സിമൻറ് വിപണിയിലെ മേധാവിത്വം ലക്ഷ്യം വച്ച് ഗുജറാത്തിലെ ഭീമൻ കമ്പനിയെ അദാനി ഏറ്റെടുത്തു

അഹമ്മദാബാദ് : ഗുജറാത്തിലെ പ്രധാനപ്പെട്ട സംഘി ഇൻഡസ്ട്രീസിനെ 5000 കോടി രൂപയ്ക്ക് മുഴുവനായി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. അദാനിയുടെ അംബുജ സിമെൻറ്സ് സംഘി ഇൻഡസ്ട്രീസിന്റെ ഓഹരി പങ്കാളിത്തത്തിന്റെ 56% മായ 14.66 കോടി ഓഹരികൾ ഏറ്റെടുക്കും. സംഘി ഇൻഡസ്ട്രീസ് ഏറ്റെടുത്തത് അംബുജ സിമെൻറ്സിന്റെ വളർച്ചയിലെ നാഴികക്കല്ലാകുമെന്ന് അദാനി പ്രതികരിച്ചു. സംഘി ഇൻഡസ്ട്രീസിന്റെ 26% ഓഹരികൾ 114.22 രൂപയ്ക്ക് സിമെന്റ് മേജർ ഓപ്പൺ ഓഫർ നൽകാനാണ് ഉദ്ദേശിക്കുന്നത്.

കമ്പനിയുടെ ബുധനാഴ്ചത്തെ ക്ലോസിങ് വിലയിൽ ഏതാണ്ട് 13% വർധനവാണിത്. 2022 ലായിരുന്നു അദാനി ഗ്രൂപ്പ് ഹോൾസിം ഗ്രൂപ്പിൽ നിന്ന് 6.5 ബില്യൺ ഡോളറിന് അംബുജ സിമന്റ്സ് ലിമിറ്റഡ്, എ സി സി ലിമിറ്റഡ് എന്നിവ ഏറ്റെടുത്തത്. ഇതിലൂടെ രാജ്യത്തെ രണ്ടാമത്തെ സിമെന്റ് നിർമാതാവായി അദാനി മാറി. സിമെന്റ് നിർമാണം ഇരട്ടിയാക്കി 140 ദശലക്ഷം ടണ്ണായി ഉയർത്താനാണ് അദാനി ഗ്രൂപ്പിപ്പോൾ ലക്ഷ്യമിടുന്നത്.