Entertainment (Page 100)

മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ നടന്‍ ധര്‍മ്മജന്‍. മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളില്‍ അദ്ദേഹം സാധാരണക്കാരനായി അഭിനയിച്ചിട്ടുണ്ട്. അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല’- ധര്‍മ്മജന്‍ കുറിച്ചു.

ധര്‍മ്മജന്റെ കുറിപ്പ്

ധര്‍മ്മജന്റെ വാക്കുകള്‍ ഇങ്ങനെഅടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്,മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ് അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്.

മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജെന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഒരു റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് മനസിലാകുന്നില്ല. താന്‍ അത്തരം ഇമേജില്‍ വിശ്വസിക്കുന്നില്ല. അതിനാലാണ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്നും അടൂര്‍ പറഞ്ഞിരുന്നു.

മുംബൈ: ഓസ്‌കാര്‍ നോമിനേഷനില്‍ ഇടം പിടിച്ച രാജമൗലി ചിത്രം ആര്‍ആര്‍ആറിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു പാട്ടിനാണ് ഒര്‍ജിനല്‍ സോങ്ങില്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചത്. നടന്‍ അര്‍ജുന്‍ കപൂര്‍, ചലച്ചിത്ര നിര്‍മ്മാതാവ് ഫര്‍ഹാന്‍ അക്തര്‍, തെന്നിന്ത്യന്‍ നടന്‍ ചിരഞ്ജീവി, ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച് എന്നിവരാണ് ചിത്രത്തിന് അഭിനന്ദവുമായി എത്തിയത്.

‘അവരുടെ നൃത്തവിപ്ലവം ലോകമെമ്ബാടും തീപോലെ പടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതിലും വലുതായി ഇനിയൊന്നും നേടാനില്ല’- അര്‍ജുന്‍ കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

‘നാട്ടു നാട്ടു’ മികച്ച ഒറിജിനല്‍ സോങ്ങില്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആവേശഭരിതനാണെന്നാണ് ഫര്‍ഹാന്‍ അക്തര്‍ കുറിച്ചത്.

‘സിനിമാറ്റിക് ഗ്ലോറിയുടെ നെറുകയില്‍ നിന്ന് ഒരു ചുവട് ! മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശത്തിന് ഹൃദ്യമായ അഭിനന്ദനങ്ങള്‍’ എന്നാണ് തെന്നിന്ത്യന്‍ താരം ചിരഞ്ജീവി ട്വീറ്റ് ചെയ്തത്.

‘നാട്ടു നാട്ടു’ ഗാനം ഓസ്‌കാറിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു, ടീമിന് അഭിനന്ദനങ്ങള്‍ എന്നാണ് ‘നാട്ടു നാട്ടു’ ഗായകരില്‍ ഒരാളായ രാഹുല്‍ സിപ്ലിഗഞ്ച് ട്വീറ്റ് ചെയ്തത്,

നേരത്തെ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നാട്ടു നാട്ടു നേടിയിരുന്നു. ഇതേ വിഭാഗത്തില്‍ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും ഈ ഗാനത്തിന് ലഭിച്ചു. ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡില്‍ ‘മികച്ച വിദേശ ഭാഷാ ചിത്രം’ എന്ന പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ചന്ദ്രബോസിന്റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്ബടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.

95-ാമത് അക്കാദമി അവാര്‍ഡ് പുരസ്‌കാരങ്ങള്‍ക്കായുള്ള ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. രാജമൗലി ചിത്രം ആര്‍ആര്‍ആറിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള നോമിനേഷന്‍ ലഭിച്ചു. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് നോമിനേഷന്‍. ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന ഗുജറാത്തി ചിത്രം ദി ചെല്ലോ ഷോ അന്തിമപട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ ഇന്ത്യന്‍ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെന്ററികള്‍ ഇത്തവണത്തെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു.

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള നോമിനേഷനില്‍ നെറ്റ്ഫ്‌ലിക്‌സ് ചിത്രം ദി എലിഫന്റ് വിസ്പറേഴ്‌സ് ഇടം നേടി. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിമിനുള്ള നോമിനേഷനില്‍ ഓള്‍ ദാറ്റ് ബ്രീത്ത്‌സ് എന്ന ചിത്രവും ഇടംനേടി.

മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടിയ 10 ചിത്രങ്ങള്‍

ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്

അവതാര്‍ ദി വേ ഓഫ് വാട്ടര്‍

ദി ബാന്‍ഷസ് ഓഫ് ഇനിഷെറിന്‍

എല്‍വിസ്

എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്

ദി ഫാബിള്‍മാന്‍സ്

താര്‍

ടോപ്പ് ഗണ്‍ മാവെറിക്

ട്രയാംഗിള്‍ ഓഫ് സാഡ്‌നെസ്

വിമെന്‍ ടോക്കിംഗ്

മികച്ച സംവിധാനത്തിനുള്ള നോമിനേഷനുകള്‍

മാര്‍ട്ടിന്‍ മക്‌ഡൊണാ (ദി ബാന്‍ഷസ് ഓഫ് ഇനിഷെറിന്‍)

ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ സ്‌നെയ്‌നെര്‍ട്ട് (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

സ്റ്റീവന്‍ സ്പില്‍ബര്‍ഗ് (ദി ഫാബിള്‍മാന്‍സ്)

ടോഡ് ഫീല്‍ഡ് (താര്‍)

റൂബന്‍ ഓസ്റ്റ്‌ലന്‍ഡ് (ട്രയാംഗിള്‍ ഓഫ് സാഡ്‌നസ്)

മികച്ച നടി

കേറ്റ് ബ്ലാങ്കറ്റ് (താര്‍)

അന ഡി അര്‍മാസ് (ബ്ലോണ്ടെ)

ആന്‍ഡ്രിയ റൈസ്‌ബോറോ (റ്റു ലെസ്‌ലി)

മൈക്കള്‍ വില്യംസ് (ദി ഫാബിള്‍മാന്‍സ്)

മൈക്കള്‍ യോ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച നടന്‍

ഓസ്റ്റിന്‍ ബട്‌ലര്‍ (എല്‍വിസ്)

കോളിന്‍ ഫാറല്‍ (ദി ബാന്‍ഷസ് ഓഫ് ഇന്‍ഷെറിന്‍)

ബ്രെന്‍ഡന്‍ ഫ്രേസര്‍ (ദി വെയ്ല്‍)

പോള്‍ മസ്‌കല്‍ (ആഫ്റ്റര്‍സണ്‍), ബില്‍ നിഗി (ലിവിംഗ്)

അന്തര്‍ദേശീയ ചിത്രം

ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റഏണ്‍ ഫ്രണ്ട്

അര്‍ജന്റീന 1985, ക്ലോസ്

ഇഒ

ദി ക്വയറ്റ് ഗേള്‍

മുംബൈ: പ്രേക്ഷകരുടെ കാത്തിപ്പിനൊടുവില്‍ ഷാരൂഖ്-ദീപിക ചിത്രം പഠാന്‍ നാളെ തിയേറ്ററുകളില്‍. റിലീസിന് മുന്നേ തന്നെ വിവാദങ്ങളില്‍ നിറഞ്ഞ ചിത്രമായിരുന്നു പഠാന്‍. ചിത്രത്തിലെ ബെഷറം രംഗ് എന്ന ഗാനത്തില്‍ നായിക ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെ സംഘപരിവാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

ഗാനരംഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പടുത്തിയെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എത്തിയത്. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് ബിക്കിനി രംഗം കട്ട് ചെയ്യാതെ തന്നെ സിനിമയ്ക്ക് അനുമതി നല്‍കി. വേറെ 10 കട്ടുകള്‍ നിര്‍ദേശിച്ചതിന് ശേഷമാണ് അനുമതി നല്‍കിയത്.

ഷാരൂഖിന്റെയും ദീപികയുടെയും കോലം കത്തിച്ചും സിനിമാ പോസ്റ്ററുകള്‍ നശിപ്പിച്ചുമുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ബജ്‌റംഗ് ദളിന്റെ പുതിയ ഭീഷണി. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാനില്‍ ഷാരൂഖിനും ദീപികയ്ക്കുമൊപ്പം ജോണ്‍ എബ്രഹാമും അഭിനയിക്കുന്നുണ്ട്. റിലീസിന് മുന്നോടിയ തന്നെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ റെക്കോര്‍ഡിട്ട ചിത്രത്തിന് 20 കോടിലധികം രൂപയാണ് ലഭിച്ചത്. 100 കോടി രൂപക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്.

ആഗോള ബോക്‌സ് ഓഫീസില്‍ അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ചിത്രത്തിന്റെ വരുമാനം 16000 കോടിയിലേറെ കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. സ്പൈഡര്‍മാന്‍ നോ വേ ഹോമിനെ മറികടന്ന് ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അവതാര്‍ രണ്ടാം ഭാഗം.

യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര്‍ ദ ഫോഴ്സ് അവേക്കന്‍സ്, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങളെ അവതാര്‍ 2 മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാര്‍ ആദ്യഭാഗത്തിനാണ്. പതിമൂന്ന് വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല. ജയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക് ആണ് മൂന്നാം സ്ഥാനത്ത്.

കൊച്ചി: ലോ കോളേജിലെ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച നടി അപര്‍ണ ബാലമുരളി പ്രതികരണവുമായി രംഗത്ത്. തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി സംസാരിക്കവെയാണ് അപര്‍ണയുടെ പ്രതികരണം..

