കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 1983ലെ വേള്‍ഡ് കപ്പ് വിജയത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ’83’. കബീര്‍ ഖാന്റെ സംവിധാനത്തിലിറങ്ങിയ ചിത്രത്തില്‍ കപില്‍ ദേവിനെ അവതരിപ്പിച്ചിരിക്കുന്നത് രണ്‍വീര്‍ സിംഗ് ആണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലുമായി ഡിസംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചത്ര ഓളമൊന്നും തിയേറ്ററുകളില്‍ ചിത്രം ഉണ്ടാക്കിയില്ലെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം വീഴാതെ പിടിച്ചു നില്‍ക്കുന്നുണ്ട്.
ഇന്ത്യില്‍ വിവിധ ഭാഷകളില്‍ നിന്നുമായി ആദ്യ 10 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 91.27 കോടി രൂപയാണ്. ഞായറാഴ്ച 7.31 കോടിയും ശനിയാഴ്ച 7.73 കോടിയും വെള്ളിയാഴ്ച 4.36 കോടിയുമാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റുകളിലും കളക്ഷന്‍ നേടുന്നുണ്ട് ചിത്രം. രണ്ടാം വാരാന്ത്യത്തിനു ശേഷമുള്ള വിദേശ കളക്ഷന്‍ 7.09 മില്യണിലാണ് നില്‍ക്കുന്നത്. അതായത് 52.72 കോടി രൂപ.
കബീര്‍ ഖാനൊപ്പം സഞ്ജയ് പൂരന്‍ സിംഗ് ചൗഹാന്‍, വസന്‍ ബാല എന്നിവര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയായിരിക്കുന്നത് ദീപിക പദുകോണ്‍ ആണ്.

