തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ഇത്തവണത്തെ മുഖ്യാതിഥി. ഐഎസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും.
ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ മേയര്‍ ആര്യാ രാജേന്ദ്രനും നല്‍കി പ്രകാശനം ചെയ്യും. അഡ്വ. വി. കെ. പ്രശാന്ത് എംഎല്‍എയില്‍ നിന്ന് ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ മാസിക ഏറ്റുവാങ്ങും. ഗായത്രി അശോകനും സൂരജ് സാത്തെയും ചേര്‍ന്ന് ഗായിക ലതാമങ്കേഷ്‌കറിന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.
15 തിയേറ്ററുകളില്‍ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് മാറ്റുരക്കുന്നത്. താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ’, കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ എന്നിവയാണ് മലയാള ചിത്രങ്ങള്‍.

