ചരിത്ര നേട്ടവുമായി ആര്‍ആര്‍ആര്‍; അഭിനന്ദനങ്ങളുമായി ബോളിവുഡ് താരങ്ങള്‍

മുംബൈ: ഓസ്‌കാര്‍ നോമിനേഷനില്‍ ഇടം പിടിച്ച രാജമൗലി ചിത്രം ആര്‍ആര്‍ആറിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു പാട്ടിനാണ് ഒര്‍ജിനല്‍ സോങ്ങില്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചത്. നടന്‍ അര്‍ജുന്‍ കപൂര്‍, ചലച്ചിത്ര നിര്‍മ്മാതാവ് ഫര്‍ഹാന്‍ അക്തര്‍, തെന്നിന്ത്യന്‍ നടന്‍ ചിരഞ്ജീവി, ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച് എന്നിവരാണ് ചിത്രത്തിന് അഭിനന്ദവുമായി എത്തിയത്.

‘അവരുടെ നൃത്തവിപ്ലവം ലോകമെമ്ബാടും തീപോലെ പടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതിലും വലുതായി ഇനിയൊന്നും നേടാനില്ല’- അര്‍ജുന്‍ കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

‘നാട്ടു നാട്ടു’ മികച്ച ഒറിജിനല്‍ സോങ്ങില്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആവേശഭരിതനാണെന്നാണ് ഫര്‍ഹാന്‍ അക്തര്‍ കുറിച്ചത്.

‘സിനിമാറ്റിക് ഗ്ലോറിയുടെ നെറുകയില്‍ നിന്ന് ഒരു ചുവട് ! മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശത്തിന് ഹൃദ്യമായ അഭിനന്ദനങ്ങള്‍’ എന്നാണ് തെന്നിന്ത്യന്‍ താരം ചിരഞ്ജീവി ട്വീറ്റ് ചെയ്തത്.

‘നാട്ടു നാട്ടു’ ഗാനം ഓസ്‌കാറിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു, ടീമിന് അഭിനന്ദനങ്ങള്‍ എന്നാണ് ‘നാട്ടു നാട്ടു’ ഗായകരില്‍ ഒരാളായ രാഹുല്‍ സിപ്ലിഗഞ്ച് ട്വീറ്റ് ചെയ്തത്,

നേരത്തെ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നാട്ടു നാട്ടു നേടിയിരുന്നു. ഇതേ വിഭാഗത്തില്‍ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും ഈ ഗാനത്തിന് ലഭിച്ചു. ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡില്‍ ‘മികച്ച വിദേശ ഭാഷാ ചിത്രം’ എന്ന പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ചന്ദ്രബോസിന്റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്ബടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.