെറിയ കഥാപാത്രമുണ്ട്, കഥ കേള്‍ക്കുമോ’ എന്നാണ് അഹമ്മദ് എന്നോട് ചോദിച്ചത്. ആശുപത്രി ബൈസ്റ്റാര്‍ഡേഴ്‌സിന്റെ കഥയാണിതെന്ന് പറഞ്ഞു. എനിക്ക് എന്തെങ്കിലും രോഗമുള്ളയാളുടെ വേഷമായിരിക്കും എന്റെ കഥാപാത്രം മരിക്കുമായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. സാധാരണ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ അങ്ങനെയാകാറുണ്ടല്ലോ? അതാണെന്റെ ട്രാക്ക് റെക്കോഡ്. എന്നാല്‍ അഹമ്മദ് കഥ പറഞ്ഞപ്പോള്‍ അത് അവസാനിക്കുന്നതുവരെ എന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. കഥ കേട്ടയുടനെ ചാടിക്കയറി യെസ് പറഞ്ഞ ആദ്യ സിനിമയാണ് മധുരം. അതെക്കുറിച്ച് രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടതായി വന്നില്ല’.

സാബുവിന്റെയും ചിത്രയുടെയും പ്രണയത്തിലേക്കുള്ള പ്രോഗ്രഷന്‍ ഏതൊരു സാധാരണക്കാര്‍ക്കും റിലേറ്റ് ചെയ്യാവുന്നതായിരുന്നു. അതു തന്നെയാണ് കഥാപാത്രത്തിന്റെ വിജയമെന്ന് കരുതുന്നുവെന്നും ശ്രുതി പറയുന്നു.

ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യുടെ മൂന്നാം ഭാഗത്തിന്റെ സാധ്യതയെ കുറിച്ച് വ്യ്കതമാക്കിയിരിക്കുകയാണ് സംവിധായകന്‍ രാജമൗലി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ.

‘ബാഹുബലി’ പരമ്പരയിലെ മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രാജമൗലിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘അതെ. ‘ബാഹുബലി’ ഒരു ലോകമാണ്. ആ ലോകത്ത് നിന്ന് ചിത്രത്തിനായി പ്രത്യേക രീതിയിലുള്ള കഥകള്‍ വരണം. കൃത്യമായ സമയമാകുമ്പോള്‍ നിര്‍മാതാക്കള്‍ തന്നെ അത് പ്രഖ്യാപിക്കും’. താന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘മഹാഭാരതം’ തിരക്കഥാ രചനയുടെ ഘട്ടത്തില്‍ മാത്രമാണ് ഇപ്പോഴെന്നും രാജമൗലി വ്യക്തമാക്കി. ‘മഹാഭാരത’ത്തിന്റെ തിരക്കഥ രചനക്ക് തന്നെ രണ്ട് വര്‍ഷത്തോളമെടുക്കും. ഒരുപാട് സമയമെടുക്കുന്ന ഒരു ചിത്രമായിരിക്കും അത്, രാജമൗലി പറഞ്ഞു.

പാന്‍ ഇന്ത്യന്‍ തലത്തില്‍ ചിത്രമെടുക്കുന്നതിനെ കുറിച്ച് ഭാഷ മാത്രമേ മാറുന്നുള്ളൂ, മനുഷ്യ വികാരങ്ങള്‍ എല്ലാം ഒന്ന് തന്നെയാണ് എന്നദ്ദേഹം പറഞ്ഞു. ‘ആര്‍ആര്‍ആര്‍’ ആണ് രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രം.

ആറ് വര്‍ഷത്തിനു ശേഷം സംവിധാനത്തിലൊരുങ്ങുന്ന സിനിമയാണ് ‘കൊത്ത്’. ‘അയ്യപ്പനും കോശി’യും നിര്‍മ്മിച്ച ബാനര്‍ ആണ് ഇതും നിര്‍മ്മിക്കുന്നത്. 2015ല്‍ പുറത്തെത്തിയ ‘സൈഗാള്‍ പാടുകയാണി’നു ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആസിഫ് അലിയും റോഷന്‍ മാത്യുവുമാണ്. രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കുന്ന ചിത്രമെന്നാണ് സൂചന. ‘ബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോള്‍, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമര്‍പ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തില്‍ നിന്ന് പിന്‍വാങ്ങുമെങ്കില്‍ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം’- രഞ്ജിത്ത് പങ്കുവെച്ചു.

ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്.

sathyan anthikkad

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. 67കാരനായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. ഉവര്‍വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയായെത്തുന്നത്. സിനിമയെ കുറിച്ച്സം വിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘വളരെ കാലമായി നമ്മള്‍ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തില്‍ മറ്റൊരാളായി പകര്‍ന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെര്‍ഫോമന്‍സാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളര്‍ച്ച മാത്രം’.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്.