ബിസിനസ് രംഗത്തെ പിടിച്ചു കുലുക്കാൻ പുതിയ വെളിപ്പെടുത്തലുകളുമായി ഹിൻഡൻബർഗ്

ന്യൂഡൽഹി: ബിസിനസ് രംഗവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചാണ് ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് പറയുന്നത്. സ്‌ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചു വന്ന കമ്പനിയാണ് ബ്ലോക്ക്. രണ്ടു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഹിൻഡൻബർഗ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്.

ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വർധിപ്പിച്ചതെന്ന് ഹിൻഡൻബർഗ് ആരോപിച്ചു. അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ഹിൻഡൻബർഗി റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി എന്റർപ്രൈസസ് ഓഹരിവിപണിയിൽ വലിയ ഇടിവാണ് നേരിട്ടത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയത്. അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.