Entertainment (Page 182)

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ഒരിക്കലും സൂപ്പര്‍ താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന ഒരു നായികയായിരുന്നില്ല താന്‍ എന്ന നടി ഉര്‍വശിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അഭിനയിക്കുന്ന ചിത്രത്തിലെ ഹീറോ ആരാണെന്നോ, ആ പടം കൊണ്ട് തനിക്കെന്ത് നേട്ടമുണ്ടാവുമെന്നോ ചിന്തിക്കുന്ന ഒരാളല്ല. തന്നെക്കാളും പ്രാധാന്യമുള്ള വേഷം മറ്റാരെങ്കിലും ചെയ്യുന്നുണ്ടോയെന്നും ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോയെന്ന് പോലും ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും നടി പറയുന്നു.

തനിക്കായി കഥാപാത്രങ്ങള്‍ ഉണ്ടാക്കാനുള്ള സംവിധായകര്‍ ഇവിടെയുണ്ടായിരുന്നു. അക്കാര്യത്തില്‍ ചിലര്‍ക്ക് ഇഷ്ടക്കേടുകളുണ്ട്. താനൊരിക്കലും ഒരു നടന്റേയും നായികയായിരുന്നില്ല. താന്‍ സംവിധായകരുടെ നായികയായിരുന്നു. അങ്ങനെയാണ് താന്‍ സിനിമയില്‍ അഭിനയിക്കാറുള്ളതെന്നാണ് ഉര്‍വശി വ്യക്തമാക്കുന്നത്.

ആഷിക് അബു ചിത്രം മായാനദിയിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ ഐശ്വര്യ സിനിമയില്‍ വന്നിട്ട്. എങ്കിലും മലയാളികളുടെ പ്രിയതാരമാവാന്‍ ഇതിനോടകം തന്നെ ഐശ്വര്യക്ക് സാധിച്ചു.

സിനിമയില്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി ഇപ്പോള്‍. ‘ഒരു പെണ്ണിന്റെ കഷ്ടപ്പാടുകള്‍ പറയുന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ട. അത്തരം സങ്കട കഥാപാത്രങ്ങളോട് താത്പര്യമില്ല. ഒരു നായകന്‍ ചെയ്യുന്ന വിധമുള്ള പോസിറ്റീവ് കഥയാണെങ്കില്‍ താല്‍പര്യമുണ്ട്. അല്ലെങ്കില്‍ നമ്മളുടെ കഥ മാത്രം ആവരുത്’ ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തില്‍ ഐശ്വര്യ വ്യക്തമാക്കുന്നു.

‘ഒരു നാടിന്റെ കഥയാണെങ്കില്‍ അതിലൊരു പെണ്‍ കഥാപാത്രമാവാനും താല്‍പര്യമാണ്. അതല്ലാതെ ഒറ്റക്ക് ഒരു സിനിമ ചെയ്യാനുള്ള ധൈര്യവും എനിക്കില്ല’- ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ ഹീറോ ‘മിന്നല്‍ മുരളി’ക്ക് ചൈനയിലും ആരാധകര്‍. മലയാളികളെ മൊത്തം ആവേശത്തിലാക്കിയ ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ചൈനീസ് കുട്ടികളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്. ‘ദിസ് വീഡിയോ മെയ്ഡ് മൈ ഡേ’ എന്ന് കുറിച്ചു കൊണ്ട് സംവിധായകന്‍ ബേസില്‍ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളില്‍ വലിയ സ്വീകാര്യതയാണ് മിന്നല്‍ മുരളിക്ക് ലഭിച്ചത്. അതിനു പുറമെയാണ് ഇപ്പോള്‍ ചൈനയിലും കുട്ടികള്‍ ചിത്രം ആസ്വദിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്.

അതേസമയം, ചിത്രം നെറ്റ്ഫ്‌ളിക്‌സിന്റെ ആഗോള ഹിറ്റായി മാറിയിരിക്കുകയാണ്. ഒക്ടോബര്‍ 24ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളില്‍ ടോപ് 10ല്‍ എത്തിയിരുന്നു. ഇപ്പോള്‍ ഗ്ലോബല്‍ റാങ്കിങ്ങിലും മുന്നേറ്റം നടത്തിയിരിക്കുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തിയ്യതികള്‍ പുനക്രമീകരിക്കാന്‍ സാധ്യതയുണ്ടെന്നറിയിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. എന്നാല്‍, കേരളത്തില്‍ സ്ഥിതിഗതികള്‍ അനുകൂലമാണെങ്കില്‍ മുന്‍നിശ്ചയ പ്രകാരമുള്ള തിയ്യതികളില്‍ തന്നെ മേള നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2022 ഫെബ്രുവരി നാല് മുതല്‍ പതിനൊന്ന് വരെയാണ് ഐഎഫ്എഫ്‌കെ നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം നാല് ജില്ലകളിലായി നടത്തിയ ചലച്ചിത്ര മേള ഇത്തവണ തലസ്ഥാനത്ത് മാത്രമായി തന്നെയാണ് നടക്കുക. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി നാലിന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയ്ക്ക് തിരികൊളുത്തും.

