മുഖ്യമന്ത്രി തിരിതെളിയിച്ചു; നിറഞ്ഞ കൈയ്യടികളോടെ ഭാവനക്ക് സ്വാഗതം; ഐഎഫ്എഫ്‌കെ തുടങ്ങി

തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്തി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പം നടി ഭാവനയും അതിഥികളായി വേദി പങ്കിട്ടു. ലിസ ചലാനാണ് ഇത്തവണ ഐഎഫ്എഫ്‌കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിനര്‍ഹയായത്. പ്രതിലോമശക്തികളുടെ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ ചലാനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ച ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹയാണ്. അവരെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ആദരിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ വേദിയിലേക്കെത്തിയ ഭാവനയെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആണ് ഭാവനയെയും വേദിയിലേക്ക് സ്വീകരിച്ചത്. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്‍കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.

മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ഐഎഫ്എഫ്‌കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.