Entertainment (Page 137)

തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്തി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പം നടി ഭാവനയും അതിഥികളായി വേദി പങ്കിട്ടു. ലിസ ചലാനാണ് ഇത്തവണ ഐഎഫ്എഫ്‌കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിനര്‍ഹയായത്. പ്രതിലോമശക്തികളുടെ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ ചലാനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ച ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹയാണ്. അവരെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ആദരിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ വേദിയിലേക്കെത്തിയ ഭാവനയെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആണ് ഭാവനയെയും വേദിയിലേക്ക് സ്വീകരിച്ചത്. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്‍കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.

മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ഐഎഫ്എഫ്‌കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

‘ദി കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

‘ലോകമെമ്പാടുമുള്ള ആളുകള്‍ സിനിമ ഇഷ്ടപ്പെടുന്നു, സിനിമയിലെ കഥാപാത്രങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാണ്. കാശ്മീര്‍ താഴ്വരയില്‍ സംഭവിച്ചതിനെക്കുറിച്ചുള്ള സത്യം ലോകത്തെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇന്ത്യയുടെ നയതന്ത്രബന്ധം വിപുലീകരിക്കാന്‍ ചിത്രം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- വിവേക് അഗ്നിഹോത്രി പറഞ്ഞു

1990-ല്‍ കാശ്മീര്‍ താഴ്വരയില്‍ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തിന്റ കഥ പറയുന്ന ‘ദി കശ്മീര്‍ ഫയല്‍സിന്’ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സിനിമാ മേഖലയിലെ വനിതാ സംഘടനയായ ഡബ്യൂസിസി. സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും, ഈ രംഗത്തേക്ക് കടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വിധി നല്‍കുന്ന ആശ്വാസം ചെറുതല്ല. ഈ വിധി മലയാളി സ്ത്രീ ചരിത്രത്തില്‍ തന്നെ വലിയ നാഴികകല്ലാണെന്നും ഡബ്യൂസിസി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവിനെ WCC സ്വാഗതം ചെയ്യുന്നു, സുരക്ഷിതവും തുല്യവുമായ ജോലിസ്ഥലത്തിനായുള്ള സ്ത്രീകളുടെ അവകാശങ്ങളും അതിലൂടെ അവളുടെ അന്തസ്സും ഉയര്‍ത്തിപ്പിടിച്ചതിന്, ബഹുമാനപ്പെട്ട കോടതിയോട് ആത്മാര്‍ത്ഥമായി ഞങ്ങള്‍ നന്ദി പറയുന്നു.

പ്രസ്തുത ഹൈക്കോടതി വിധിയിലൂടെ ലഭിച്ച ചില പ്രധാന നേട്ടങ്ങള്‍ ഇവയാണ്:

  1. നിര്‍മ്മാതാവിനെയും പ്രൊഡക്ഷന്‍ യൂണിറ്റിനെയും വ്യക്തമായി തന്നെ ഒരു സ്ഥാപനമായി അംഗീകരിക്കുകയും ആയതിനാല്‍ 2013 ലെ PoSH ആക്റ്റില്‍ നിര്‍വചിച്ചിരിക്കുന്ന പ്രകാരം തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കുന്നതിന് അവരെ പ്രാഥമിക ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്യുന്നു. ആഭ്യന്തര സെല്ലിന്റെ രൂപത്തില്‍ ഒരു പരാതി പരിഹാര സെല്‍ സ്ഥാപിക്കുന്നത് ഈ വിധി നിര്‍ബന്ധമാക്കുന്നു എന്നതാണ് സുപ്രധാനമായ കാര്യം. സിനിമയിലെ ‘തൊഴില്‍ ഇടം’ എന്താണെന്ന ചോദ്യം ഇതാദ്യമായാണ് ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ദൂരവ്യാപകമായ ചര്‍ച്ചകള്‍ ഇതുണ്ടാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു
  2. സംഘടനകള്‍, അതായത്, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, A.M.M.A, മാക്ട, കേരള സ്റ്റേറ്റ് ഗവണ്‍മെന്റ്, ഫിലിം ചേംബര്‍ എന്നിവയെല്ലാം പോഷ് ആക്ട് 2013 ല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഇത് നടപ്പിലാക്കപ്പെടുന്നു എന്ന് സിനിമാ വ്യവസായത്തിലെ നാമെല്ലാവരും ഉറപ്പാക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് സ്ത്രീകളുടെ മാന്യത ഉറപ്പുവരുത്തുകയും അത് ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുക എന്നത് ഒരു ഔപചാരികത എന്നതിലുപരി പൂര്‍ണ്ണമായും ശരിയായ മനോഭാവത്തോടെ നടപ്പിലാക്കേണ്ട ഒരു ഉത്തരവാദിത്വമാണ്.
  3. PoSH ആക്റ്റ് 2013 പ്രകാരം തന്നെയാണ് ഐ സി നടപ്പിലാക്കുന്നതെന്നു് ഉറപ്പാക്കാന്‍ A.M.M.A യോട് ഈ വിധി ആവശ്യപ്പെടുന്നു.
  4. അതോടൊപ്പം ഈ കോടതി വിധി ഭരണഘടനാപരമായ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിക്കുകയും സിനിമാമേഖലയിലെ സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും അംഗീകരിക്കുകയും ചെയ്യുന്നു.

