നികുതി അടച്ചില്ല ;ഐ എം എ ക്കെതിരെ ജി എസ് ടി ഇന്റലിജൻസ്

കൊച്ചി : അംഗത്വത്തിന് വേണ്ടി ജി എസ് ടി വാങ്ങിയിട്ടും നികുതി അടയ്ക്കാത്ത ഐ എം എ യ്ക്കെതിരെ നടപടിയുമായി ജി എസ് ടി ഇന്റലിജൻസ്. ജി എസ് ടി രജിസ്ട്രേഷൻ എടുക്കുകയോ നികുതി അടയ്ക്കുകയോ ഇത് വരെ ചെയ്തിട്ടില്ലെന്നും എന്നാൽ അംഗങ്ങളിൽ നിന്നും 18 % ജി എസ് ടി വാങ്ങിയതിന് തെളിവുണ്ടെന്നും ഇന്റലിജൻസ് വ്യക്തമാക്കി. ഐ എം എ യുടെ കേരള ഘടകത്തിനെതിരെ ജി എസ് ടി ഇന്റലിജൻസിന്റെ കോഴിക്കോട് യൂണിറ്റാണ് രംഗത്ത് വന്നിരിക്കുന്നത്. നികുതിയിനത്തിൽ 50 കോടിയോളം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്.

ഐ എം എ യുടെ ചില സ്ഥാപനങ്ങൾ ചാരിറ്റബിൾ ആക്ട് പ്രകാരമുള്ളവയായതിനാൽ അവയ്ക്ക് നികുതി ഇല്ല. എന്നാൽ ഹോട്ടലും ബാർ ലൈസൻസും നികുതി ഈടാക്കേണ്ട പല ബിസിനസ്സും ഇവർ നടത്തുന്നുണ്ട്. അംഗത്വ ഫീസിനായി ഇറക്കിയ ബ്രോഷറിൽ 18 % ജി എസ് ടി കൃത്യമായി പറയുന്നുണ്ടെന്നത് ഐ എം എയ്ക്ക് അറിയാവുന്ന കാര്യമാണ്. ഇത് വരെ ഐ എം എ ജി എസ് ടി രജിസ്ട്രേഷൻ ചെയ്യാൻ പോലും കൂട്ടാക്കാത്ത സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ജി എസ് ടി ഇന്റലിജൻസ് വ്യക്തമാക്കി. ഇതിനെതിരെ ഐ എം എ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.