ചുരുളി സിനിമയുടെ പ്രദര്‍ശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ലന്ന് ഹൈക്കോടതി. എന്നാല്‍, അങ്ങനെ നടന്നിട്ടുണ്ടോ എന്നതിനെ കുറിച്ച് കൂടുതലറിയാന്‍ ഹൈക്കോടതി പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണന്നും ഹര്‍ജി പരിശോധിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാതിരിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ കോടതിക്ക് നിര്‍ദ്ദേശിക്കാനാവില്ല. ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

ചിത്രം പൊതു ധാര്‍മ്മികതക്ക് നിരക്കാത്തതാണന്നും ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി പ്രോസിത് റോയ്. അനുഷ്‌ക ശര്‍മയാണ് ചിത്രത്തില്‍ ജൂലന്‍ ഗോസ്വാമിയായി വേഷമിടുന്നത്. ‘ഛക്‌ദേ എക്‌സ്പ്രസ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അനുഷ്‌ക തന്നെയാണ് വീഡിയോ വഴി പങ്കുവെച്ചിരിക്കുന്നത്.

സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയായിരിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അഭിഷേക് ബാനര്‍ജിയുടെ തിരക്കഥയില്‍ കര്‍ണേഷ് ശര്‍മയാണ് ചിത്രം നിര്‍മിക്കുന്നത്. ‘രബ് നെ ബന ദി ജോഡി’യിലൂടെ വെള്ളിത്തിരയില്‍ നായികയായ അനുഷ്‌ക ശര്‍മ മകള്‍ ജനിച്ച ശേഷം നടിയെന്ന നിലയില്‍ വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. ഒരിടവേളക്ക് ശേഷമാണ് അനുഷ്‌ക തിരിച്ചെത്തുന്നത്.

2020ല്‍ പുറത്തിറങ്ങിയ മലയാള സിനിമ കപ്പേളയുടെ തമിഴ് റീമേക്ക് സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകനും നടനുമായ ഗൗതം മേനോന്‍. കപ്പേളയുടെ തെലുങ്ക് റീമേക്ക് അവകാശം നേരത്തെ വിറ്റുപോയിരുന്നു. അല്ലു അര്‍ജുന്‍ ചിത്രമായ അല വൈകുണ്ഠപുരമലു എന്ന ചിത്രത്തിന്റെ നിര്‍മാണ ടീമായ സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് റീമേക്ക് നിര്‍മ്മിക്കുന്നത്.

മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കപ്പേള തിയേറ്ററിലാണ് ആദ്യം റിലീസ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടക്കാന്‍ തീരുമാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സിനിമ റിലീസ്. എന്നാല്‍, പിന്നീട് കപ്പേളയുടെ പ്രദര്‍ശനം നിര്‍ത്തുകയും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അന്യഭാഷാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ വരെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

മലയാള സിനിമയിലെ ഏറ്റവു നല്ല കൂട്ടുകെട്ടുകളിലൊന്നായിരുന്നു ജയറം-രാജസേനന്‍ കോംബോ. ഇരുവരും തമ്മില്‍ പിരിയാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍.

മണക്കാട് രാമചന്ദ്രന്റെ വാക്കുകള്‍:

പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാല്‍ജോസ് കഥ പറയാന്‍ പോയപ്പോള്‍ ഡേറ്റ് കൊടുത്തില്ല. ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാം എന്ന് പറയും. അയാള് വിശ്വസിച്ച് പോകും. എന്നാല്‍ അവസാനം ഈ സമയത്ത് മറ്റൊരാള്‍ക്ക് കൊടുത്തെന്ന് അറിയും.

