കൊച്ചി: കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാര്‍ഥികളെ പിന്തുണച്ച് നടന്‍ ഫഹദ് ഫാസില്‍ രംഗത്ത്. തങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് ഫഹദ് നിലപാട് വ്യക്തമാക്കിയത്. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ സിനിമാ മേഖലയില്‍നിന്ന് വലിയ പ്രതികരണങ്ങള്‍ ഉണ്ടായില്ലല്ലോ എന്ന ചോദ്യം വന്നപ്പോഴാണ് ഫഹദ് തന്റെ നിലപാട് അറിയിച്ചത്.
‘ഞാന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കണം. എല്ലാവരും ചര്‍ച്ച ചെയ്ത് ആ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കട്ടെ’- ഫഹദ് പറഞ്ഞു.
ജാതി വിവേചനം ഉള്‍പ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എടുത്ത നടപടികളുടെ പേരില്‍ വിദ്യാര്‍ഥികള്‍ സമരം കടുപ്പിച്ചതിനു പിന്നാലെ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. സര്‍ക്കാരും സിപിഎമ്മും ശങ്കര്‍ മോഹനെയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെയും സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായതിനെ പിന്നാലെയായിരുന്നു നടപടി.

