സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞാലും ഇനി പുറത്തിറങ്ങേണ്ട; ‘ക്രൈം റൂം’ സംവിധാനവുമായി കേരളത്തിലെ ഈ തിയേറ്ററുകള്‍

തിരുവനന്തപുരം: തിയേറ്ററിനുള്ളില്‍ സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞാല്‍ മറ്റൊരു മുറിയില്‍ പോയി ഇരുന്ന് സിനിമ കാണാനുള്ള സംവിധാനമൊരുക്കി കൈരളി, ശ്രീ, നിള തിയേറ്ററുകള്‍. ഇവിടെ ഇരുന്ന് സിനിമ കാണുമ്പോള്‍ കുഞ്ഞ് കരഞ്ഞാലും പുറത്ത് കേള്‍ക്കില്ല.

മറ്റ് സീറ്റുകള്‍ക്ക് പിറകിലായുള്ള സൗണ്ട് പ്രൂഫായ ഒരു ചെറുമുറിയാണ് ഈ ‘ക്രൈ റൂം’. ഇവിടെ നിന്ന് സ്‌ക്രീനിലേക്ക് നോക്കാന്‍ ഗ്ലാസുണ്ടാകും. ശബ്ദ സംവിധാനം മുറിയില്‍ തന്നെയുണ്ട്. ഒരു ബോക്‌സില്‍ രണ്ട് സീറ്റുകളാണുള്ളത്. കെ.എസ്.എഫ്.ഡി.സിയുടെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയം നവീകരിച്ചപ്പോഴാണ് ‘ക്രൈ റൂം’ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയത്. ബേബി റൂം, വായനാ മുറി, കഫ്ടീരിയ, ഫുഡ് കോര്‍ട്ട്, ലോബി ഉള്‍പ്പെടെയുള്ളവയെല്ലാം സജ്ജമാക്കിയാണ് തിയേറ്ററുകള്‍ ഇപ്പോള്‍ നവീകരിച്ചിരിക്കുന്നത്.

ശ്രീ, നിള തിയേറ്ററുകളിലേക്ക് പോകാന്‍ ലിഫ്റ്റ് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. മൂന്നിലും മികച്ച വിഷ്വല്‍ ക്വാളിറ്റിക്കായി ഏറ്റവും പുതിയ ലേസര്‍ പ്രൊജക്ഷനും ഡോള്‍ബി അറ്റ്‌മോസ്‌ ശബ്ദ സംവിധാനവും സജ്ജമാണ്. 12 കോടി മുതല്‍ മുടക്കി നവീകരിച്ച തിയേറ്റര്‍ സമുച്ചയം നാളെ വൈകിട്ട് 6ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി തിയേറ്ററുകള്‍ കൈമാറും.