രാജസേനന്‍ ആണ് ഒരു സമയത്ത് ജയറാമിനെ രക്ഷിച്ച് നിര്‍ത്തിയത്. എല്ലാ പടങ്ങളും ഹിറ്റ് ആയിരുന്നു. രാജസേനന്റെ അടുത്ത് നിന്നും പോയാല്‍ വേറെ പടം ചെയ്യാം എന്ന ഉദ്ദേശം ജയറാമിന് വന്നിരിക്കും. ആ പടം വേണ്ട, ഈ പടം ആണ് മറ്റേതിനേക്കാള്‍ നല്ലത് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകള്‍ ഉണ്ടല്ലോ.

സ്ഥിരം രാജസേനന്റെ സിനിമകള്‍ ചെയ്തു കൊണ്ടിരുന്നാല്‍ ഇങ്ങനെ ആയിപ്പോകും എന്ന് പറഞ്ഞ് ആക്കും. ജയറാമിനെ അത് കേള്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. രാജസേനനും അബദ്ധം പറ്റി. ജയറാമിനെ തന്നെ പിടിച്ച് അങ്ങനെ നിന്നു. വേറെ നടന്‍മാരെ അന്വേഷിച്ച് രാജസേനന്‍ പോയില്ല. ജയറാം ഇട്ടിട്ട് പോയപ്പോള്‍ ഇങ്ങേര്‍ക്ക് വേറെ പിടിയില്ലാതെ ആയി. വേറെ പടങ്ങള്‍ ചെയ്ത് നിന്നില്ല.

നല്ല നടന്‍മാരെ പിന്നീട് കിട്ടിയില്ല. വീണ്ടും രാജസേനന്‍ ജയറാമിനെ കൊണ്ടുവന്നാല്‍ പഴയ കുപ്പിയില്‍ കഷായം ഒഴിക്കുന്നത് പോലെ ആയിരിക്കും. രാജസേനന്‍ പുതുമുഖങ്ങളെ വെച്ച് പടം ചെയ്താല്‍ ഹിറ്റ് ആകും. രാജസേനന്‍ അഭിനയിക്കാതെ, സിനിമയില്‍ തന്നെ നിന്ന് നല്ല പടങ്ങള്‍ ചെയ്യാന്‍ കഴിയും.

നെറ്റ്ഫ്‌ളിക്‌സില്‍ ക്രിസ്മസ് റിലീസായെത്തിയ ചിത്രം ടൊവിനൊ ചിത്രം ‘മിന്നല്‍ മുരളി’ രണ്ടാഴ്ച പിന്നിടുമ്പോള്‍ ഗ്ലോബല്‍ റാങ്കിംഗ് വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ ആഴ്ച 11 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ ആയിരുന്നു ചിത്രം. എന്നാല്‍, ഇപ്പോള്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളടക്കം 30 രാജ്യങ്ങളിലായി മാറി.

ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലാണ് ‘മിന്നല്‍ മുരളി’ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിന് നേടിക്കൊടുത്തിരിക്കുന്നത്. രണ്ടാം വാരവും നെറ്റ്ഫ്‌ളിക്‌സിന്റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ നിന്ന് ‘മിന്നല്‍ മുരളി’ പുറകോട്ട് പോയിട്ടില്ല.

സിനിമാ പ്രേമികളില്‍ ‘മിന്നല്‍ മുരളി’യുടെ ആവേശം ഒട്ടും അവസാനിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോട്ടോക്ക് ടൊവിനൊ തോമസ് എഴുതിയ കമന്റ് ചര്‍ച്ചയാവുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ മഹ്‌റസിന്റെ ഫോട്ടോ പങ്കുവെച്ച് ഞങ്ങളുടെ ‘സൂപ്പര്‍ഹീറോ മഹ്‌റസ് മുരളി’ എന്നാണ് കുറിച്ചത്. ‘മിന്നല്‍ മുരളി’ (ഒറിജിനല്‍) ഇവിടെ നിങ്ങളെ കാണുന്നുണ്ടെന്നായിരുന്നു ടൊവിനൊ തോമസിന്റെ കമന്റ്. എന്തായാലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോട്ടോയും ടൊവിനൊ തോമസിന്റെ കമന്റും ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.

നെറ്റ്ഫ്‌ളിക്‌സിന്റെ ആഗോള ഹിറ്റിലേക്ക് എത്തിയിരിക്കുകയാണ് മിന്നല്‍ മുരളി. ഇംഗ്ലീഷ് ഇതര ചിത്രങ്ങളായ ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവക്ക് മാത്രം തൊട്ടുപിന്നിലാണ് മിന്നല്‍ മുരളി. അങ്ങനെ ലോകമെമ്പാടും ആരാധകരെ വാരിക്കൂട്ടി മിന്നല്‍ മുരളി കുതിക്കുകയാണ്.ാേ