സിനിമാ മേഖല ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട ഒരു വര്‍ഷമായിരുന്നു 2021. ജയസൂര്യ നായകനായ വെള്ളം ആയിരുന്നു 2021ലെ ആദ്യ മലയാളം റിലീസ്. എന്നാല്‍, മെയ് മാസത്തോടെ തിയേറ്ററുകള്‍ വീണ്ടും അടക്കുകയായിരുന്നു. പിന്നീട് ഒക്ടോബറിലാണ് തിയേറ്ററുകളില്‍ വീണ്ടും പ്രവേശനമാരംഭിക്കുന്നത്. 2021ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.
കുറുപ്പ്
യൂത്തിനൊപ്പം കുടുംബ പ്രേക്ഷകരെയും തിയേറ്ററിലെത്തിക്കാന്‍ ദുല്‍ഖര്‍ നായകനായ കുറുപ്പിന് കഴിഞ്ഞു ആദ്യദിവസം തന്നെ ചിത്രം ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. 32.25 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. സിനിമയുടെ ആകെ കളക്ഷന്‍ 100 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം
കേരള സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാണ് ഡിസംബര്‍ 2ന് മരക്കാറിനെ തിയേറ്ററില്‍ എത്തിച്ചത്. 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രമാണ് മരക്കാര്‍. എന്നാല്‍, ചിത്രത്തിന് 23 കോടി രൂപ മാത്രമാണ് നേടാനായത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
ദി പ്രീസ്റ്റ്
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച സിനിമയാണ് പ്രീസ്റ്റ്. പ്രീസ്റ്റിന്റെ നിര്‍മ്മാണ ചെലവ് 11 കോടിയാണ്. ആദ്യദിനം മുതല്‍ നല്ല പ്രതികരണം നേടിയ സിനിമ 17 കോടിയോളം നേടി.
മാസ്റ്റര്‍
കേരളത്തില്‍ നിന്ന് കളക്ഷന്‍ വാരിക്കൂട്ടിയ തമിഴ് ചിത്രമാണ് വിജയ് നായകനായ മാസ്റ്റര്‍. 135 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. കേരളത്തില്‍ നിന്നും മാത്രം 13.10 കോടി രൂപയാണ് ചിത്രം നേടിയത്. ആഗോള തലത്തില്‍ 230 കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ ചിത്രത്തിനായി.
വണ്‍
മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ ചിത്രമായിരുന്നു വണ്‍. 10 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് തിയേറ്ററില്‍ 28 കോടി നേടാനായി എന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ നിന്നും മാത്രം 7.20 കോടിയാണ് സിനിമ കളക്ട് ചെയ്തത്.