സുപ്രധാനമായ ഈ കോടതി വിധി സമ്മാനിച്ചതിന് ആത്മാര്‍ത്ഥമായ നന്ദി ഞങ്ങള്‍ ഒരിക്കല്‍ കൂടി അറിയിക്കുന്നു.

എന്നിരുന്നാലും, ഈ വിധിയുടെ വിജയകരമായ നടപ്പാക്കലിന്, സ്ത്രീയുടെ വ്യക്തിത്വവും അധ്വാനത്തിന്റെ മഹത്വവും അംഗീകരിക്കുന്ന ഒരു മലയാള ചലച്ചിത്ര മേഖലയെ കൂടി ആവശ്യപ്പെടുന്നുണ്ട്. മലയാള സിനിമാ സംഘടനകള്‍ ഈ വിധിയെ ഏറെ താല്‍പര്യത്തോടെ സ്വാഗതം ചെയ്യുന്നത് സന്തോഷകരമാണ്. എന്നാല്‍, അതിനൊപ്പം വിധി നടപ്പാക്കലിന്റെ സ്വഭാവത്തെക്കുറിച്ചും അതിന്റെ ആത്യന്തികമായ ഫലപ്രാപ്തിയെക്കുറിച്ചും നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതുമാണ് .ഇതിനായി, സമാന ചിന്താഗതിക്കാരായ എല്ലാ സംഘടനകളുമായും കൈകോര്‍ക്കുന്നതില്‍ WCC ക്ക് സന്തോഷമേ ഉള്ളൂ.

സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും, ഈ രംഗത്തേക്ക് കടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വിധി നല്‍കുന്ന ആശ്വാസം ചെറുതല്ല. ഈ വിധി മലയാളി സ്ത്രീ ചരിത്രത്തില്‍ തന്നെ വലിയ നാഴികകല്ലാണ്. അഭിനന്ദനങ്ങള്‍!

ഈ നിര്‍ണായക വിധി WCCയുടെ ഒരു നീണ്ട പോരാട്ടമായിരുന്നു. ഈ യാത്രയിലുടനീളം ഞങ്ങള്‍ക്കൊപ്പം നിന്നവരില്ലാതെ ഈ നേട്ടം ഒരിക്കലും സാധ്യമാകുമായിരുന്നില്ല. ഞങ്ങളുടെ പങ്കാളികളും ഇംപ്ലീഡറുമായ CINTAA, Kerala WCD, സന്തോഷ് മാത്യു, താലിഷ് റേ, ബിനോദ് പി, സുനീത ഓജ എന്നിവരുള്‍പ്പെടെയുള്ള ഞങ്ങളുടെ അഭിഭാഷകരുടെ ടീമിനോടും, സിനിമ, രാഷ്ട്രീയം, കലാ സാഹിത്യ രംഗത്തു നിന്നും ഞങ്ങളെ പിന്തുണച്ച സുഹൃത്തുക്കളോടും ഈ അവസരത്തില്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എല്ലാവര്‍ക്കും തുല്യമായ തൊഴിലിടം ഉറപ്പ് വരുത്താനുള്ള ഒരു വലിയ ചവിട്ടുപടിയാണ് ഈ പോരാട്ടം. മുന്നോട്ട് !

സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി കിംഗ് ഖാന്‍. എസ്ആര്‍കെ പ്ലസ് എന്നാണ് ഷാരൂഖിന്റെ ഒടിടി പ്ലാറ്റ്‌ഫോമിന്റെ പേര്. ‘ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും’ എന്നായിരുന്നു ഷാരൂഖ് ഖാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമിന്റെ ലോഗോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ ഷാരൂഖിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായെത്തി. കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, തുടങ്ങിയവരും ഷാരൂഖിന് ആശംസയുമായി രംഗത്തെത്തി.

അതേസമയം, പത്താന്‍ എന്ന ഷാരൂഖ് ഖാന്‍ ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കുകയാണ്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സല്‍മാന്‍ ഖാനും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ പുറത്തെത്തിയ ‘സീറോ’യ്ക്കുശേഷമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം റിലീസ് ചെയ്യുന്നത്.

26)മത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിയിക്കും. ഇത്തവണത്തെ ചലച്ചിത്രമേളയെ കുറിച്ച് കൂടുതല്‍ അറിയാം…

173 ചിത്രങ്ങള്‍

കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്‌ക്രീനുകള്‍, ഏരീസ് പ്ലക്സിലെ 5 സ്‌ക്രീനുകള്‍, അജന്ത, ശ്രീപദ്മനാഭ എന്നീ 15 തിയേറ്ററുകള്‍

വിശിഷ്ടാതിഥികള്‍

കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രമായ രെഹാനയിലെ നായിക അസ്മേരി ഹഖ്

മത്സര വിഭാഗം ജൂറി

കന്നട സംവിധായകനായ ഗിരീഷ് കാസറവള്ളി ചെയര്‍മാന്‍.

എഡിറ്റര്‍ ജാക്വസ് കോമറ്റ്സ്, സംവിധായിക മാനിയ അക്ബാരി, അഫ്ഗാന്‍ ചലച്ചിത്രകാരി റോയ സാദത്ത്, നിര്‍മ്മാതാവ് ഷോസോ ഇച്ചിയാമ എന്നിവര്‍ അംഗങ്ങള്‍

ഫിപ്രസ്‌കി ജൂറി

നിരൂപകരായ വിയറ ലാഞ്ചറോവ, ജിഹാനെ ബോഗ്രൈന്‍, അശോക് റാണെ

നെറ്റ്പാക് ജൂറി.

രശ്മി ദൊരൈസ്വാമി, ബോബി ശര്‍മ്മ ബറുവ, ബൂഡി കീര്‍ത്തിസേന

കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി

അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ, സണ്ണി ജോസഫ്

അവാര്‍ഡുകള്‍

മികച്ച ചിത്രം സുവര്‍ണ ചകോരം – 20 ലക്ഷം

മികച്ച സംവിധായകന്‍ രജത ചകോരം , 4 ലക്ഷം രൂപ

മികച്ച നവാഗത സംവിധായകന് 3 ലക്ഷം

പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് 2 ലക്ഷം

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് ഒരു ലക്ഷം രൂപ

100 ശതമാനം റിസര്‍വേഷന്‍

നിശാഗന്ധി ഒഴികെ എല്ലാ തിയേറ്ററുകളിലും മൊത്തം സീറ്റുകളിലും റിസര്‍വേഷന്‍

ഉദ്ഘാടന സമാപന ദിവസങ്ങളില്‍ റിസര്‍വേഷന്‍ ഇല്ല

റിസര്‍വേഷന്‍ തലേന്ന് രാവിലെ 8ന് ആരംഭിക്കും

ഡെലിഗേറ്റുകള്‍ക്കായി ട്രാന്‍സ്പോര്‍ട്ട് ബസും ഫെസ്റ്റിവല്‍ ഓട്ടോയും

ഫെസ്റ്റിവല്‍ ആവശ്യത്തിന് കെ.എസ്.ഇ.ബിയുടെ 10 ഇലക്ട്രിക് കാറുകള്‍

ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് 19,21,23,24 തീയതികളില്‍ കലാപരിപാടികള്‍

