കൊച്ചി: വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അമല പോൾ. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്ന് അമലാ പോൾ വ്യക്തമാക്കി. സിനിമ പ്രമോഷന്റെ ഭാഗമായി കോളജിലെ ഒരു പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താരത്തിനെതിരെ വിമർശനവുമായി കാസയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.
താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ താൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് താൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടതെന്ന് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്ന് താരം അഭിപ്രായപ്പെട്ടു.
അതിൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. താൻ ധരിച്ചു വന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ തന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോൾ എടുത്ത രീതിയായിരിക്കാം അനുചിതമായത്. അതുതന്നെയാണ് തനിക്ക് വിദ്യർത്ഥികളോടും പറയാനുള്ളത്. നിങ്ങൾ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക, തനിക്ക് ഇഷ്ടമുള്ളതാണ് താൻ ധരിച്ചതെന്നും അമലാ പോൾ വിശദമാക്കി.

