‘മധുര’ത്തിലെത്തിയതെങ്ങനെ? തുറന്ന് പറഞ്ഞ് നടി ശ്രുതി രാമചന്ദ്രന്‍

‘മധുര’ത്തിലെ ചിത്രയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് മലയാളത്തില്‍റെ പ്രിയ നടി ശ്രുതി രാമചന്ദ്രന്‍. ചിത്രയും സാബുവും തമ്മിലുള്ള സ്‌നേഹവും ആത്മബന്ധവും പ്രേക്ഷകരുടെ കണ്ണുകള്‍ നിറക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. മധുരത്തില്‍ എങ്ങനെ എത്തി എന്ന് പങ്കുവെക്കുകയാണ് ശ്രുതി.

‘ആദ്യത്തെ ലോക്ഡൗണ്‍ സമയത്താണ് അഹമ്മദ് കബീര്‍ മധുരത്തെക്കുറിച്ച് സംസാരിക്കുന്നത്. ജൂണിന്റെ സംവിധായകന്‍ എന്ന നിലയില്‍ അഹമ്മദിനെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് ആസ്വദിച്ച ചിത്രമായിരുന്നു ജൂണ്‍. ഇതില്‍ ‘ഒരു ചെറിയ കഥാപാത്രമുണ്ട്, കഥ കേള്‍ക്കുമോ’ എന്നാണ് അഹമ്മദ് എന്നോട് ചോദിച്ചത്. ആശുപത്രി ബൈസ്റ്റാര്‍ഡേഴ്‌സിന്റെ കഥയാണിതെന്ന് പറഞ്ഞു. എനിക്ക് എന്തെങ്കിലും രോഗമുള്ളയാളുടെ വേഷമായിരിക്കും എന്റെ കഥാപാത്രം മരിക്കുമായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. സാധാരണ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ അങ്ങനെയാകാറുണ്ടല്ലോ? അതാണെന്റെ ട്രാക്ക് റെക്കോഡ്. എന്നാല്‍ അഹമ്മദ് കഥ പറഞ്ഞപ്പോള്‍ അത് അവസാനിക്കുന്നതുവരെ എന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. കഥ കേട്ടയുടനെ ചാടിക്കയറി യെസ് പറഞ്ഞ ആദ്യ സിനിമയാണ് മധുരം. അതെക്കുറിച്ച് രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടതായി വന്നില്ല’.

സാബുവിന്റെയും ചിത്രയുടെയും പ്രണയത്തിലേക്കുള്ള പ്രോഗ്രഷന്‍ ഏതൊരു സാധാരണക്കാര്‍ക്കും റിലേറ്റ് ചെയ്യാവുന്നതായിരുന്നു. അതു തന്നെയാണ് കഥാപാത്രത്തിന്റെ വിജയമെന്ന് കരുതുന്നുവെന്നും ശ്രുതി പറയുന്നു.