25ന് നിശാഗന്ധിയിലെ സമാപനചടങ്ങില്‍ മധുശ്രീ നാരായണനും രാജലക്ഷ്മിയും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്

തിരുവനന്തപുരം: തിയേറ്ററിനുള്ളില്‍ സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞാല്‍ മറ്റൊരു മുറിയില്‍ പോയി ഇരുന്ന് സിനിമ കാണാനുള്ള സംവിധാനമൊരുക്കി കൈരളി, ശ്രീ, നിള തിയേറ്ററുകള്‍. ഇവിടെ ഇരുന്ന് സിനിമ കാണുമ്പോള്‍ കുഞ്ഞ് കരഞ്ഞാലും പുറത്ത് കേള്‍ക്കില്ല.

മറ്റ് സീറ്റുകള്‍ക്ക് പിറകിലായുള്ള സൗണ്ട് പ്രൂഫായ ഒരു ചെറുമുറിയാണ് ഈ ‘ക്രൈ റൂം’. ഇവിടെ നിന്ന് സ്‌ക്രീനിലേക്ക് നോക്കാന്‍ ഗ്ലാസുണ്ടാകും. ശബ്ദ സംവിധാനം മുറിയില്‍ തന്നെയുണ്ട്. ഒരു ബോക്‌സില്‍ രണ്ട് സീറ്റുകളാണുള്ളത്. കെ.എസ്.എഫ്.ഡി.സിയുടെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയം നവീകരിച്ചപ്പോഴാണ് ‘ക്രൈ റൂം’ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയത്. ബേബി റൂം, വായനാ മുറി, കഫ്ടീരിയ, ഫുഡ് കോര്‍ട്ട്, ലോബി ഉള്‍പ്പെടെയുള്ളവയെല്ലാം സജ്ജമാക്കിയാണ് തിയേറ്ററുകള്‍ ഇപ്പോള്‍ നവീകരിച്ചിരിക്കുന്നത്.

ശ്രീ, നിള തിയേറ്ററുകളിലേക്ക് പോകാന്‍ ലിഫ്റ്റ് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. മൂന്നിലും മികച്ച വിഷ്വല്‍ ക്വാളിറ്റിക്കായി ഏറ്റവും പുതിയ ലേസര്‍ പ്രൊജക്ഷനും ഡോള്‍ബി അറ്റ്‌മോസ്‌ ശബ്ദ സംവിധാനവും സജ്ജമാണ്. 12 കോടി മുതല്‍ മുടക്കി നവീകരിച്ച തിയേറ്റര്‍ സമുച്ചയം നാളെ വൈകിട്ട് 6ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി തിയേറ്ററുകള്‍ കൈമാറും.

അഹമ്മദാബാദ്: വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ദ കശ്മീര്‍ ഫയല്‍സിന്’ കൂടുതല്‍ പ്രദര്‍ശനം ലഭിക്കാനായി ഗുജറാത്തി ചിത്രം ‘പ്രേം പ്രകരന്റെ’ പ്രദര്‍ശനങ്ങള്‍ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു. യഥാര്‍ത്ഥ ഇന്ത്യക്കാരുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും കശ്മീരി പണ്ഡിറ്റുകളുടെ യാതനയെ ബഹുമാനിക്കുന്നുവെന്നും പ്രേം പ്രകരന്‍ സിനിമയുടെ നിര്‍മ്മാതാവ് ചന്ദ്രേഷ് ഭട്ട് അറിയിച്ചു.

