എൻഎസ്ഇ ‘നിരീക്ഷണ’ വിഭാ​ഗത്തിൽ നിന്ന് അദാനി എന്റർപ്രൈസസിനെ ഒഴിവാക്കി

മുംബൈ: ഹ്രസ്വകാല അഡീഷണൽ സർവലൈൻസ് മെഷറിൽ (എഎസ്എം) നിന്ന് അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിനെ ഒഴിവാക്കി. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് അദാനി എന്റർപ്രൈസസിനെ ഒഴിവാക്കിയത്. മാർച്ച് 8 ബുധനാഴ്ച മുതൽ അദാനി എന്റർപ്രൈസ്, ഈ ഫ്രെയിം വർക്കിൽ നിന്ന് ഒഴിവാകും. ശക്തമായ വില്പനസമ്മർദ്ദം നേരിട്ടതിനെ തുടർന്നാണ് ഒരു മാസം മുൻപ് മൂന്ന് അദാനി ഓഹരികളെ എഎസ്എമ്മിൽ ഉൾപ്പെടുത്തിയിരുന്നത്.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അദാനി ഓഹരികൾ നേരിട്ടത് വലിയ വില്പന സമ്മർദ്ദമായിരുന്നു. ലിസ്റ്റ് ചെയ്ത എല്ലാ അദാനി ഓഹരികൾക്കും കൂടി 50% ൽ അധികം വിപണി മൂല്യം നഷ്ടമായി. പിന്നീട് ഫെബ്രുവരി 3ന്, അദാനി എന്റർപ്രൈസസ്, അംബുജ സിമന്റ്‌സ്, അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ എന്നീ ഓഹരികളെ സർവൈലൻസ് ഫ്രെയിംവർക്കിൽ ഉൾപ്പെടുത്തി. അംബുജ സിമന്റ്‌സ്, അദാനി പോർട്‌സ് എന്നിവയെ ഫെബ്രുവരിയിൽ തന്നെ ഈ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ അദാനി എന്റർപ്രൈസസ് ഈ ഫ്രെയിംവർക്കിൽ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച അദാനി എന്റർപ്രൈസസിന്റെ ഓഹരിവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 66 ശതമാനം കഴിഞ്ഞ 5 വ്യാപാര സെഷനുകളിലായി അദാനി എന്റർപ്രൈസസ് ഉയർന്നിരുന്നു. തുടർന്നാണ് സർവൈലൻസ് ഫ്രെയിംവർക്കിൽ നിന്ന് അദാനി എന്റർപ്രൈസസിനെ ഒഴിവാക്കുന്നത്.

ഓഹരികളുടെ അസ്വാഭാവികമായ മൂവ്‌മെന്റിൽ നിന്നും റീടെയിൽ നിക്ഷേപകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് എഎസ്എം ഫ്രെയിംവർക്ക് നിലവിൽ വന്നത്. വിലയിൽ ഉണ്ടാവുന്ന അസ്വാഭാവികമായ വ്യതിയാനം, വോളിയത്തിലുണ്ടാവുന്ന വലിയ വ്യത്യാസങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കമ്പനികൾ എഎസ്എം ഫ്രെയിം വർക്കിൽ ഉൾപ്പെടാം. ഒരു ഓഹരി എഎസ്എമ്മിൽ ഉൾപ്പെട്ടാൽ, അത് നിക്ഷേപകർക്കുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് പരിഗണിക്കുന്നത്. ഓഹരിയിൽ അസ്വാഭാവികമായ ചലനങ്ങൾ ഉണ്ടാവുന്നു എന്നതിന്റെയും അനാവശ്യമായ ഊഹക്കച്ചവടങ്ങൾ ഒഴിവാക്കാൻ ചില നിയന്ത്രണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണിത്.