അഹമ്മദാബാദ്: വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ദ കശ്മീര്‍ ഫയല്‍സിന്’ കൂടുതല്‍ പ്രദര്‍ശനം ലഭിക്കാനായി ഗുജറാത്തി ചിത്രം ‘പ്രേം പ്രകരന്റെ’ പ്രദര്‍ശനങ്ങള്‍ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു. യഥാര്‍ത്ഥ ഇന്ത്യക്കാരുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും കശ്മീരി പണ്ഡിറ്റുകളുടെ യാതനയെ ബഹുമാനിക്കുന്നുവെന്നും പ്രേം പ്രകരന്‍ സിനിമയുടെ നിര്‍മ്മാതാവ് ചന്ദ്രേഷ് ഭട്ട് അറിയിച്ചു.
‘ആദ്യം രാജ്യം, കശ്മീര്‍ ഫയല്‍സിന് വേണ്ടി വഴിമാറുകയാണ്. കശ്മീര്‍ ഫയല്‍സിലൂടെ സിനിമയിലെ മാന്ത്രികത ഓരോ വ്യക്തിക്കും ആസ്വദിക്കാനാകും. ഉടന്‍ തന്നെ തീയേറ്ററില്‍ വീണ്ടും കാണാം. അളവറ്റ സ്നേഹത്തിന് നന്ദി. ഒരു ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും വെറുമൊരു സിനിമയെക്കാള്‍ വലുതാണ് എനിക്ക് ‘കശ്മീര്‍ ഫയല്‍സ്’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കശ്മീരി ഫയല്‍സ് ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെങ്കിലും തിയേറ്ററില്‍ കൂടുതല്‍ ഷോകള്‍ ലഭിക്കേണ്ടത് അനിവാര്യമാണ്. അതിനാലാണ് പിന്‍വാങ്ങുന്നതെന്ന് പ്രേം പ്രകരന്റെ വിതരണക്കാരനായ വന്ദന്‍ ഷാ വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രേം പ്രകരന്‍ തിയേറ്ററില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പ്രേം പ്രകരന്‍ എന്ന സിനിമയ്ക്കും മികച്ച വിജയം നേടാനാകട്ടെ എന്ന് ആശംസിക്കുന്നതായി ഗുജറാത്തി ഭാഷയില്‍ വിവേക് കുറിച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് നന്ദിയും അറിയിച്ചു.

