”മിന്നല്‍ മുരളി’ മലയാളം പറഞ്ഞാല്‍ മതി!’; റീമേക്കില്‍ താല്‍പര്യമില്ലെന്ന് ബേസില്‍ ജോസഫ്‌

മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ടൊവിനൊ ചിത്രം ‘മിന്നല്‍ മുരളി’. ആഗോള സിനിമയില്‍ ‘മിന്നല്‍ മുരളി’ നാലാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. പതിനൊന്ന് രാജ്യങ്ങളില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലാണ് ‘മിന്നല്‍ മുരളി’ ഇടം പിടിച്ചിരിക്കുന്നത്.

മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച് ബോളിവുഡ് സംവിധായകര്‍ ബേസില്‍ ജോസഫിനെ സമീപിച്ചിരുന്നു. എന്നാല്‍, ചിത്രത്തിന്റെ റീമേക്ക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബേസില്‍. മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണെന്നും റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്. മറ്റു സൂപ്പര്‍ഹീറോസിനെപ്പോലെ ഒറ്റ മിന്നല്‍ മുരളി മാത്രം മതി എന്നാണ് സംവിധായകന്റെ നിലപാട്.

‘മിന്നല്‍ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പര്‍ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാന്‍ ആഗ്രഹിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. ഇത് യഥാര്‍ഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകളില്‍ നിന്നുള്ള സ്പൈഡര്‍മാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്പൈഡര്‍മാനും ഒരു ക്രിഷുമേയുള്ളൂ. മിന്നല്‍ മുരളീം ഒന്ന് മതി,’ ബേസിലിന്റെ വാക്കുകള്‍. അതേസമയം, മിന്നല്‍ മുരളി സൂപ്പര്‍ ഹിറ്റായതോടെ സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ വ്യക്തമാക്കി.