‘ആദ്യം രാജ്യം, കശ്മീര്‍ ഫയല്‍സിന് വേണ്ടി വഴിമാറുകയാണ്. കശ്മീര്‍ ഫയല്‍സിലൂടെ സിനിമയിലെ മാന്ത്രികത ഓരോ വ്യക്തിക്കും ആസ്വദിക്കാനാകും. ഉടന്‍ തന്നെ തീയേറ്ററില്‍ വീണ്ടും കാണാം. അളവറ്റ സ്നേഹത്തിന് നന്ദി. ഒരു ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും വെറുമൊരു സിനിമയെക്കാള്‍ വലുതാണ് എനിക്ക് ‘കശ്മീര്‍ ഫയല്‍സ്’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കശ്മീരി ഫയല്‍സ് ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെങ്കിലും തിയേറ്ററില്‍ കൂടുതല്‍ ഷോകള്‍ ലഭിക്കേണ്ടത് അനിവാര്യമാണ്. അതിനാലാണ് പിന്‍വാങ്ങുന്നതെന്ന് പ്രേം പ്രകരന്റെ വിതരണക്കാരനായ വന്ദന്‍ ഷാ വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രേം പ്രകരന്‍ തിയേറ്ററില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പ്രേം പ്രകരന്‍ എന്ന സിനിമയ്ക്കും മികച്ച വിജയം നേടാനാകട്ടെ എന്ന് ആശംസിക്കുന്നതായി ഗുജറാത്തി ഭാഷയില്‍ വിവേക് കുറിച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് നന്ദിയും അറിയിച്ചു.

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ഇത്തവണത്തെ മുഖ്യാതിഥി. ഐഎസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും.

ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ മേയര്‍ ആര്യാ രാജേന്ദ്രനും നല്‍കി പ്രകാശനം ചെയ്യും. അഡ്വ. വി. കെ. പ്രശാന്ത് എംഎല്‍എയില്‍ നിന്ന് ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ മാസിക ഏറ്റുവാങ്ങും. ഗായത്രി അശോകനും സൂരജ് സാത്തെയും ചേര്‍ന്ന് ഗായിക ലതാമങ്കേഷ്‌കറിന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.

15 തിയേറ്ററുകളില്‍ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് മാറ്റുരക്കുന്നത്‌. താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ’, കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ എന്നിവയാണ് മലയാള ചിത്രങ്ങള്‍.

അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമയിലെ പാട്ടുകളും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ കൂടുതല്‍ പ്രശംസ ഏറ്റുവാങ്ങിയതും പ്രേക്ഷകശ്രദ്ധ നേടിയതുമായ പാട്ടാണ് ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹീറും ഒന്നിച്ച പറുദീസ. പുറത്തിറങ്ങിയതിന് പിന്നാലെ ഗാനം തരംഗമായിരുന്നു.

ഇപ്പോഴിതാ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. യൂയിസ് ദേശയാന എന്ന ഗായികയാണ് പാട്ടിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോക്കൊപ്പം ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും യൂയിസ് ദേശയാന മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

ഇതിന്റെ വീഡിയോ അമല്‍ നീരദ് പങ്കുവെച്ചതോടെ ഇന്തോനേഷ്യന്‍ പറുദീസയുടെ കമന്റ് ബോക്‌സിലും മലയാളികള്‍ നിറഞ്ഞു.

https://youtu.be/8ugt74MjSmE

അമരാവതി: രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായ ചിത്രം ‘രാധേശ്യാമി’ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ രവി തേജയാണ് ജീവനൊടുക്കിയത്. ചിത്രം കണ്ടതിന് ശേഷം ആളുകള്‍ നല്‍കിയ മോശം പ്രതികരണമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

സിനിമ കണ്ട് വീട്ടിലെത്തിയ ശേഷം രവി തേജ മോശം അഭിപ്രായമാണ് പങ്കുവെച്ചതെന്ന് അമ്മ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇയാളെ വീടിനുള്ളിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുര്‍ണൂലിലെ ദിവസ വേതന തൊഴിലാളിയാണ് രവി തേജ.

കഴിഞ്ഞ മാര്‍ച്ച് 11നായിരുന്നു രാധേശ്യാം പുറത്തിറങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം 350 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്.