ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികം; ഗണേഷ് കുമാർ

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികമാണെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന സർക്കുലറാണിതെന്ന് അദ്ദേഹം അറിയിച്ചു.

നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ല. മന്ത്രിയെന്ന നിലയിൽ താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കുലർ പുറത്തിറക്കിയത് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണറാണ്.

ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിയെടുക്കണമെന്നായിരുന്നു സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.