മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് പുഷ്പ. സമ്മിശ്ര പ്രതികരണമാണ് ആദ്യദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനം നടത്താനും ചിത്രത്തിന് കഴിഞ്ഞു. 2021ല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ മൊഴിമാറ്റ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ.
ഡിസംബര്‍ 17 മുതല്‍ ജനുവരി 1 വരെ, 16 ദിവസങ്ങളില്‍ നിന്നായി ചിത്രം കേരളത്തില്‍ നിന്നു നേടിയത് 13.80 കോടി രൂപയാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തെലുങ്ക് താരം ചിലപ്പോള്‍ അല്ലു തന്നെ ആയിരിക്കും. എന്നാല്‍, പുഷ്പക്ക് ലഭിച്ച റെക്കോര്‍ഡ് പ്രതികരണത്തിന് ഫഹദിന്റെ സാന്നിധ്യവും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ പുഷ്പ രക്തചന്ദന കടത്തിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ഡ്രാമ ചിത്രമാണ്. ചിത്രത്തിന്റെ ആദ്യഭാഗമാണ് ഡിസംബര്‍ 17ന് പുറത്തിറങ്ങിയത്. രണ്ടാംഭാഗത്തില്‍ ഫഹദിന് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

