ചൈനീസ് ടെക്ക് കമ്പനികളിലെ നിക്ഷേപം വിലക്കി അമേരിക്ക

വാഷിംഗ്‌ടൺ: ചൈനീസ് ടെക് കമ്പനികളിൽ നിക്ഷേപത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കൻ ഭരണകൂടം. കമ്പ്യൂട്ടർ ചിപ്പുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നതിനാണ് വിലക്കേർപ്പെടുത്താൻ പോകുന്നത്. ഇവ കൂടാതെയുള്ള സാങ്കേതികവിദ്യ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധവുമാക്കിയിരിക്കുകയാണ് ബൈഡൻ സർക്കാർ. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍, മൈക്രോ ഇലക്ട്രോണിക്സ് എന്നിങ്ങനെയുള്ള മേഖലകളിലാണ് പ്രധാനമായും വിലക്കേർപ്പെടുത്തുന്നത്.

അമേരിക്കയുടെ ഈ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ചൈന. ഇത് ചൈനീസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അന്താരാഷ്ട്ര സാമ്പത്തിക വാണിജ്യ ക്രമത്തിന് വിരുദ്ധമാണെന്നും ചൈന വ്യക്തമാക്കി. സൈന്യം, നിരീക്ഷണം, രഹസ്യാന്വേഷണം എന്നീ മേഖലകളിൽ പ്രാധാന്യം നൽകിക്കൊണ്ട് സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്ന ചൈനയെ പോലുള്ള രാജ്യങ്ങളെ നേരിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നാണ് ബൈഡൻ പറഞ്ഞത്.