സംഭവത്തില്‍ ലോ കോളേജ് അധികൃതര്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തയാണെന്ന് നടി അറിയിച്ചു. ‘അന്ന് നടന്ന സംഭവം അപ്രതീക്ഷിതമായിരുന്നു. ഒരു ലോ കോളേജില്‍ നിന്ന് ഒരിക്കലും അത് പ്രതീക്ഷിച്ചില്ല. അവിടെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത്. പക്ഷെ നടന്നത് എന്താണെന്ന് വ്യക്തമായത് കൊണ്ട് അതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ലോ കോളേജിനറിയാം. അവര്‍ അത് ചെയ്തു. കൂടാതെ കോളേജിലെ എല്ലാം കുട്ടികളും മാപ്പ് പറഞ്ഞു. കോളേജിന്റെ നടപടിയെ ബഹുമാനത്തോടെ കാണുന്നു’- അപര്‍ണ പറഞ്ഞു

കൊച്ചി: കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാര്‍ഥികളെ പിന്തുണച്ച് നടന്‍ ഫഹദ് ഫാസില്‍ രംഗത്ത്. തങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് ഫഹദ് നിലപാട് വ്യക്തമാക്കിയത്. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ സിനിമാ മേഖലയില്‍നിന്ന് വലിയ പ്രതികരണങ്ങള്‍ ഉണ്ടായില്ലല്ലോ എന്ന ചോദ്യം വന്നപ്പോഴാണ് ഫഹദ് തന്റെ നിലപാട് അറിയിച്ചത്.

‘ഞാന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കണം. എല്ലാവരും ചര്‍ച്ച ചെയ്ത് ആ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കട്ടെ’- ഫഹദ് പറഞ്ഞു.

ജാതി വിവേചനം ഉള്‍പ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എടുത്ത നടപടികളുടെ പേരില്‍ വിദ്യാര്‍ഥികള്‍ സമരം കടുപ്പിച്ചതിനു പിന്നാലെ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. സര്‍ക്കാരും സിപിഎമ്മും ശങ്കര്‍ മോഹനെയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെയും സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായതിനെ പിന്നാലെയായിരുന്നു നടപടി.

മികച്ച നിരൂപക പ്രശംസ പിടച്ചുപ്പറ്റിയ ഋഷഭ് ഷെട്ടി ചിത്രം കാന്താര 400 കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്. ഇപ്പോഴിതാ, ‘കാന്താര 2’ അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകന്‍ വിജയ് കിരങ്ങണ്ടൂര്‍. ഇത് കാന്താരയുടെ തുടര്‍ച്ച അല്ലെന്നും പ്രീക്വല്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഡെഡ്ലൈനുമായുള്ള അഭിമുഖത്തിലാണ് കാന്താര 2-ന്റെ ജോലികള്‍ ഋഷഭ് ഷെട്ടി ആരംഭിച്ചുവെന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഗ്രാമവാസികളും ദൈവവും രാജാവും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരിക്കും കാന്താര 2. ഗ്രാമവാസികളെയും ചുറ്റുമുള്ള ഭൂമിയെയും സംരക്ഷിക്കാന്‍ രാജാവ് ദേവനുമായി ഒരു ഉടമ്ബടി ഉണ്ടാക്കിയിരുന്നു, പക്ഷേ കാര്യങ്ങള്‍ മറിച്ചായി. ഈ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധമാണ് സിനിമയുടെ കാതല്‍. ജൂണില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. ഷൂട്ടിംഗിന്റെ ഒരു ഭാഗത്തിന് മഴക്കാലം ആവശ്യമാണ്, അടുത്ത വര്‍ഷം ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ചെയ്യാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഋഷഭ് ഷെട്ടി കര്‍ണാടകയിലുള്ള തീരപ്രദേശങ്ങളിലെ വനങ്ങളില്‍ പോയിരിക്കുകയാണ്. നാടോടിക്കഥകളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ രണ്ട് മാസമായി അദ്ദേഹം വിശ്രമത്തിലാണ്. കാന്താര 2 വിന്റെ ബജറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ ആദ്യ ഭാഗത്തിന്റേതിന് സമാനമായ ശൈലിയും ആഖ്യാനവും ഛായാഗ്രഹണവും തന്നെയായിരിക്കും കാന്താര 2-നും’- വിജയ് കിരങ്ങണ്ടൂര്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ നായകനായ’മാളികപ്പുറം’ 50 കോടി ക്ലബ്ബില്‍. 2022 ഡിസംബര്‍ 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

ആഗോള തലത്തില്‍ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദന്‍ ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയ മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജനുവരി 26-ന് റിലീസ് ചെയ്യും.

ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരെക്കൂടാതെ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി.ജി. രവി, രഞ്ജി പണിക്കര്‍, മനോജ് കെ. ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

ഷാരൂഖ് ഖാന്‍ ചിത്രമായ പത്താന്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തിയ 33 കാരനെ അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. സണ്ണി ഷാ എന്ന തൗജിയാണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏതെങ്കിലും തിയറ്റര്‍ ഉടമ പഠാന്‍ പ്രദര്‍ശിക്കാന്‍ തീരുമാനിച്ചാല്‍ അവരുടെ തീയറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നായിരുന്നു ഭീഷണി.

പത്ര വാര്‍ത്തകളിലൂടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തെന്നും അഹമ്മദാബാദ് സൈബര്‍ പൊലീസ് പറഞ്ഞു. പ്രതിയുടെ ഭീഷണി വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ ഷാ വലതുപക്ഷ ഹിന്ദു സംഘടനയായ കര്‍ണി സേനയുടെ അംഗമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഭീഷണിക്ലിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പഠാനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.